India
കാവലിന് 2.4 ലക്ഷം സ്വയം നൽകണം, ഇൻറർനെറ്റോ ഫോണോ ഉപയോഗിക്കരുത്; ഗൗതം നവ്‌ലാഖയുടെ വീട്ടുതടങ്കൽ കർശന വ്യവസ്ഥകളോടെ
India

കാവലിന് 2.4 ലക്ഷം സ്വയം നൽകണം, ഇൻറർനെറ്റോ ഫോണോ ഉപയോഗിക്കരുത്; ഗൗതം നവ്‌ലാഖയുടെ വീട്ടുതടങ്കൽ കർശന വ്യവസ്ഥകളോടെ

Web Desk
|
10 Nov 2022 9:39 AM GMT

ജസ്‌ലോഖ് ആശുപത്രിയിൽ നവ്‌ലാഖ കിടന്നത് 'വലിയ ചെലവാ'ണുണ്ടാക്കിയതെന്ന്‌ എൻ.ഐ.എ

ന്യൂഡൽഹി: ഭീമകൊറേഗാവ് കേസിൽ തടവിൽ കഴിയുന്ന ഗൗതം നവ്‌ലാഖയെ വീട്ടുതടങ്കലിലേക്ക് മാറ്റാൻ സുപ്രിംകോടതി ഉത്തരവിട്ടത് കർശന വ്യവസ്ഥകളോടെ. വീട്ടിൽ പൊലീസ് ഉദ്യോഗസ്ഥർ കാവൽ നിൽക്കുന്നതിനും സിസിടിവി സ്ഥാപിക്കുന്നതിനുമായി 2.4 ലക്ഷം ഡെപ്പോസിറ്റ് ചെയ്യണണമെന്നതടക്കം നിരവധി നിബന്ധനകളാണ് കോടതി ഏർപ്പെടുത്തിയിരിക്കുന്നത്. വീട്ടുതടങ്കലിലേക്ക് മാറ്റണമെങ്കിൽ 70കാരനായ ഇദ്ദേഹം ഇത്രയും തുക അടയ്ക്കണമെന്ന കാര്യം അഭിഭാഷകൻ ചോദ്യം ചെയ്തിരുന്നു. എന്നാൽ നവ്‌ലാഖ ജസ്‌ലോഖ് ആശുപത്രിയിൽ കിടന്നത് 'വലിയ ചെലവാ'ണുണ്ടാക്കിയതെന്നായിരുന്നു എൻഐഎയുടെ മറുപടി. കേസിൽ നിരപരാധിയാണെന്ന് തെളിഞ്ഞാൽ കെട്ടിവെച്ച തുക തിരിച്ചുനൽകുമെന്നും കോടതി ഉത്തരവിൽ പറഞ്ഞു.

അസുഖത്തെ തുടർന്ന് ഒരു മാസത്തേക്കാണ് വീട്ടുതടങ്കൽ വീട്ടുതടങ്കലിലേക്കു മാറ്റുന്നത്. മൊബൈൽ, ലാപ്‌ടോപ് ഇൻറർനെറ്റ് എന്നിവ അനുവദിക്കില്ലെന്ന് കോടതി ഓർമിപ്പിച്ചു. പൊലീസ് ഉദ്യോഗസ്ഥൻ നൽകുന്ന മൊബൈൽ ദിവസത്തിൽ പത്തു മിനുട്ട് മാത്രം അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ഉപയോഗിക്കാമെന്ന് ഉത്തരവിൽ പറഞ്ഞു. ഗൗതം നവ്‌ലാഖയുടെ ജീവിത പങ്കാളിയ്ക്ക് കാൾ ചെയ്യാനും മെസേജ് അയക്കാനുമുള്ള സൗകര്യമുള്ള സാധാരണ മൊബൈൽ ഫോൺ ഉപയോഗിക്കാം. ഇൻറർനെറ്റ് ഉപയോഗിക്കുന്ന തരത്തിലുള്ളതാകരുതെന്നും കോടതി ഉത്തരവിട്ടു. എൻ.ഐ.എയ്ക്ക് മുൻകൂട്ടി പേര് നൽകുന്ന കുടുംബംഗങ്ങളെ കാണാൻ ആഴ്ചയിൽ സമയം അനുവദിക്കാമെന്നും അറിയിച്ചു.

നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ അനുഭവിക്കുന്ന സാഹചര്യത്തിലാണ് 70കാരനായ നവ്‌ലാഖയ്ക്ക് ജാമ്യം നൽകിയതെന്നും പറഞ്ഞു. എന്നാൽ സ്വകാര്യ ആശുപത്രി നൽകിയ ഇദ്ദേഹത്തിന്റെ മെഡിക്കൽ റിപ്പോർട്ടിൽ എൻ.ഐ.എ സംശയം പ്രകടിപ്പിച്ചത് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി. ജസ്‌ലോക്ക് ആശുപത്രിയിലെ ഡോക്ടർ നവ്‌ലാഖയുടെ ബന്ധുവാണെന്നും മറ്റൊരു ആശുപത്രിയിൽ പരിശോധന വേണമെന്നുമാണ് എൻഐഎ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ മുൻ വിധിയോടെയുള്ള വാദമാണിതെന്ന് കോടതി കുറ്റപ്പെടുത്തി.

2020 ഒക്‌ടോബറിൽ കുറ്റപത്രം രജിസ്റ്റർ ചെയ്തിട്ടും കേസിൽ വിചാരണ തുടങ്ങാത്തത് അലോസരപ്പെടുത്തുന്നതാണെന്ന് സുപ്രിംകോടതി ബുധനാഴ്ച പറഞ്ഞിരുന്നു. നവ്‌ലാഖയെ വീട്ടുതടങ്കലിലേക്ക് മാറ്റുമ്പോൾ എന്തൊക്കെ കാര്യങ്ങൾ വേണമെന്ന് എൻഐഎയോട് ബുധനാഴ്ച കോടതി ചോദിച്ചിരുന്നു. ഐഎസ്‌ഐയും കശ്മീരി തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി നേരത്തെ നവ്‌ലാഖയുടെ ഹരജിയെ എൻഐഎ എതിർത്തിരുന്നു. വീട്ടു തടങ്കലിൽ നവ്‌ലാഖയ്ക്ക് മെയിൽ പോലുള്ളവ അയക്കാൻ കഴിയുമെന്നും കുറ്റപ്പെടുത്തിയിരുന്നു.

കേസിൽ കുറ്റപത്രം കൃത്യ സമയത്ത് സമർപ്പിക്കാത്തത് ചൂണ്ടിക്കാട്ടി നവ്ലാഖ നേരത്തെ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി ജാമ്യം അനുവദിച്ചിരുന്നില്ല. 2020 ഏപ്രിൽ 14 നാണു നവ്ലാഖ എൻ.ഐ.എക്കു മുൻപാകെ കീഴടങ്ങിയത്.

എൽഗാർ പരിഷത്ത് കേസ്

മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവിൽ 2017 ഡിസംബർ 31ന് മറാത്തക്കാരും ദളിത് വിഭാഗങ്ങളും തമ്മിലുള്ള സംഘർഷത്തിന് മുമ്പത്തെ ദിവസമായിരുന്നു എൽഗാർ പരിഷത്ത് സമ്മേളനം. സംഘർഷം ആസൂത്രണം ചെയ്തു എന്ന കുറ്റത്തിന് 16 പേരെയാണ് അറസ്റ്റു ചെയതത്. 2020 ജനുവരിയിലാണ് കേസ് എൻഐഎക്ക് കൈമാറിയത്. കേസിലെ വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല.എൽഗാർ പരിഷത്ത്/ ഭീമ കൊറേഗാവ് കേസിലെ എല്ലാ പ്രതികൾക്കും നിരോധിത സംഘടനയായ സിപിഐ(മാവോയിസ്റ്റ്)യുമായി ബന്ധമുണ്ടെന്നാണ് എഎൻഐയുടെ ആരോപണം. സ്റ്റാൻ സ്വാമി, സാമൂഹിക പ്രവർത്തക സുധ ഭരദ്വാജ്, അഭിഭാഷകൻ സുരേന്ദ്ര ഗാഡ്ലിങ്, ഡൽഹി യൂണിവേഴ്സിറ്റി പ്രൊഫസർ ഹാനി ബാബു, തെലുങ്ക് കവി വരവര റാവു, മനുഷ്യാവകാശ പ്രവർത്തകൻ അരുൺ ഫെറീറ, അക്കാദമീഷ്യൽ ആനന്ദ് തെൽതുംബ്‌ഡെ,മലയാളിയായ റോണ വിൽസൺ, ഷോമ സെൻ തുടങ്ങിയവരാണ് അറസ്റ്റിലായിരുന്നത്.



Gautam Navlakha is under house arrest under strict conditions

Similar Posts