'എന്തിന് നിങ്ങൾ മണിപ്പൂരിൽ ക്രൈസ്തവരെ കൊന്നു?, കടക്കുപുറത്ത്'; തമിഴ്നാട്ടിൽ കന്യാമറിയത്തിന് മാലയിടാൻ ചെന്ന ബിജെപി നേതാവിനെ തടഞ്ഞ് വിശ്വാസികൾ
|മണിപ്പൂരിൽ കൊല്ലപ്പെട്ട ക്രിസ്ത്യാനികളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു എന്ന് അവകാശപ്പെട്ടാണ് അണ്ണാമലൈ ചർച്ചിലെത്തിയത്.
ചെന്നൈ: തമിഴ്നാട്ടിൽ ക്രിസ്ത്യൻ പള്ളിയിൽ കന്യാമറിയത്തിന്റെ രൂപത്തിൽ മാലയിടാൻ ചെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയെ തടഞ്ഞ് വിശ്വാസികൾ. ധർമപുരി പാപ്പിറെഡ്ഡിപ്പട്ടിയിലെ പ്രസിദ്ധമായ ഔവർ ലേഡി ഓഫ് ലൂർദ് ദേവാലയത്തിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ മണിപ്പൂരിലെ സംഘർഷം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിനെ ചോദ്യം ചെയ്തായിരുന്നു പ്രതിഷേധക്കാർ അണ്ണാമലൈയെ തടഞ്ഞത്. ബിജെപി പുറത്തുപോവുക എന്ന മുദ്രാവാക്യവും അവർ ഉയർത്തി.
മണിപ്പൂരിലെ വംശീയ അതിക്രമത്തിൽ കൊല്ലപ്പെട്ട ക്രിസ്ത്യാനികളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു എന്ന് അവകാശപ്പെട്ടാണ് ബിജെപി നേതാവ് ചർച്ചിലെത്തിയത്. പാപ്പിറെഡ്ഡിപ്പട്ടി ഗ്രാമത്തിൽ അണ്ണാമലൈയുടെ എൻ മൻ, എൻ മക്കൾ യാത്ര എത്തിയപ്പോഴായിരുന്നു സംഭവം. എന്നാൽ മണിപ്പൂർ സംഘർഷത്തിലെ ബിജെപി നിലപാടും ചർച്ചുകൾക്കും ക്രൈസ്തവർക്കുമെതിരായ ആക്രമണവും ചൂണ്ടിക്കാട്ടി വിശ്വാസികൾ അണ്ണാമലൈയ്ക്കും സംഘത്തിനുമെതിരെ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
“ഞങ്ങളെപ്പോലുള്ള ക്രിസ്ത്യാനികൾ മണിപ്പൂരിൽ കൊല്ലപ്പെട്ടു. അവർ ഞങ്ങളുടെ ആളുകളെ കൊന്നു. അവർ ഞങ്ങളുടെ പള്ളികൾ നശിപ്പിച്ചു. ഇത് ഞങ്ങളുടെ പുണ്യഭൂമിയാണ്. നിങ്ങൾക്ക് ഈ രൂപത്തിൽ മാലയിടാൻ കഴിയില്ല“- പ്രതിഷേധക്കാർ പറഞ്ഞു. “നിങ്ങൾ എന്തിനാണ് ഞങ്ങളുടെ ക്രിസ്ത്യൻ ജനതയെ കൊന്നത്?”- എന്നും നിരവധി പ്രതിഷേധക്കാർ ചോദിച്ചു.
