India
ഗൗരി ലങ്കേഷ് കൊലപാതകം: ആദ്യ ഘട്ട വിചാരണ ഇന്ന് അവസാനിക്കും
India

ഗൗരി ലങ്കേഷ് കൊലപാതകം: ആദ്യ ഘട്ട വിചാരണ ഇന്ന് അവസാനിക്കും

Web Desk
|
8 July 2022 1:22 AM GMT

ആറ് സാക്ഷികളും കോടതിയില്‍ മൊഴി നല്‍കി

ബെംഗളൂരു: ഗൗരി ലങ്കേഷ് കൊലപാതക കേസിലെ ആദ്യ ഘട്ട വിചാരണ ഇന്ന് അവസാനിക്കും. ആറ് സാക്ഷികളും കോടതിയില്‍ മൊഴി നല്‍കി. വിചാരണ നടക്കുന്ന ബെംഗളൂരു പ്രത്യേക കോടതിയിലാണ് മൊഴി നല്‍കിയത്.

കുറ്റപത്രത്തിലെ കണ്ടെത്തലുകള്‍ ശരിവയ്ക്കുന്നതാണ് കഴിഞ്ഞ നാല് ദിവസത്തെ സാക്ഷികളുടെ മൊഴി. പ്രതികളിലൊരാളായ കെ ടി നവീന്‍കുമാറിന്‍റെ സഹായി കൊലപാതകം നടക്കുന്നതിന് മുമ്പ് എയര്‍ഗണ്‍ വാങ്ങിയിരുന്നതായി മൈസൂരുവിലെ വ്യാപാരി സയിദ് സുബൈര്‍ കോടതിയില്‍ വ്യക്തമാക്കി. ഈ എയര്‍ഗണ്‍ പ്രതികള്‍ പരിശീലനത്തിന് ഉപയോഗിച്ചിരുന്നെന്ന് അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.

തീവ്രഹിന്ദുത്വ സംഘടനകളെ രൂക്ഷമായി വിമർശിച്ചുള്ള ഗൗരി ലങ്കേഷിന്റെ പ്രസ്താവനകൾ പ്രതികളെ പ്രകോപിപ്പിച്ചതായി പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നതിന് ഏതാനും ദിവസം മുൻപ് വീടിനു സമീപം ചിലരെ കണ്ടതായി സഹോദരി കവിതാ ലങ്കേഷ് കോടതിയിൽ മൊഴി നൽകിയിരുന്നു.

ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട് അ‍ഞ്ചു വര്‍ഷത്തിന് ശേഷമാണ് കേസിന്‍റെ വിചാരണ തുടങ്ങിയത്. 18 പേരെ പ്രതി ചേര്‍ത്ത് പ്രത്യേക അന്വേഷണ സംഘം 2018 നവംബര്‍ 23നാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മാസത്തിൽ അഞ്ച് ദിവസമാണ് കോടതി കേസ് പരിഗണിക്കുന്നത്.

Related Tags :
Similar Posts