India
gang helping to get high marks in neet exam was arrested in gujarat

പ്രതീകാത്മക ചിത്രം

India

നീറ്റ് പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങാൻ സഹായിക്കുന്ന സംഘം ഗുജറാത്തിൽ പിടിയിൽ

Web Desk
|
15 Jun 2024 3:24 AM GMT

തട്ടിപ്പ് നടത്താൻ വിദ്യാർഥികളിൽ നിന്ന് കൈക്കലാക്കിയത് 12 കോടിയോളം രൂപ

അഹമ്മദാബാദ്: നീറ്റ് പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങാൻ സഹായിക്കുന്ന സംഘം ഗുജറാത്തിൽ പിടിയിൽ. ഗോധ്രയിലെ ഒരു പരീക്ഷാകേന്ദ്രത്തിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് അഞ്ചുപേരാണ് പിടിയിലായത്. തട്ടിപ്പ് നടത്താൻ വിദ്യാർഥികളിൽ നിന്ന് കൈക്കലാക്കിയത് 12 കോടിയോളം രൂപ. ഉത്തരമറിയാത്ത ചോദ്യങ്ങൾ വിദ്യാർഥികൾ എഴുതാതെ വിടുകയും അവ പരീക്ഷാകേന്ദ്രത്തിലെ അധ്യാപകർ പൂരിപ്പിക്കുകയുമാണ് ചെയ്യുന്നത്

കഴിഞ്ഞ മാസം കലക്ടർക്ക് ലഭിച്ച അജ്ഞാതപരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘം കുടുങ്ങിയത്. വഡോദരയിൽ റോയ് ഓവർസീസ് എന്ന സ്ഥാപനം നടത്തിയിരുന്ന പരശുറാം റോയിയാണ് തട്ടിപ്പിന്റെ ആസൂത്രകൻ. ഗോധ്രയിലെ ജയ് ജലറാം സ്കൂളിലെ അധ്യാപകനായ തുഷാർ ഭട്ടാണ് ഉത്തരങ്ങൾ എഴുതിച്ചേർത്തത്. കഴിഞ്ഞ നീറ്റ് പരീക്ഷയുടെ കേന്ദ്രമായിരുന്ന സ്കൂളിലെ ഡെപ്യൂട്ടി സൂപ്രണ്ടായിരുന്നു ഭട്ട്. ആരിഫ് വോറ എന്നയാളാണ് ഇടനിലക്കാരനായി പ്രവർത്തിച്ചത്. തട്ടിപ്പ് നടത്താൻ വിദ്യാർഥികളിൽ നിന്ന് 12 കോടിലധികം രൂപ വാങ്ങിയെന്നാണ് പൊലീസ് റിപ്പോർട്ട്‌.

പണം നൽകിയ 26 വിദ്യാർഥികളുടെ വിവരങ്ങൾ വോറ വഴിയാണ് റോയ് ഭട്ടിന് കൈമാറിയത്. നാലുകുട്ടികളുടെ രക്ഷിതാക്കൾ 66 ലക്ഷം രൂപ വീതവും മൂന്നുപേർ ബ്ലാങ്ക് ചെക്കുകളും കൈമാറിയതായി ഗോധ്ര പോലീസ് കണ്ടെത്തി. ചോദ്യക്കടലാസ് ഉത്തരമെഴുതാതെ ഇടാനും ഏഴുലക്ഷംരൂപ മുൻകൂർതന്നാൽ താൻ പൂരിപ്പിച്ച് കൊടുക്കാമെന്നും തുഷാർ ഭട്ട് ഒരു വിദ്യാർഥിയോട് പറഞ്ഞെന്നായിരുന്നു പരാതി. ഭട്ടിന്റെ ഫോണിൽ നിന്ന് വിദ്യാർഥികളുടെ റോൾ നമ്പറുകൾ ലഭിച്ചു. കാറിൽനിന്ന് ഏഴുലക്ഷം രൂപയും കിട്ടി.

നീറ്റ് ഫലം വന്നപ്പോൾ സംസ്ഥാനത്ത് മുഴുവൻമാർക്കും കിട്ടിയ നാലുകുട്ടികളിൽ രണ്ടുപേർ ഈ പരീക്ഷാകേന്ദ്രത്തിൽ നിന്നായിരുന്നു. കൂടുതൽ പേർ സംഘത്തിലുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.

Similar Posts