India
മോദി പരുക്കനാണെന്നാണ് കരുതിയത്; പക്ഷെ, ആ അനുഭവം എന്‍റെ ധാരണ തിരുത്തി; പ്രശംസിച്ച് ഗുലാം നബി
India

''മോദി പരുക്കനാണെന്നാണ് കരുതിയത്; പക്ഷെ, ആ അനുഭവം എന്‍റെ ധാരണ തിരുത്തി''; പ്രശംസിച്ച് ഗുലാം നബി

Web Desk
|
29 Aug 2022 2:02 PM GMT

2019ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് രാഹുൽ നടത്തിയ 'ചൗക്കിദാർ ചോർ ഹേ' എന്ന മുദ്രാവാക്യം കോൺഗ്രസിനെ ദോഷകരമായി ബാധിച്ചെന്ന് നേരത്തെ ഗുലാം നബി ആസാദ് പറഞ്ഞിരുന്നു

ന്യൂഡൽഹി: കോൺഗ്രസ് വിട്ടതിനു പിന്നാലെ നരേന്ദ്ര മോദിയെ പ്രശംസിച്ച് ഗുലാം നബി ആസാദ്. മോദി പരുക്കനാണെന്നായിരുന്നു താൻ കരുതിയതെന്നും എന്നാൽ കശ്മിരിലുണ്ടായ ഒരു ദാരുണസംഭവം എന്റെ ധാരണ തിരുത്തിയെന്നും അദ്ദേഹം വെളിപ്പെടുത്തി. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് പ്രധാനമന്ത്രിയെക്കുറിച്ചുള്ള അഭിപ്രായപ്രകടനം.

''രാജ്യസഭാ കാലാവധി കഴിഞ്ഞ സമയത്ത് മോദി നടത്തിയ വികാരഭരിതമായ പ്രസംഗത്തെ ചില 'നിരക്ഷരായ' കോൺഗ്രസുകാർ മറ്റൊരു തരത്തിൽ അവതരിപ്പിക്കുകയാണുണ്ടായത്. മോദി പരുക്കനാണെന്നാണ് ഞാൻ കരുതിയിരുന്നത്. വിവാഹം കഴിച്ചിട്ടില്ല, ഭാര്യയില്ല, കുട്ടികളില്ല. അതുകൊണ്ട് അദ്ദേഹം അത്തരത്തിലുള്ള ആലോചനയൊന്നുമുണ്ടാകില്ല എന്നാണ് കരുതിയത്. എന്നാൽ, ഏറ്റവും ചുരുങ്ങിയത് അദ്ദേഹം അന്ന് മനുഷ്യത്വം കാണിച്ചു.''-രാജ്യസഭാ പ്രസംഗത്തെക്കുറിച്ച് ഗുലാം നബി പറഞ്ഞു.

''ഞാൻ കശ്മീരിൽ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഗുജറാത്തിൽനിന്നുള്ള ഒരു ടൂറിസ്റ്റ് ബസിൽ ഗ്രനേഡ് സ്‌ഫോടനമുണ്ടായി. വാഹനത്തിലുണ്ടായിരുന്ന ആളുകൾ സ്ഥലത്തുവച്ചു തന്നെ കൊല്ലപ്പെട്ടു. ആ സമയത്ത് ഗുജറാത്ത് മുഖ്യമന്ത്രി(നരേന്ദ്ര മോദി) വിളിക്കുമ്പോൾ ഞാൻ ഉറക്കെ കരയുകയായിരുന്നു. അദ്ദേഹം ഞാൻ കരയുന്നത് കേട്ടിരുന്നു. ഇപ്പോൾ എനിക്കു സംസാരിക്കാൻ കഴിയില്ലെന്നും പരിക്കേറ്റവരെ ആദ്യം ചികിത്സിക്കേണ്ടതുണ്ടെന്നും പറഞ്ഞു.''

പരിക്കേറ്റവർക്കും മരിച്ചവർക്കുമായി രണ്ട് വിമാനങ്ങൾ വേണമെന്ന് ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ട് ഞാൻ വീണ്ടും കരഞ്ഞു. ഇതോടെ കശ്മീരിന്റെ കാര്യം പറഞ്ഞ് അദ്ദേഹം വികാരഭരിതനായെന്നും ഗുലാം നബി വെളിപ്പെടുത്തി. പ്രധാനമന്ത്രി രാജ്യസഭയിൽ ആ ദാരുണസംഭവത്തെക്കുറിച്ച് വിവരിച്ചപ്പോൾ താൻ കരഞ്ഞുപോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യസഭാ കാലാവധി തീർന്ന സമയത്ത് നടന്ന യാത്രയയപ്പ് ചടങ്ങിൽ തന്റെ യഥാർത്ഥ സുഹൃത്താണ് ഗുലാം നബിയെന്നാണ് മോദി വിശേഷിപ്പിച്ചത്. അദ്ദേഹത്തിനായി തന്റെ വാതിൽ എപ്പോഴും തുറന്നുകിടക്കുകയാണെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു.

അതേസമയം, വാർത്താസമ്മേളനത്തിൽ ഗുലാം നബി രാഹുൽ ഗാന്ധിക്കെതിരായ ആക്രമണം തുടർന്നു. പാർലമെന്റിൽ മോദിയെ കെട്ടിപ്പിടിച്ചത് താനല്ലെന്നും രാഹുലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഹുൽ നല്ല വ്യക്തിയാണെന്നും പക്ഷെ രാഷ്ട്രീയം അദ്ദേഹത്തിനു പറഞ്ഞ പണിയല്ലെന്നു നേരത്തെ ഗുലാം നബി പ്രതികരിച്ചിരുന്നു. അതേസമയം, ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ അദ്ദേഹം നിഷേധിച്ചു. ജമ്മു കശ്മീരിൽ സ്വന്തമായി ഒരു പാർട്ടി രൂപീകരിക്കാനാണ് ആഗ്രഹമെന്ന് ഗുലാം നബി വ്യക്തമാക്കി.

