നോ പാർക്കിങ് സോണിൽ വണ്ടിയിട്ടു; പിഴയീടാക്കിയതിൽ പ്രകോപിതനായി സ്വന്തം ടെമ്പോ കത്തിച്ച് ഡ്രൈവർ
|സംഭവത്തിൽ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. മാർച്ചിലാണ് ഇയാൾ പുതിയ ടെമ്പോ വാങ്ങിയത്.
ലഖ്നൗ: നോ പാർക്കിങ് സോണിൽ പാർക്ക് ചെയ്തതിന് ട്രാഫിക് പൊലീസുകാർ പിഴ ചുമത്തിയതിനെ തുടർന്ന് പ്രകോപിതനായ ഡ്രൈവർ സ്വന്തം ടെമ്പോയ്ക്ക് തീവച്ചു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. പിഴയിട്ടതിനെചൊല്ലി പൊലീസുമായുണ്ടായ തർക്കത്തെ തുടർന്നാണ് ഡ്രൈവർ വാഹനത്തിന് തീവച്ചത്.
രക്ഷാബന്ധൻ പ്രമാണിച്ച് ഗതാഗതം സുഗമമാക്കാൻ വിവിധയിടങ്ങളിൽ പൊലീസുകാരെ വിന്യസിച്ചിരുന്നു. ഇതിനിടെ, പഹാസു- ഖുർജ റോഡിലെ നോ പാർക്കിങ് സോണിൽ ഒരു ടെമ്പോ പാർക്ക് ചെയ്തിരിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു.
തുടർന്ന് കരൂരി സ്റ്റേഷൻ ഇൻ ചാർജ് അനധികൃത പാർക്കിങ്ങിന് പിഴ ചുമത്തി. ഇതോടെ ഡ്രൈവർ വാഹനം മറ്റൊരിടത്തേക്ക് മാറ്റിയെങ്കിലും പിന്നീട് തിരികെയെത്തി അതിനു തീയിടുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. സംഭവസമയത്ത് ഇയാൾ മദ്യപിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
വാഹനത്തിൽ തീപടർന്ന ഉടൻതന്നെ പൊലീസ് അഗ്നിശമനസേനയെ വിവരം അറിയിച്ചു. അവർ സ്ഥലത്തെത്തി തീയണച്ചു. സംഭവത്തിൽ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. ടെമ്പോ കത്തുന്നതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മാർച്ചിലാണ് ഇയാൾ പുതിയ ടെമ്പോ വാങ്ങിയത്.
എന്നാൽ, പൊലീസാണ് തൻ്റെ ടെമ്പോ കത്തിച്ചതെന്നാണ് ഡ്രൈവറുടെ ആരോപണം. ഒരു കടയിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ റോഡരികിൽ വാഹനം നിർത്തിയപ്പോൾ ട്രാഫിക് പൊലീസ് പിഴ ചുമത്തിയതായി ഇയാൾ പറയുന്നു. പിഴയെ താൻ എതിർത്തു. പ്രതികാരമായി പൊലീസ് തൻ്റെ ടെമ്പോയ്ക്ക് തീയിടുകയായിരുന്നെന്നും ഡ്രൈവർ ആരോപിക്കുന്നു.