India
വർക്ക് ഫ്രം ഹോം അവസാനിച്ചു; മുഴുവൻ കേന്ദ്രസർക്കാർ ജീവനക്കാരും  ഇന്നുമുതൽ ഓഫീസിലേക്ക്
India

വർക്ക് ഫ്രം ഹോം അവസാനിച്ചു; മുഴുവൻ കേന്ദ്രസർക്കാർ ജീവനക്കാരും ഇന്നുമുതൽ ഓഫീസിലേക്ക്

Web Desk
|
7 Feb 2022 3:06 AM GMT

കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് വകുപ്പ് മേധാവികൾ ഉറപ്പുവരുത്തണം

കോവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞ സാഹചര്യത്തിൽ തിങ്കളാഴ്ച മുതൽ കേന്ദ്ര സർക്കാർ ഓഫീസുകളിൽ എല്ലാ ജീവനക്കാർക്കും ഹാജരാകുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. രാജ്യത്ത് കോവിഡ് രോഗത്തിന്റെ സാഹചര്യത്തെ കുറിച്ച് ഇന്നലെ അവലോകന യോഗം ചേർന്നിരുന്നു. രോഗികളുടെ എണ്ണത്തിലുണ്ടായ കുറവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലെ കുറവും കണക്കിലെടുത്താണ് വർക്ക് ഫ്രം ഹോം അടക്കമുള്ള ഇളവുകൾ അവസാനിപ്പിക്കാൻ തീരുമാനിച്ചത്.

കോവിഡ് കേസുകളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ജനുവരി മൂന്നിനാണ് അണ്ടർ സെക്രട്ടറി തലത്തിന് താഴെയുള്ള 50ശതമാനം ജീവനക്കാർക്കും ജനുവരി 31 വരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകി പേഴ്സണൽ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. ജീവനക്കാർക്കുള്ള വർക്ക് ഫ്രം ഹോം ക്രമീകരണം ഫെബ്രുവരി 15 വരെ നീട്ടുന്നതായി ജനുവരി 31 ന് സർക്കാർ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ പുതിയ സാഹചര്യത്തിൽ ഈ ഇളവുകൾ റദ്ദ് ചെയ്തുകൊണ്ട് എല്ലാ വിഭാഗങ്ങളിലെയും വകുപ്പ് മേധാവികൾ മുഖേനെ അറിയിപ്പ് നൽകിയിട്ടുണ്ട്.

ഒരു ജീവനക്കാരനും ഇനി വർക്ക് ഫ്രം ഹോം ഓപ്ഷൻ ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. എന്നാൽ ജീവക്കാർ മാസ്‌ക് ധരിക്കുന്നുണ്ടെന്ന് വകുപ്പ് മേധാവികൾ ഉറപ്പാക്കണമെന്നും കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി നിർദേശിച്ചു.

Similar Posts