'നേതൃത്വത്തിൽ നിന്ന് മാറി മറ്റുള്ളവർക്ക് അവസരം കൊടുക്കണം': ഗാന്ധി കുടുംബത്തിനെതിരെ ആഞ്ഞടിച്ച് കപിൽ സിബൽ
|ജനങ്ങളുമായി ബന്ധമില്ലാത്തത് കൊണ്ടാണ് യുപിയിൽ 2.33 ശതമാനം വോട്ട് മാത്രം ലഭിച്ചത്. പാർട്ടിയുടെ തകർച്ചയെക്കുറിച്ച് 8 വർഷമായി നേതൃത്വത്തിനു ശ്രദ്ധയില്ല- കപില്‍ സിബല്‍ പറഞ്ഞു.
ഗാന്ധി കുടുംബത്തിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപിൽ സിബൽ. നേതൃത്വത്തിൽ നിന്ന് ഗാന്ധി കുടുംബം മാറി നിന്ന് മറ്റുള്ളവർക്ക് അവസരം നൽകണം. നിരവധി നേതാക്കൾ ഗാന്ധികുടുംബത്തിന് പുറത്തുണ്ടെന്നും ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ കപിൽ സിബൽ പറഞ്ഞു.
രാഹുൽ ഗാന്ധി പ്രസിഡന്റ് അല്ലെങ്കിലും എല്ലാകാര്യങ്ങളും തീരുമാനിക്കുന്നത് അദ്ദേഹമാണ്. പഞ്ചാബിൽ പോയി ഛന്നിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതും രാഹുൽ ഗാന്ധിയാണ്. പ്രസിഡന്റ് അല്ലാത്ത ഒരാൾക്ക് ഇത് എങ്ങനെ സാധിച്ചു? പ്രവർത്തക സമിതി യോഗ തീരുമാനം പ്രതീക്ഷിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് തുടർച്ചയായി തോൽവി ഏറ്റുവാങ്ങുന്നു. എം.എൽ.എമാർ വിട്ടുപോകുന്നു. ജനങ്ങളുമായി ബന്ധമില്ലാത്തത് കൊണ്ടാണ് യുപിയിൽ 2.33 ശതമാനം വോട്ട് മാത്രം ലഭിച്ചത്. പാർട്ടിയുടെ തകർച്ചയെക്കുറിച്ച് 8 വർഷമായി നേതൃത്വത്തിനു ശ്രദ്ധയില്ല. പ്രവർത്തക സമിതി അംഗങ്ങൾ നേതൃത്വത്തിന്റെ നോമിനികളാണ്. അവർ നേതൃത്വത്തെ പിന്തുണക്കുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശ്, പഞ്ചാബ്, മണിപ്പൂർ, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോൾ ദയനീയമായിരുന്നു കോൺഗ്രസിന്റെ പ്രകടനം. പഞ്ചാബിൽ ആം ആദ്മി പാർട്ടിയുടെ ഞെട്ടിപ്പിക്കുന്ന പ്രകടനത്തിൽ കോൺഗ്രസ് നിഷ്പ്രഭമായി. യു.പിയിൽ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന പ്രചാരണമേളങ്ങളെല്ലാം അപ്രസക്തമാക്കി ആകെയുണ്ടായിരുന്ന ഏഴ് സീറ്റിൽനിന്ന് രണ്ടായിച്ചുരുങ്ങി. ഗോവയിൽ തിരിച്ചുവരവ് പ്രതീക്ഷകളെല്ലാം അസ്ഥാനത്തായി. മണിപ്പൂരിലും ഉത്തരാഖണ്ഡിലും ഒരു തരത്തിലുമുള്ള ഓളമുണ്ടാക്കാനുമായില്ല.
അഞ്ച് സംസ്ഥാനങ്ങളിൽ നേരിട്ട ദയനീയ പരാജയത്തിന് പിന്നാലെ കോൺഗ്രസിലെ 'ഗ്രൂപ്പ് 23 നേതാക്കൾ യോഗം ചേരുന്നിരുന്നു. ഗുലാം നബി ആസാദിന്റെ വീട്ടിലാണ് യോഗം നടന്നിരുന്നത്. കപിൽ സിബൽ, ആനന്ദ് ശർമ്മ, മനീഷ് തിവാരി എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു.
Gandhis should step aside, give some other leader a chance: Kapil Sibal