India
ഗുലാം നബി ആസാദ് ഭാവി തീരുമാനം ഇന്ന് പ്രഖ്യാപിച്ചേക്കും; എൻഡിഎയുടെ ഭാഗമാക്കാൻ ബിജെപി നീക്കം
India

ഗുലാം നബി ആസാദ് ഭാവി തീരുമാനം ഇന്ന് പ്രഖ്യാപിച്ചേക്കും; എൻഡിഎയുടെ ഭാഗമാക്കാൻ ബിജെപി നീക്കം

Web Desk
|
27 Aug 2022 12:48 AM GMT

നാല് പതിറ്റാണ്ടിലധികം നീണ്ട കോൺഗ്രസ് ബന്ധം ഇന്നലെയാണ് ഗുലാം നബി ആസാദ് അവസാനിപ്പിച്ചത്. ആസാദിന്റെ അടുത്ത നീക്കം എന്താണെന്നാണ് ദേശീയ രാഷ്ട്രീയത്തിലെ പ്രധാന ചർച്ച.

ന്യൂഡൽഹി: കോൺഗ്രസിൽനിന്ന് രാജിവെച്ച ഗുലാം നബി ആസാദ് ഭാവി പരിപാടികൾ ഇന്ന് പ്രഖ്യാപിച്ചേക്കും. പുതിയ പാർട്ടി രൂപീകരിക്കണമെന്നാണ് ഗുലാം നബി ആസാദിന്റെ അനുയായികളുടെ ആവശ്യം. ആസാദിനെ എൻഡിഎയുടെ ഭാഗമാക്കാനുള്ള നീക്കങ്ങൾ ബിജെപി ക്യാമ്പിലും നടക്കുന്നുണ്ട്.

നാല് പതിറ്റാണ്ടിലധികം നീണ്ട കോൺഗ്രസ് ബന്ധം ഇന്നലെയാണ് ഗുലാം നബി ആസാദ് അവസാനിപ്പിച്ചത്. ആസാദിന്റെ അടുത്ത നീക്കം എന്താണെന്നാണ് ദേശീയ രാഷ്ട്രീയത്തിലെ പ്രധാന ചർച്ച. ബിജെപി നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന അദ്ദേഹം ബിജെപിയിലേക്ക് പോകും എന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. തൽക്കാലം അത്തരത്തിലുള്ള നീക്കം ഇല്ലെന്നാണ് വിവരം. ജമ്മു കശ്മീർ കേന്ദ്രീകരിച്ച് പുതിയ പാർട്ടി രൂപീകരിക്കാൻ ആസാദ് ആലോചിക്കുന്നതായി സൂചനയുണ്ട്. ഇതിൽ കൃത്യമായ തീരുമാനം ഇന്ന് പ്രഖ്യാപിച്ചേക്കും. ജമ്മു കാശ്മീരിലെ കോൺഗ്രസിൽനിന്ന് കൂടുതൽ പേർ ആസാദിന് പിന്തുണയായി രാജിവെയ്ക്കും എന്നാണ് വിവരം. അഞ്ച് മുൻ കോൺഗ്രസ് എംഎൽഎമാർ ഇതിനോടകം പാർട്ടി അംഗത്വം രാജിവച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യം ബിജെപി വിലയിരുത്തുന്നുണ്ട്. പുതിയ പാർട്ടി ഉണ്ടാക്കിയാൽ ഒപ്പം കൂട്ടാനാണ് ബിജെപി നീക്കം.

ആസാദ് എൻഡിഎയുടെ ഭാഗമായാൽ ജമ്മു കശ്മീരിൽ മേൽകൈ നേടാമെന്ന് ബിജെപി കണക്ക് കൂട്ടുന്നു. അതേസമയം മുതിർന്ന നേതാക്കളുടെ തുടർച്ചയായ കൊഴിഞ്ഞുപോക്ക് കോൺഗ്രസ് ക്യാമ്പിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കപിൽ സിബൽ അടുത്തിടെയാണ് പാർട്ടിവിട്ടത്. ആനന്ദ് ശർമ, ശശി തരൂർ തുടങ്ങിയ നേതാക്കളും പാർട്ടിയുമായി നല്ല ബന്ധത്തിലല്ല.

Similar Posts