'കുതിരപ്പന്തയത്തിൽ പങ്കെടുക്കാൻ കിട്ടിയത് കഴുതയെ'; രാഹുലിനെ പരിഹസിച്ച് കേന്ദ്രമന്ത്രി
|'കോടതിയുടെ നടപടിക്കെതിരെ കോൺഗ്രസ് കോടതിയിലാണ് പോരാടേണ്ടത്'
ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയതിൽ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി. ഔചിത്യം, രാഷ്ട്രീയ വ്യവഹാരം, നിയമവ്യവസ്ഥ എന്നിവയിൽ കോൺഗ്രസ് അടിയന്തരമായി ആത്മപരിശോധന നടത്താനും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുടെ 'മാപ്പ് പറയാൻ സവർക്കർ അല്ല' എന്ന പരാമർശത്തിനെതിരെയും അദ്ദേഹം വിമർശിച്ചു.
'സവർക്കർജിയെപ്പോലുള്ളവരുടെ സംഭാവനകൾ നിങ്ങൾക്കറിയാമോ? നിങ്ങൾക്ക് കുതിര പന്തയത്തിൽ പങ്കെടുക്കാൻ കിട്ടിയത് ഒരു കഴുതയെയാണ്...'അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരക്കുമ്പോഴാണ് കേന്ദ്രമന്ത്രി രാഹുൽ ഗാന്ധിയെ പരിഹസിച്ചത്.
'അവർ എന്താണെന്ന് ഇന്ത്യയിലെ ജനങ്ങൾ വിധിക്കും, കോടതിയുടെ നടപടിക്കെതിരെ കോൺഗ്രസ് കോടതിയിലാണ് പോരാടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നിങ്ങൾ മഹാഭാരതത്തെയും സവർക്കറെയും വിമർശിക്കുകയാണ്.,' രാഹുലിനെ കോടതി ശിക്ഷിച്ചിട്ടുണ്ടെങ്കിൽ അതിന് ശേഷം കോടതി നടപടിക്രമങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.രാഹുൽഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ പ്രതിപക്ഷ എം.പിമാർ പാർലമെന്റിൽ കറുത്ത വസ്ത്രമണിഞ്ഞ് പ്രതിഷേധം നടത്തിയിരുന്നു.
'മോദി കുടുംബപ്പേര്' എന്ന പരാമർശത്തിന്റെ പേരിൽ ക്രിമിനൽ മാനനഷ്ടക്കേസിൽ സൂറത്ത് കോടതി രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയത്. എം.പി സ്ഥാനം അയോഗ്യനാക്കിയതിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് 'മോദി കുടുംബപ്പേര്' പരാമർശത്തിൽ മാപ്പ് പറയുമോ എന്ന ചോദ്യത്തിനാണ് 'എന്റെ പേര് സവർക്കറല്ല. എന്റെ പേര് ഗാന്ധിയാണ്, ഗാന്ധി മാപ്പ് പറയുന്നില്ല. എന്ന് രാഹുൽ മറുപടി നൽകിയത്.