മരുന്ന് നിര്‍മാണ കമ്പനിയിൽ വാതകച്ചോർച്ചയും തീപിടിത്തവും; നാല് പേർ കൊല്ലപ്പെട്ടു, ഒരാൾക്ക് ഗുരുതര പരിക്ക്
|വാതകചോർച്ച പരിഹരിക്കാൻ തൊഴിലാളികൾ ശ്രമിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്
വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ അനകപ്പള്ളിയിലുള്ള പരവാഡ ലോറസ് ഫാർമ ലാബ്‌സ് ലിമിറ്റഡ് കമ്പനിയിൽ വാതച്ചോർക്ക് പിന്നാലെയുണ്ടായ തീപിടിത്തത്തിൽ നാല് തൊഴിലാളികൾ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
പരിക്കേറ്റയാളെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് ഇൻസ്പെക്ടർ അറിയിച്ചു. തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് അപകടം നടന്നത്. അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. വാതകചോർച്ച പരിഹരിക്കാൻ തൊഴിലാളികൾ ശ്രമിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. അപകടം നടന്നയുടൻ ഫയർ ആൻഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
ഖമ്മം സ്വദേശി ബി രാംബാബു, ഗുണ്ടൂർ സ്വദേശി രാജേപ് ബാബു, കോട്ടപ്പാട് സ്വദേശി ആർ രാമകൃഷ്ണ, ചോടവാരം സ്വദേശി മജ്ജി വെങ്കട്ട റാവു എന്നിവരാണ് മരിച്ചത്. ഇതിൽ രണ്ടുപേർ കരാർ തൊഴിലാളികളും രണ്ടുപേർ സ്ഥിരം തൊഴിലാളിയുമാണ്. സതീഷ് എന്നയാൾക്കാണ് ഗുരുതരമായി പരിക്കേറ്റത്.
സംഭവത്തെക്കുറിച്ച് മന്ത്രി മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയെ അറിയിച്ചിട്ടുണ്ട്.മരിച്ച തൊഴിലാളികളുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി സംസ്ഥാന വ്യവസായ മന്ത്രി അമർനാഥ് പറഞ്ഞു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റൊരു തൊഴിലാളിക്ക് വൈദ്യസഹായം നൽകാൻ അമർനാഥ് മെഡിക്കൽ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.