വിളിക്കാത്ത കല്യാണത്തിനു പോയി ഭക്ഷണം തട്ടി; എം.ബി.എ വിദ്യാർത്ഥിയെക്കൊണ്ട് പാത്രം കഴുകിപ്പിച്ച് വീട്ടുകാർ
|മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം
ഭോപ്പാൽ: വിളിക്കാത്ത കല്യാണത്തിനു പോയി ഭക്ഷണം കഴിച്ചു രക്ഷപ്പെടുന്ന 'കല്യാണവീരന്മാരെ' പരിചയമുണ്ടാകും. അത്തരത്തിൽ പിടിക്കപ്പെടുന്നവരുമുണ്ടാകും. എന്നാൽ, കല്യാണ വീട്ടുകാർ പിടികൂടി പാത്രം കഴുകിപ്പിച്ച അനുഭവം എത്രപേർക്കുണ്ടാകും!
മധ്യപ്രദേശിൽനിന്നുള്ള ഇത്തരമൊരു വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ജബൽപൂരിൽ ഒരു വിവാഹചടങ്ങിനിടെയാണ് വിളിക്കാതെയെത്തിയ 'അതിഥി'യെ വീട്ടുകാർ പിടികൂടിയത്. ഭോപ്പാലിൽ എം.ബി.എയ്ക്കു പഠിക്കുന്ന വിദ്യാർത്ഥിയാണ് വിളിക്കാത്ത കല്യാണത്തിനെത്തി ഭക്ഷണം തട്ടിയത്.
എന്നാൽ, ഭക്ഷണം കഴിച്ചു മടങ്ങാനുള്ള നീക്കത്തിനിടെയാണ് വീട്ടുകാർ പിടികൂടിയത്. തുടർന്ന് ചോദ്യംചെയ്തപ്പോഴാണ് ക്ഷണമില്ലാതെ എത്തിയതാണെന്ന് വ്യക്തമായത്. തുടർന്ന് ഭക്ഷണപ്പുരയയിലേക്ക് കൊണ്ടുപോയി പാത്രങ്ങൾ കഴുകിപ്പിക്കുകയായിരുന്നു.
'എം.ബി.എയ്ക്ക് പഠിക്കുകയാണ്. എന്നിട്ടും രക്ഷിതാക്കൾ പണമൊന്നും അയച്ചുതരുന്നില്ലേ? നീ ജബൽപൂരിന് അപമാനമാണ്.''-വിഡിയോയിൽ ഒരാൾ വിദ്യാർത്ഥിയോട് പറയുന്നു. പാത്രമെല്ലാം കഴുകിക്കഴിഞ്ഞപ്പോൾ എങ്ങനെയുണ്ടെന്ന് ഒരാൾ ചോദിക്കുന്നുണ്ട്. 'സൗജന്യമായി ഭക്ഷണം കഴിച്ചതിനാൽ എന്തെങ്കിലുമൊക്കെ ചെയ്യേണ്ടേ, സാർ' എന്നായിരുന്നു വിദ്യാർത്ഥിയുടെ മറുപടി.
Summary: An MBA student forced to wash utensils at a wedding event in Madhya Pradesh as the punishment for gatecrashing the event