ലുധിയാനയിലെ ഫാക്ടറിയിൽ വാതക ചോർച്ച; പതിനൊന്ന് മരണം
|അസ്വസ്ഥത അനുഭവപ്പെട്ട 10 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ലുധിയാന: പഞ്ചാബ് ലുധിയാനയിലെ ഫാക്ടറിയിലുണ്ടായ വാതക ചോർച്ച മൂലം പതിനൊന്ന് പേർ മരിച്ചു. അസ്വസ്ഥത അനുഭവപ്പെട്ട 10 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്. ഫാക്ടറി നിൽക്കുന്ന പ്രദേശം സീൽ ചെയ്തിരിക്കുകയാണ്.
അഗ്നിശമന സേന, ദേശീയ ദുരന്ത നിവാരണ സേന, ഡോക്ടർമാർ ഉള്‍പ്പടെയുള്ളവർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേത്യത്വത്തിൽ സംഭവ സ്ഥലത്ത് നിന്നും പ്രദേശവാസികളെ മാറ്റുന്നുണ്ട്. ആളുകളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാനുള്ള നിർദേശവും നൽകിയിട്ടുണ്ട്.
വാതക ചോർച്ചയുടെ ഉറവിടം വ്യക്തമല്ല. വാതക ചോർച്ചയെക്കുറിച്ച് എൻ.ഡി.ആർ.എഫ് സംഘം അന്വേഷിക്കും. സംഭവത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് പഞ്ചാബ് ആരോഗ്യമന്ത്രി ബൽബിർ സിംഗ് പറഞ്ഞു. ചികിത്സയിലുള്ളവർക്ക് 50000 രൂപയും നൽകും. അപകടത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.