'ആരോഗ്യപ്രശ്‌നങ്ങളുണ്ട്'; നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിനില്ലെന്ന് ഗുലാം നബി ആസാദ്
|കോൺഗ്രസ് വിട്ട ഗുലാം നബി ആസാദ് 2022 സെപ്റ്റംബറിലാണ് പുതിയ പാർട്ടി രൂപീകരിച്ചത്.
ശ്രീനഗർ: ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി (ഡി.പി.എ.പി) യുടെ പ്രചാരണത്തിനിറങ്ങില്ലെന്ന് ഗുലാം നബി ആസാദ്. അസുഖബാധിതനായതിനാലാണ് പ്രചാരണത്തിന് വരാൻ കഴിയാത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ അസാന്നിധ്യത്തിൽ മത്സരരംഗത്ത് തുടരണമോ എന്ന കാര്യം ഡി.പി.എ.പി സ്ഥാനാർഥികൾക്ക് തീരുമാനിക്കാമെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
ചൊവ്വാഴ്ചയാണ് ജമ്മു കശ്മീർ നിയമസഭയിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പിന് ഡി.പി.എ.പി സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചത്. 13 സ്ഥാനാർഥികളാണ് പത്രിക സമർപ്പിച്ചത്. സെപ്റ്റംബർ 18ന് 24 സീറ്റുകളിലേക്കാണ് ജമ്മു കശ്മീരിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. ഗുലാം നബി ആസാദ് പ്രചാരണത്തിന് ഇറങ്ങില്ലെന്ന് വ്യക്തമായതോടെ അടുത്ത രണ്ട് ഘടങ്ങളിൽ ഡി.പി.എ.പി സ്ഥാനാർഥികൾ ഉണ്ടാകുമോ എന്ന കാര്യവും സംശയത്തിലാണ്. സെപ്റ്റംബർ 25നും ഒക്ടോബർ ഒന്നിനുമാണ് ജമ്മു കശ്മീരിലെ രണ്ട്, മൂന്ന് ഘട്ട തെരഞ്ഞെടുപ്പുകൾ നടക്കുന്നത്.
കോൺഗ്രസിന്റെ മുതിർന്ന നേതാവായിരുന്ന ഗുലാം നബി ആസാദ് 2022 ആഗസ്റ്റിലാണ് പാർട്ടിയിൽനിന്ന് രാജിവെച്ചത്. സെപ്റ്റംബർ 26ന് അദ്ദേഹം പുതിയ പാർട്ടിയായ ഡി.പി.എ.പി പ്രഖ്യാപിച്ചു. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജമ്മു കശ്മീരിലെ രണ്ട് സീറ്റുകളിൽ ഡി.പി.എ.പി മത്സരിച്ചെങ്കിലും വിജയിച്ചില്ല. അനന്ത്‌നാഗ് മണ്ഡലത്തിൽ മത്സരിക്കാൻ ഗുലാം നബി ആസാദ് തീരുമാനിച്ചെങ്കിലും പിന്നീട് പിൻമാറുകയായിരുന്നു.