ബിപിൻ റാവത്തിന് വിട; മൃതദേഹം ഇന്ന് ഡല്‍ഹിയിലെത്തിക്കും
|കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇന്ന് പാർലമെന്‍റിൽ ഔദ്യോഗിക വിശദീകരണം നൽകും.
അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്‍റെയും ഭാര്യ മധുലിത റാവത്തിന്‍റെയും ഭൌതിക ശരീരം ഇന്ന് ഡൽഹിയിലെത്തിക്കും. കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇന്ന് പാർലമെന്‍റിൽ ഔദ്യോഗിക വിശദീകരണം നൽകും.
നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകുന്നേരത്തോടെ വ്യോമസേനയുടെ വിമാനത്തിലാണ് മൃതദേഹം ഡൽഹിയിലെത്തിക്കുക. നാളെ ഔദ്യോഗിക വസതിയിൽ രാവിലെ 11 മണി മുതൽ 2 മണി വരെ പൊതുദർശനത്തിന് വെക്കും. കാമരാജ് മാർഗിൽ നിന്നും വിലാപയാത്രയായി മൃതദേഹം ഡൽഹി കന്‍റോണ്‍മെന്‍റിലെത്തിക്കും. ബ്രോർ സ്ക്വയറിൽ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാര ചടങ്ങുകൾ. ജനറൽ ബിപിൻ റാവത്തിനൊപ്പം അപകടത്തിൽ മരിച്ച സൈനികരുടെ മൃതദേഹങ്ങൾ കുടുംബത്തിന് വിട്ടു നൽകും.
ഇന്നലെ ഉച്ചയോടെ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിന്‍റെ കാരണം വ്യോമസേന ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വ്യോമസേനയുടെ അന്വേഷണ റിപ്പോർട്ട് കൂടി ലഭിച്ച ശേഷമാകും ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം. ഇന്ന് ഉച്ചക്ക് 12 മണിക്ക് പ്രതിരോധമന്ത്രി പാർലമെന്‍റിൽ ഔദ്യോഗിക വിശദീകരണം നൽകും. വ്യോമസേന മേധാവി വിവേക് റാം ചൌധരി കൂനൂരിലെ സംഭവ സ്ഥലം സന്ദർശിക്കും.