എന്നാൽ, മണിപ്പൂരിലെ ക്രിസ്ത്യാനികളുടെ പ്രശ്‌നമല്ല ഇതെന്നായിരുന്നു അണ്ണാമലൈയുടെ പ്രതികരണം. അത് രണ്ട് ആദിവാസി സമൂഹങ്ങൾക്കിടയിലെ പ്രശ്നമാണെന്നും ഒരു സമുദായം മറ്റൊന്നിന് പട്ടികവർഗ പദവി ലഭിക്കുന്നതിന് എതിരാണെന്നും അണ്ണാമലൈ അവകാശപ്പെട്ടു. അവർക്ക് എസ്ടി പദവി നൽകാമെന്ന് ഹൈക്കോടതി പറഞ്ഞു. ആരാണ് മതം വച്ച് രാഷ്ട്രീയം ചെയ്യുന്നതെന്ന് നിങ്ങൾ മനസിലാക്കണമെന്നും ബിജെപി നേതാവ് പ്രതിഷേധക്കാരോട് പറഞ്ഞു.
പ്രതിഷേധക്കാർ തർക്കം തുടർന്നപ്പോൾ, ഡിഎംകെക്കാരെപ്പോലെ സംസാരിക്കരുത് എന്ന് അണ്ണാമലൈ പറഞ്ഞത് വിശ്വാസികളെ ചൊടിപ്പിച്ചു. തങ്ങൾ ഡിഎംകെയുടെ ഭാഗമല്ലെന്ന് അവർ മറുപടി നൽകി. ഇതോടെ പ്രകോപിതനായ ബിജെപി നേതാവ്, “എല്ലാവർക്കും ഇവിടെ വരാൻ അവകാശമുണ്ട്. എന്നെ തടയാൻ നിങ്ങൾക്കെന്തവകാശം? പള്ളി നിങ്ങളുടെ പേരിലാണോ? ഞാൻ ഇവിടെ 10,000 പേരെ ധർണയ്ക്ക് കൊണ്ടുവന്നാൽ നിങ്ങൾ എന്തു ചെയ്യും?- എന്ന് ചോദിച്ച് വിശ്വാസികളോട് പൊട്ടിത്തെറിച്ചു.
എന്നാൽ, മണിപ്പൂരിൽ അധികാരത്തിലിരിക്കുന്നത് ബിജെപിയാണെന്നും ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നതും ചർച്ചുകൾ തകർക്കുന്നതും തടയാൻ അവർ ഒന്നും ചെയ്തില്ലെന്നും യുവാക്കൾ മറുപടി നൽകി. ഒടുവിൽ, രൂക്ഷമായ വാക്കേറ്റത്തിന് ശേഷം പിരിഞ്ഞുപോകാൻ പൊലീസ് സമരക്കാരെ നിർബന്ധിക്കുകയും അണ്ണാമലൈയ്ക്ക് മാല ചാർത്താൻ സൗകര്യമുണ്ടാക്കുകയും ചെയ്തു. ഈ സമയവും അണ്ണാമലൈയ്ക്കും ബിജെപിക്കുമെതിരെ മുദ്രാവാക്യം ഉയർന്നു.
2023 ജൂലൈ 28ന് രാമേശ്വരത്ത് നിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. സംസ്ഥാന അധ്യക്ഷനായ അണ്ണാമലൈ നയിക്കുന്ന യാത്രയ്ക്ക് നേരെ ഇത്തരമൊരു പ്രതിഷേധം ഉണ്ടായത് ബിജെപിക്ക് കനത്ത തിരിച്ചടിയാണ്. ധർമപുരി ജില്ലയിലെ ക്രിസ്ത്യാനികൾ പവിത്രമായി കരുതുന്ന ദേവാലയമാണ് ഔവർ ലേഡി ഓഫ് ലൂർദ് ചർച്ച്. ഔവർ ലേഡി ഓഫ് മൗണ്ട് കാർമൽ പള്ളിയുടെ ഭാഗമാണ് കുന്നിൻ മുകളിലെ ദേവാലയം.
മണിപ്പൂരിൽ മെയ് മൂന്നിന് വംശീയാതിക്രമം തുടങ്ങിയ ശേഷം 357 പള്ളികൾ നശിപ്പിക്കപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ. 130ലധികം പേര്‍ക്ക് ജീവൻ നഷ്ടമായി. 3000ത്തിലധികം പേർക്ക് പരിക്കേൽക്കുകയും 30,000ലേറെ പേർ പലായനം ചെയ്യുകയും ചെയ്തിരുന്നു.