ഗംഗ വൃത്തിയാക്കാന്‍ 2014 മുതല്‍ മോദി സർക്കാർ ചെലവിട്ടത് 13,000 കോടി!
|ഏറ്റവും കൂടുതൽ തുകയും ചെലവാക്കിയത് ഉത്തർപ്രദേശിലാണ്; 4,205 കോടി രൂപ
ന്യൂഡൽഹി: 2014ൽ മോദി സർക്കാർ അധികാരമേറ്റ ശേഷം ഗംഗ നദി ശുചീകരണത്തിനായി ചെലവിട്ടത് 13,000 കോടി രൂപ. എട്ടു വർഷത്തെ കണക്കാണ് കേന്ദ്ര സർക്കാർ പുറത്തുവിട്ടത്. നാഷനൽ മിഷൻ ഫോർ ക്ലീൻ ഗംഗ(എൻ.എം.സി.ജി) പദ്ധതിയുടെ ഭാഗമായാണ് ഇത്രയും തുക ചെലവിട്ടിരിക്കുന്നത്. ഇതിൽ ഭൂരിഭാഗവും ഉത്തർപ്രദേശിലാണ് ചെലവാക്കിയതെന്ന് 'ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്തു.
2014 ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഗംഗ ശുചീകരണം പ്രധാന വാഗ്ദാനമായാണ് നരേന്ദ്ര മോദി ഉയർത്തിയിരുന്നത്. മോദിയുടെ വരാണസിയിലൂടെ ഗംഗയുടെ വലിയൊരു ഭാഗം കടന്നുപോകുന്നുണ്ട്. അധികാരമേറ്റ ശേഷം വിവിധ വർഷങ്ങളിലായി കോടികൾ എൻ.എം.സി.ജിക്കായി വകയിരുത്തുകയും ചെലവിടുകയും ചെയ്തു. എന്നാൽ, ഇപ്പോഴും ഗംഗയുടെ സ്ഥിതിയിൽ ഒരു മാറ്റവുമില്ലെന്നാണ് റിപ്പോർട്ട്. നദിയിൽ ഇപ്പോഴും മാലിന്യം അടിഞ്ഞുകൂടിയിരിക്കുകയാണ്.
നാഷനൽ ഗംഗ കൗൺസിലിനാണ് എൻ.എം.സി.ജി പദ്ധതിയുടെ ഭാഗമായി ചെലവിട്ട തുകയുടെ വിശദമായ വിവരങ്ങൾ കേന്ദ്രം കൈമാറിയത്. എട്ടുവർഷത്തനിടെ കൃത്യമായി 13,709.72 കോടി രൂപയാണ് പദ്ധതിക്കായി സർക്കാർ വകയിരുത്തിയിരുന്നത്. ഇതിൽ, 13,046.81 കോടി രൂപ ചെലവിട്ടു. 2014-15 സാമ്പത്തിക വർഷം മുതൽ 2022 ഒക്ടോബർ 31 വരെയുള്ള കണക്കാണിത്.
4,205 കോടി രൂപയും ചെലവിട്ടത് ഉത്തർപ്രദേശിലാണ്. ബിഹാർ ആണ് രണ്ടാം സ്ഥാനത്ത്; 3,516 കോടി രൂപ. ബംഗാൾ(1,302 കോടി), ഡൽഹി(1,253), ഉത്തരാഖണ്ഡ്(1,117) എന്നിങ്ങനെയാണ് ആദ്യ അഞ്ചിലുള്ള മറ്റു പ്രദേശങ്ങൾ. ഗംഗ കടന്നുപോകുന്ന ജാർഖണ്ഡ്(250 കോടി), ഹരിയാന(89), രാജസ്ഥാൻ(71), ഹിമാചൽപ്രദേശ്(3.75), മധ്യപ്രദേശ്(9.89) എന്നീ സംസ്ഥാനങ്ങൾക്കും പദ്ധതി വിഹിതം ലഭിച്ചിട്ടുണ്ട്.
കൊൽക്കത്തയിൽ വച്ചാണ് ഗംഗ കൗൺസിൽ യോഗം ചേർന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ കോൺഫറൻസ് വഴി യോഗത്തിൽ പങ്കെടുത്തു.
Summary: The Modi government spent more than Rs 13,000 crore on cleaning the Ganga since 2014, with Uttar Pradesh receiving the largest outlay among states. The amount was allocated as part of the National Mission for Clean Ganga (NMCG)