India
Gadkari rejects BJP MPs statement of changing the constitution
India

ഭൂരിപക്ഷം ലഭിച്ചാലും ഇല്ലെങ്കിലും ഭരണഘടനയിൽ മാറ്റംവരുത്തില്ല: നിതിൻ ഗഡ്കരി

Web Desk
|
16 March 2024 9:26 AM GMT

ബി.ജെ.പിക്ക് മൂന്നിൽരണ്ട് ഭൂരിപക്ഷം ലഭിച്ചാൽ ഭരണഘടനയിൽ മാറ്റം വരുത്തുമെന്ന് കർണാടകയിലെ ബി.ജെ.പി എം.പിയും മുൻ കേന്ദ്രമന്ത്രിയുമായ അനന്ത്കുമാർ ഹെഗ്‌ഡെ പറഞ്ഞിരുന്നു.

ന്യൂഡൽഹി: ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിച്ചാലും ഇല്ലെങ്കിലും ഭരണഘടനയിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 400 സീറ്റ് ലഭിച്ചാൽ ഭരണഘടനയിൽ മാറ്റം വരുത്തുമെന്ന് കർണാടകയിൽനിന്നുള്ള എം.പിയും ബി.ജെ.പി നേതാവുമായ അനന്ത്കുമാർ ഹെഗ്‌ഡെ പറഞ്ഞിരുന്നു. ഇത് തള്ളിക്കൊണ്ടാണ് നിതിൻ ഗഡ്കരി രംഗത്തെത്തിയത്.

ലോക്‌സഭയിൽ ഭൂരിപക്ഷം ലഭിച്ചാലും ഇല്ലെങ്കിലും ഭരണഘടനയിൽ മാറ്റം വരുത്താൻ ബി.ജെ.പി ഉദ്ദേശിക്കുന്നില്ല. അനന്ത്കുമാർ ഹെഗ്‌ഡെയുടെ പരാമർശം തീർത്തും തെറ്റാണ്. ഇത്തരം പരാമർശങ്ങൾ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുമെന്നും ഗഡ്കരി പറഞ്ഞു.

കോൺഗ്രസ് ഭരണകാലത്ത് ഹിന്ദുക്കളെ അടിച്ചമർത്താൻ ലക്ഷ്യമിട്ട് ഭരണഘടനയിൽ അനാവശ്യമായി ഭേദഗതി വരുത്തിയിട്ടുണ്ടെന്നും അതെല്ലാം മാറ്റിയെടുക്കണമെന്നും ഹെഗ്‌ഡെ പറഞ്ഞിരുന്നു. ഇതിന് ബി.ജെ.പിക്ക് ഇപ്പോഴുള്ള ഭൂരിപക്ഷം പോരാ. ഇതിനായി രാജ്യസഭയിലും മൂന്നിൽരണ്ട് ഭൂരിപക്ഷം വേണം. രാജ്യത്തെ മൂന്നിൽരണ്ട് സംസ്ഥാനങ്ങളിലും ബി.ജെ.പി ജയിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം.

ഹെഗ്‌ഡെയുടെ പരാമർശത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ബി.ജെ.പിയുടെ ഭരണഘടനാ വിരുദ്ധ നിലപാടിന് തെളിവാണ് ഹെഗ്‌ഡെയുടെ പരാമർശമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ പറഞ്ഞു.

ഇത് ആദ്യമായല്ല അനന്ത്കുമാർ ഹെഗ്‌ഡെ ഭരണഘടനാ വിരുദ്ധ പരാമർശം നടത്തുന്നത്. 2017ൽ കേന്ദ്ര നൈപുണ്യ വികസന മന്ത്രിയായിരിക്കെ അദ്ദേഹം സമാനമായ പ്രസ്താവന നടത്തിയിരുന്നു. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഹെഗ്‌ഡെക്ക് ബി.ജെ.പി സീറ്റ് നിഷേധിച്ചേക്കുമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Similar Posts