ജി20 ഉച്ചകോടിക്കു മുന്നോടിയായി നാഗ്പൂരിൽ പൊതുസ്ഥലത്ത് യാചന നിരോധിച്ച് കമ്മിഷണര്‍
|ഭിക്ഷാടകർ പൊതുശല്യമായി മാറിയിരിക്കുകയാണെന്ന് നാഗ്പൂർ സിറ്റി പൊലീസ് കമ്മിഷണർ അമിതേഷ് കുമാർ
നാഗ്പൂർ: ജി20 ഉച്ചകോടി മുന്നോടിയായി നാഗ്പൂരിൽ പൊതുസ്ഥലത്ത് യാചന നിരോധിച്ചു. സിറ്റി പൊലീസ് കമ്മിഷണർ അമിതേഷ് കുമാർ ആണ് ഇത്തരവിറക്കിയത്. വിലക്ക് ലംഘിച്ചാൽ ആറു മാസംവരെ ജയിൽശിക്ഷ അനുഭവിക്കേണ്ടിവരും.
ഇന്ത്യൻ ശിക്ഷാനിയമം 144 പ്രകാരമാണ് ട്രാഫിക് ജങ്ഷനിലും പൊതുസ്ഥലത്തും യാചന നിരോധിച്ചതെന്ന് 'ടൈംസ് ഓഫ് ഇന്ത്യ' റിപ്പോർട്ട് ചെയ്തു. ഇന്നലെ രാത്രിയോടെ പ്രാബല്യത്തിൽ വന്ന വിലക്ക് ഏപ്രിൽ 30 വരെ തുടരും. മാർച്ച് 19, 20 തിയതികളിലാണ് ജി20 ഉച്ചകോടിയുടെ ഭാഗമായ യോഗങ്ങൾ നടക്കുന്നത്.
എന്നാൽ, ജി20 ഉച്ചകോടി മാത്രം കണ്ടല്ല പുതിയ ഉത്തരവെന്ന് പൊലീസ് കമ്മിഷണർ അമിതേഷ് വ്യക്തമാക്കി. മറ്റ് അടിയന്തര വിഷയങ്ങൾ കൂടി കണക്കിലെടുത്താണ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു. പല യാചകരും നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഗതാഗതത്തെ തടസപ്പെടുത്തി പൊതുശല്യമായി മാറിയിരിക്കുകയാണ് ഭിക്ഷാടകരെന്നും കമ്മിഷണർ ആരോപിച്ചു. ഉത്തരവ് ലംഘിച്ചാൽ ഇന്ത്യൻ ശിക്ഷാനിയമം 188 പ്രകാരം ആറു മാസംവരെ ജയിൽശിക്ഷ അനുഭവിക്കേണ്ടിവരും.
ഭിക്ഷാടകരെ അവരുടെ വീട്ടിലേക്കോ, സർക്കാർ ഷെൽറ്ററുകളിലേക്കോ, മറ്റ് സന്നദ്ധ സംഘങ്ങളുടെ കേന്ദ്രങ്ങളിലേക്കോ മാറ്റാനായി നാഗ്പൂർ മുനിസിപ്പൽ കോർപറേഷൻ പ്രത്യേക പദ്ധതിയും ആസൂത്രണം ചെയ്യുന്നുണ്ട്. തെരുവിൽ അലയുന്ന യാചകരെ വീട്ടിലെത്തിക്കാൻ സഹായിക്കുമെന്ന് കമ്മിഷണർ അറിയിച്ചു.
നേരത്തെ, 144 പ്രകാരം ട്രാൻസ്‌ജെൻഡറുകൾക്കും അമിതേഷ് കുമാർ പൊതുസ്ഥലത്ത് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ട്രാഫിക് ജങ്ഷനുകൾ, പൊതുസ്ഥലം, വിവാഹചടങ്ങുകൾ അടക്കമുള്ള ഇടങ്ങളിൽ യാചന നടത്തുന്നത് വിലക്കിയായിരുന്നു ഉത്തരവ്. പിന്നീട് നിയമം ലഘൂകരിച്ചിരുന്നു. ക്ഷണമുണ്ടെങ്കിൽ ചടങ്ങുകളിൽ പങ്കെടുക്കാനാണ് പിന്നീട് അനുമതി നൽകിയത്.
Summary: Ahead of G20 meet, begging banned in Maharashtra's Nagpur