'മാലിന്യം വീണ്ടും ചവറ്റുകുട്ടയിൽ'; നിതീഷിന്റെ രാജിയിൽ ലാലു യാദവിന്റെ മകൾ
|'പോകുന്നവർ പോകട്ടെ' എന്നായിരുന്നു നിതീഷിന്റെ രാജിയോട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പ്രതികരണം
ബിഹാർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നിതീഷ് കുമാർ രാജി വച്ചതിന് പിന്നാലെ വിഷയത്തിൽ പരോക്ഷ വിമർശനവുമായി ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകൾ രോഹിണി ആചാര്യ. മാലിന്യം വീണ്ടും ചവറ്റു കുട്ടയിൽ എന്നായിരുന്നു എക്‌സിൽ രോഹിണിയുടെ പോസ്റ്റ്.
നിതീഷ് രാജി വയ്ക്കുമെന്ന വാർത്തകളോടും ഇന്ന് രോഹിണി പ്രതികരിച്ചിരുന്നു. ശ്വാസം നിലയ്ക്കാത്ത കാലത്തോളം വർഗീയ ശക്തികളോട് പോരാടുമെന്നായിരുന്നു ഇന്ന് രാവിലെ രോഹിണി ട്വീറ്റ് ചെയ്തത്. 'പോകുന്നവർ പോകട്ടെ' എന്നായിരുന്നു നിതീഷിന്റെ രാജിയോട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പ്രതികരണം. വിഷയത്തിൽ രാഹുൽ ഗാന്ധി പ്രതികരിക്കാൻ തയ്യാറായില്ല.
ഇന്ന് രാവിലെ ജെഡിയു എംഎൽഎമാരുടെ യോഗത്തിലാണ് നിതീഷ് കുമാർ രാജി പ്രഖ്യാപിച്ചത്. രാജിക്കത്ത് ഗവർണർക്ക് കൈമാറി. ബിജെപിക്കൊപ്പം ചേർന്ന് രൂപവത്കരിക്കുന്ന സർക്കാറിൽ മുഖ്യമന്ത്രിയായി ഇന്ന് വൈകീട്ട് അഞ്ചോടെ നിതീഷ് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം.
243 അംഗങ്ങളുള്ള ബിഹാർ അസംബ്ലിയിൽ 79 എംഎൽഎമാരുള്ള ആർജെഡിയാണ് ഏറ്റവും വലിയ കക്ഷി. ബിജെപി 78, ജെഡിയു 45, കോൺഗ്രസ് 19, സിപിഐ (എംഎൽ) 12, ഹിന്ദുസ്ഥാനി അവാമി മോർച്ച (സെക്കുലർ) 4, സിപിഐ 2, സിപിഎം 2, എഐഎംഐഎം ഒന്ന് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സീറ്റ് നില. ഒരു സീറ്റിൽ സ്വതന്ത്രനാണ്.122 സീറ്റാണ് ഭരിക്കാൻ വേണ്ടത്. ബിജെപിയും ജെഡിയുവും ചേർന്നാൽ 123 സീറ്റാകും. ജെഡിയു പിൻമാറുന്നതോടെ നിലവിലെ മഹാഘട്ട്ബന്ധൻ മുന്നണിയിലെ സീറ്റ് നില 114 ആയി കുറയും.