India
Gauri Lankesh murder accused get grand welcome from pro-Hindu groups
India

ഗൗരി ലങ്കേഷിന്റെ കൊലയാളികൾക്ക് വൻ സ്വീകരണമൊരുക്കി ശ്രീരാമ സേന

Web Desk
|
14 Oct 2024 2:52 AM GMT

മാധ്യമപ്രവർത്തകയായിരുന്ന ഗൗരി ലങ്കേഷ് 2017 സെപ്റ്റംബർ അഞ്ചിനാണ് കൊല്ലപ്പെട്ടത്.

ബെംഗളൂരു: മാധ്യമപ്രവർത്തകയായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലയാളികൾക്ക് വൻ സ്വീകരണമൊരുക്കി ശ്രീരാമസേന. പ്രതികളായ പരശുറാം വാഗ്മോർ, മനോഹർ യാദ്‌വെ എന്നിവർക്ക് ഒക്ടോബർ ഒമ്പതിനാണ് പ്രത്യേക കോടതി ജാമ്യം അനുവദിച്ചത്. ആറു വർഷമായി ജയിലിൽ കഴിയുന്ന ഇവർ ഒക്ടോബർ 11നാണ് ജയിലിൽനിന്ന് പുറത്തിറക്കിയത്.

ജന്മനഗരമായ വിജയപുരയിൽ തിരിച്ചെത്തിയ ഇവരെ മാലയും കാവി ഷാളും അണിയിച്ചാണ് ശ്രീരാമസേനാ പ്രവർത്തകർ സ്വീകരിച്ചത്. മുദ്രാവാക്യം മുഴക്കി പ്രകടനമായാണ് ശിവജി പ്രതിമയുടെ സമീപത്തേക്ക് ഇവരെ കൊണ്ടുപോയത്. പ്രതിമയിൽ മാല അണിയിച്ച ശേഷം ഇവർ കാളി ക്ഷേത്രത്തിൽ പ്രാർഥന നടത്തി.

കേസിലെ മറ്റു പ്രതികളായ അമോൽ കാലെ, രാജേഷ് ഡി ബംഗേര, വാസുദേവ് സൂര്യവൻഷി, റുഷികേഷ് ദേവദേകർ, ഗണേഷ് മിസ്‌കിൻ, അമിത് രാമചന്ദ്ര ബഡ്ഡി എന്നിവർക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു.

''ഇന്ന് വിജയദശമി, നമുക്ക് സുപ്രധാന ദിനം. ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറു വർഷമായി അന്യായമായി ജയിലിലടച്ച പരശുറാം വാഗ്മോറിനെയും മനോഹർ യാദ്വെയെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു. യഥാർഥ കുറ്റവാളികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല, എന്നാൽ ഇവരെ ലക്ഷ്യമിട്ടത് അവർ ഹിന്ദു സംഘടനയുമായി ചേർന്നു നിൽക്കുന്നവരാതുകൊണ്ടാണ്. അവരുടെ കുടുംബങ്ങൾ ഒരുപാട് കഷ്ടപ്പെട്ടു. ഈ അനീതിക്കെതിരെ ഗൗരവമുള്ള ആത്മപരിശോധന വേണം''- പരിപാടിയിൽ സംസാരിച്ച ശ്രീരാമ സേനാ നേതാവ് പറഞ്ഞു.

മാധ്യമപ്രവർത്തകയായിരുന്ന ഗൗരി ലങ്കേഷ് 2017 സെപ്റ്റംബർ അഞ്ചിനാണ് കൊല്ലപ്പെട്ടത്. സംഘപരിവാറിന്റെ കടുത്ത വിമർശകയായിരുന്ന ഗൗരിലങ്കേഷിനെ വീടിന് മുന്നിൽവെച്ചാണ് വെടിവെച്ചു കൊലപ്പെടുത്തിയത്. ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികളുടെ വിചാരണ വേഗത്തിലാക്കാൻ പ്രത്യേക കോടതി സ്ഥാപിക്കാൻ 2023 ഡിസംബറിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശിച്ചിരുന്നു.

Similar Posts