ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ യുഎസിൽ കസ്റ്റഡിയിൽ; ഇന്ത്യക്ക് വിട്ടുനൽകിയേക്കും
|ലോറൻസ് ബിഷ്ണോയിയുടെ അറസ്റ്റിനു പിന്നാലെ ഗുണ്ടാസംഘത്തെ നിയന്ത്രിച്ചിരുന്ന അൻമോൽ കഴിഞ്ഞ വർഷമാണ് രാജ്യം വിട്ടത്.
മുംബൈ: കുപ്രസിദ്ധ അധോലോക നേതാവ് ലോറൻസ് ബിഷ്ണോയിയുടെ സഹോദരനും നിരവധി കേസുകളിൽ പ്രതിയുമായ അൻമോൽ ബിഷ്ണോയ് യുഎസിൽ പിടിയിലെന്ന് റിപ്പോർട്ട്. അൻമോൽ യുഎസിലെ കാലിഫോർണിയയിൽ പിടിയിലായെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇയാളെ ഇന്ത്യക്ക് വിട്ടുനൽകിയേക്കുമെന്നാണ് വിവരം.
നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ) രജിസ്റ്റർ ചെയ്ത രണ്ട് കേസും മറ്റ് 18 ക്രിമിനൽ കേസുകളുമാണ് അൻമോലിനെതിരെയുള്ളത്. പഞ്ചാബി ഗായകൻ സിദ്ധു മൂസെവാലയുടെ കൊലപാതകം, ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീടിനു നേരെയുള്ള വെടിവെപ്പ് എന്നിവയും ഇതിൽപ്പെടും. എൻസിപി നേതാവ് ബാബ സിദ്ധീഖിയുടെ കൊലപാതകത്തിന് പിന്നിലും അൻമോലിന് പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നു.
ലോറൻസ് ബിഷ്ണോയിയുടെ അറസ്റ്റിനു പിന്നാലെ ഗുണ്ടാസംഘത്തെ നിയന്ത്രിച്ചിരുന്ന അൻമോൽ കഴിഞ്ഞ വർഷമാണ് രാജ്യം വിട്ടത്. അൻമോലിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് പത്ത് ലക്ഷം രൂപ ഇനാം നൽകുമെന്നും എൻഐഎ പ്രഖ്യാപിച്ചിരുന്നു. വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് കാനഡയിലേക്കാണ് അൻമോൽ കടന്നത്. അവിടെനിന്ന് യുഎസിലേക്ക് പോയതാകാമെന്നാണ് കരുതുന്നത്. അൻമോലിനെ യുഎസിൽനിന്ന് തിരികെയെത്തിക്കാനായി മുംബൈ പൊലീസിലെ ക്രൈംബ്രാഞ്ച് യൂണിറ്റ് നടപടികൾ ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അൻമോൽ പിടിയിലായെന്ന റിപ്പോർട്ട് വരുന്നത്.
ബാബാ സിദ്ദീഖിയെ കൊലപ്പെടുത്തിയ ഷൂട്ടർമാരുമായി അൻമോൽ ആശയവിനിമയം നടത്തിയിരുന്നുവെന്നാണ് മുംബൈ പൊലീസ് പറയുന്നത്. ഏപ്രിലിൽ സൽമാൻ ഖാന്റെ വസതിക്കുനേരെ വെടിയുതിർത്തവർക്കും നിർദേശം നൽകിയത് അൻമോലാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇക്കഴിഞ്ഞ ജൂലൈയിൽ ഇയാൾക്കെതിരെ മുംബൈയിലെ പ്രത്യേക കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു.