ജി 7 ഉച്ചകോടി; പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇറ്റലിയിലേക്ക്
|മൂന്നാം തവണയും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം മോദി പങ്കെടുക്കുന്ന ആദ്യ വിദേശ പരിപാടിയാണിത്.
ന്യൂഡല്‍ഹി: അന്‍പതാമത് ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇറ്റലിക്ക് തിരിക്കും. ഉച്ചകോടിയെ മറ്റന്നാള്‍ മോദി അഭിസംബോധന ചെയ്യും. മൂന്നാം തവണയും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം മോദി പങ്കെടുക്കുന്ന ആദ്യ വിദേശ പരിപാടിയാണിത്.
ഇന്ന് മുതൽ 15 വരെ ഇറ്റലിയിലെ അപുലിയയിലെ ബോർഗോ എഗ്നാസിയയിലാണ് ജി 7 ഉച്ചകോടി ചേരുക. യുക്രൈൻ പ്രശ്നവും ഇസ്രായേല്‍-ഗസ്സ യുദ്ധവും ഉച്ചകോടിയിൽ ചർച്ചയാകുമെന്നാണ് സൂചന.
യു.എസ് പ്രസിഡൻ്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവൽ മാക്രോൺ, ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവർ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
യുക്രൈൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കിയുടെ റഷ്യൻ അധിനിവേശത്തെക്കുറിച്ചുള്ള ഒരു സെഷനും ഉച്ചകോടിയിൽ ഉണ്ടാകും. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരടങ്ങുന്ന ഉന്നതതല സംഘവും പ്രധാനമന്ത്രി മോദിയെ അനുഗമിക്കും.
പ്രധാനമന്ത്രി മോദി തുടർച്ചയായി അഞ്ചാം തവണയാണ് ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. മുമ്പ് പത്ത് ജി7 ഉച്ചകോടികളിൽ ഇന്ത്യ പങ്കെടുത്തിട്ടുണ്ട്. ഇത് പതിനൊന്നാമത്തേതാണ്.