India
അനുകൂലമായി വോട്ട് ചെയ്തില്ലെങ്കിൽ സ്ത്രീകൾക്ക് നൽകുന്ന ഫണ്ട് തിരിച്ചെടുക്കും; വിവാദ പരാമർശവുമായി എം.എൽ.എ
India

'അനുകൂലമായി വോട്ട് ചെയ്തില്ലെങ്കിൽ സ്ത്രീകൾക്ക് നൽകുന്ന ഫണ്ട് തിരിച്ചെടുക്കും'; വിവാദ പരാമർശവുമായി എം.എൽ.എ

Web Desk
|
14 Aug 2024 4:58 AM GMT

എൻ.ഡി.എയ്ക്ക് പിന്തുണ നൽകുന്ന സ്വതന്ത്ര എം.എൽ.എയുടേതാണ് പരാമർശം

മുംബൈ: വരാനിരിക്കുന്ന മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അനുകൂലമായി വോട്ട് ചെയ്തില്ലെങ്കിൽ സ്ത്രീകൾക്ക് വിതരണം ചെയ്തുവരുന്ന ഫണ്ട് തിരിച്ചെടുക്കുമെന്ന വിവാദ പ്രസ്താവനയുമാ‌യി സ്വതന്ത്ര എം.എൽ.എ. എൻ.ഡി.എയ്ക്ക് പിന്തുണ നൽകുന്ന സ്വതന്ത്ര എം.എൽ.എ രവി റാണയാണ് മഹാരാഷ്ട്ര സർക്കാരിൻ്റെ 'ലഡ്കി ബഹിൻ' പദ്ധതി പ്രകാരമുള്ള ഫണ്ടുകൾ തിരിച്ചെടുക്കുമെന്ന് പറഞ്ഞത്. റാണയുടെ പരാമർശത്തോട് പ്രതികരിച്ച കോൺഗ്രസും എൻ.സി.പിയും (എസ്‌.പി) പദ്ധതിയെ രാഷ്ട്രീയ പ്രേരിതമാണെന്ന് വിശേഷിപ്പിച്ചു.

സംസ്ഥാനത്തെ 21 മുതൽ 65 വയസുവരെയുള്ള യോഗ്യരായ സ്ത്രീകൾക്ക് പ്രതിമാസം 1,500 രൂപ നൽകുന്ന പദ്ധതിയാണ് 'മുഖ്യമന്ത്രി മജ്ഹി ലഡ്കി ബഹിൻ യോജന'. മഹായുതി സർക്കാരാണ് പദ്ധതി ആരംഭിച്ചത്.

'തെരഞ്ഞെടുപ്പിന് ശേഷം, പദ്ധതി പ്രകാരമുള്ള തുക 1,500 രൂപയിൽ നിന്ന് 3,000 രൂപയായി വർധിപ്പിക്കാൻ ഞാൻ ശ്രമിക്കും. ഞാൻ നിങ്ങളുടെ സഹോദരനാണ്. എന്നാൽ ഇപ്പോൾ നിങ്ങളുടെ അനുഗ്രഹം നൽകിയില്ലെങ്കിൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് നിലവിൽ നൽകിവരുന്ന 1500 രൂപ ഞാൻ തിരിച്ചെടുക്കും.' തിങ്കളാഴ്ച അമരാവതിയിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കവെ റാണ പറഞ്ഞു. താൻ പറഞ്ഞത് തമാശയാണെന്നും ആ സമയം സ്ത്രീകൾ ചിരിക്കുകയായിരുന്നെന്നും സംഭവം വിവാദമായതോടെ റാണ പ്രതികരിച്ചു. പ്രതിപക്ഷ നേതാക്കൾ അനാവശ്യമായി ഇതിനെച്ചൊല്ലി പ്രശ്നമുണ്ടാക്കുകയാണെന്നും റാണ കൂട്ടിച്ചേർത്തു.

റാണയുടെ ഭാര്യയും മുൻ എം.പിയുമായ നവനീത് റാണ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അമരാവതി പാർലമെൻ്റ് സീറ്റിൽ നിന്ന് ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

സഹോദരൻ തൻ്റെ സഹോദരിമാർക്ക് നൽകിയ സമ്മാനത്തെ ഒരിക്കലും തിരിച്ചെടുക്കാൻ കഴിയില്ലെന്നായിരുന്നു സംഭവത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പ്രതികരണം. മുമ്പത്തെ മഹാ വികാസ് അഘാഡി സർക്കാർ സ്ത്രീ ശാക്തീകരണത്തെ അവഗണിച്ചു. ഈ പദ്ധതിയെ വിമർശിക്കുന്നവർ അധികാരത്തിലിരുന്നപ്പോൾ സ്ത്രീകൾക്ക് വേണ്ടി ഒന്നും ചെയ്തില്ല. സഹോദരിമാരുടെ സ്നേഹം 1500 രൂപ കൊണ്ട് വാങ്ങാൻ കഴിയില്ലെന്നുമായിരുന്നു ഫ‍ഡ്നാവിസ് പറഞ്ഞത്.

ലഡ്‌കി ബഹിൻ പദ്ധതിയുടെ രാഷ്ട്രീയ ലക്ഷ്യം എടുത്തുകാണിക്കുന്നതാണ് രവി റാണയുടെ പരാമർശമെന്ന് സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവ് വിജയ് വഡെത്തിവാർ പറഞ്ഞു. പദ്ധതി പ്രകാരം വിതരണം ചെയ്യുന്ന പണം റാണയുടെയോ മുഖ്യമന്ത്രിയുടെയോ ഉപമുഖ്യമന്ത്രിമാരുടെയോ ആണോയെന്ന് അദ്ദേഹം ചോദിച്ചു. 'സ്ത്രീകൾക്കെതിരായ ഭീഷണി നടപ്പിലാക്കിയാൽ താൻ എന്തു ചെയ്യുമെന്ന് കണ്ടോളൂ' എന്നായിരുന്നു എൻ.സി.പി എം.പി സുപ്രിയ സുലെയുടെ പ്രതികരണം.

Related Tags :
Similar Posts