ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് പൊതുപരീക്ഷ; ഡൽഹി സർവകലാശാല തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം
|അക്കാദമിക് കൗൺസിൽ തീരുമാനത്തിന് എക്സിക്യൂട്ടിവ് കൗൺസിലിന്‍റെ അനുമതി നൽകിയതാണ് പ്രതിഷേധത്തിന് കാരണം
ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് പൊതുപരീക്ഷ നടത്താനുള്ള ഡൽഹി സർവകലാശാല തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം. വിദ്യാർഥികളും അധ്യാപകരും എതിർപ്പുമായി രംഗത്തെത്തി. അക്കാദമിക് കൗൺസിൽ തീരുമാനത്തിന് എക്സിക്യൂട്ടിവ് കൗൺസിലിന്‍റെ അനുമതി നൽകിയതാണ് പ്രതിഷേധത്തിന് കാരണം.
വിവിധ ബോർഡുകൾക്ക് കീഴിലെ 12ാം ക്ലാസ് പൊതുപരീക്ഷ മാർക്കിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ വർഷം വരെ ഡൽഹി സർവകലാശാലയിൽ ബിരുദത്തിന് പ്രവേശനം നൽകിയിരുന്നത്. എന്നാൽ ഇത്തവണ കേരള ബോർഡിന് കീഴിൽ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് പ്രവേശനത്തിൽ മുൻതൂക്കം ലഭിക്കുന്നു എന്ന് പരാതിയുമായി സംഘ്പരിവാർ സംഘടനകൾ രംഗത്ത് എത്തി. മാർക്ക് ജിഹാദ് ആരോപണം ഉന്നയിച്ച സർവകലാശാലയിലെ പ്രൊഫസർക്കെതിരെ വലിയ പ്രതിഷേധവും ഉയർന്നിരുന്നു.
ഇതോടെ വൈസ് ചാൻസലർ യോഗേഷ് സിങ് ഒമ്പതംഗ വിദഗ്ധ സമിതിയെ പ്രവേശന നടപടികൾ പഠിക്കാൻ നിയോഗിക്കുകയായിരുന്നു. ഈ സമിതി പൊതുപ്രവേശന പരീക്ഷ നടത്തണമെന്ന് സർവകലാശാലക്ക് ശിപാർശ നൽകുകയുമാണ് ഉണ്ടായത്. തുടർന്ന് കട്ട് ഓഫ് മാർക്കിന് പകരം പൊതു പ്രവേശന പരീക്ഷ നടത്താനുള്ള നിർദേശം എക്സിക്യൂട്ടീവ് കൌൺസിലും അംഗീകരിച്ചു. സർവകലാശാല തീരുമാനത്തെ അംഗീകരിക്കാൻ സാധിക്കില്ലെന്ന് എസ്.എഫ്.ഐ പറഞ്ഞു.
പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട് ആവശ്യമായ പാഠനങ്ങൾ നടത്താതെ ഏകപക്ഷിയമായ ഇത്തരമൊരു തീരുമാനം എടുത്തതെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് പറഞ്ഞു. അടുത്ത അധ്യയന വർഷം മുതലാകും പ്രവേശനം പൊതുപരീക്ഷ മാർക്കിന്റെ അടിസ്ഥാനത്തിൽ നടത്തുക. അതിനിടെ കേരളത്തിൽ നിന്നും ഒ.ബി.സി വിഭാഗത്തിലെ കൂടുതൽ വിദ്യാർഥികൾ പ്രവേശനം നേടുന്നുവെന്ന സർവകലാശാല കമ്മിറ്റിയുടെ പഠന റിപ്പോർട്ട് വിവാദമായി.