''ചൗക്കിദാർ ചോർ ഹേ തിരിച്ചടിച്ചു''

പാർട്ടിയുടെ ഉന്നത തീരുമാനമെടുക്കുന്ന സമിതിയായ കോൺഗ്രസ് വർക്കിങ് കമ്മിറ്റി നിലവിൽ അർത്ഥശൂന്യമാണെന്ന് ഗുലാം നബി ആസാദ് എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കാലത്തുണ്ടായിരുന്ന കൂടിയാലോചന പ്രക്രിയ തകർക്കപ്പെട്ടെന്നും അദ്ദേഹം വിമർശിച്ചു- 'നേരത്തെ സി.ഡബ്ല്യു.സി അംഗങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ 10 വർഷത്തിനിടയിൽ 25 സിഡബ്ല്യുസി അംഗങ്ങളും 50 പ്രത്യേക ക്ഷണിതാക്കളുമുണ്ടായി. 1998നും 2004നും ഇടയിൽ സോണിയ ഗാന്ധി മുതിർന്ന നേതാക്കളുമായി പൂർണമായും കൂടിയാലോചന നടത്തിയിരുന്നു. അവർ നിർദേശങ്ങൾ സ്വീകരിച്ചിരുന്നു. എന്നാൽ 2004ൽ രാഹുൽ ഗാന്ധി വന്നതിന് ശേഷം സോണിയാ ഗാന്ധി രാഹുൽ ഗാന്ധിയെ കൂടുതൽ ആശ്രയിക്കാൻ തുടങ്ങി. എന്നാൽ അദ്ദേഹത്തിന് രാഷ്ട്രീയത്തിൽ കഴിവില്ലായിരുന്നു'.

കോൺഗ്രസിനെ സജീവമാക്കാനുള്ള പദ്ധതികളെക്കുറിച്ചുള്ള ഒന്നിലധികം ഓർമപ്പെടുത്തലുകൾ രാഹുൽ ഗാന്ധി ശ്രദ്ധിച്ചില്ലെന്ന് ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി. ഒരു പദ്ധതിയും നടപ്പിലാക്കിയില്ല. പിന്നീട് 2014ന് ശേഷവും താൻ അദ്ദേഹത്തെ പലതവണ ഓർമിപ്പിച്ചു. 9 വർഷമായി ആ ശിപാർശകൾ എഐസിസിയിൽ കെട്ടിക്കിടക്കുന്നു. കോൺഗ്രസിന്റെ അവസ്ഥ മെച്ചപ്പെടുത്താൻ ഒരു ശ്രമവും നടത്തുന്നില്ലെന്നും ഗുലാം നബി ആസാദ് വിമർശിച്ചു.

2019ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് രാഹുൽ നടത്തിയ 'ചൗക്കിദാർ ചോർ ഹേ' എന്ന മുദ്രാവാക്യം കോൺഗ്രസിനെ ദോഷകരമായി ബാധിച്ചെന്നും ഗുലാം നബി ആസാദ് പറഞ്ഞു. പാർട്ടിയിലെ ഒരു മുതിർന്ന നേതാവും ഈ പ്രചാരണത്തെ പിന്തുണച്ചില്ല. തന്റെ മുദ്രാവാക്യത്തെ പിന്തുണക്കുന്നത് ആരെല്ലാമാണെന്ന് പാർട്ടി യോഗത്തിൽ രാഹുൽ ഗാന്ധി ചോദിച്ചപ്പോൾ നിരവധി മുതിർന്ന നേതാക്കൾ വിയോജിപ്പ് പ്രകടിപ്പിച്ചു. മൻമോഹൻ സിങ്ങും എ.കെ ആൻറണിയും പി. ചിദംബരവും താനും അവിടെയുണ്ടായിരുന്നുവെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

'ഞങ്ങൾക്ക് രാഷ്ട്രീയ വിദ്യാഭ്യാസം ലഭിച്ചത് ഇന്ദിരാഗാന്ധിയുടെ കീഴിലാണ്. ഞാൻ ജൂനിയർ മന്ത്രിയായിരിക്കെ അവർ എന്നെയും എം.എൽ ഫോട്ടേദാറിനെയും വിളിച്ച് അടൽ ബിഹാരി വാജ്പേയിയെ കാണണമെന്ന് പറഞ്ഞു. മുതിർന്നവരെ ബഹുമാനിക്കുകയും പ്രതിപക്ഷ നേതാക്കൾക്ക് തുല്യമായ ബഹുമാനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങൾക്ക് ലഭിച്ച വിദ്യാഭ്യാസം. മോദിയെ വലത്തും ഇടത്തും നടുവിലും നിന്ന് ആക്രമിക്കുക എന്നതാണ് രാഹുൽ ഗാന്ധിയുടെ നയം. ഞങ്ങൾക്ക് ഇങ്ങനെ വ്യക്തിപരമായി പോകാനാവില്ല. മുതിർന്ന ക്യാബിനറ്റ് മന്ത്രിമാർ ഉപയോഗിക്കേണ്ട ഭാഷ ഇതാണോ?'- ഗുലാം നബി ആസാദ് വിശദീകരിച്ചു.

Summary: "I thought PM Modi is a crude man, But a tragic incident in J&K changed his perception", says Ghulam Nabi Azad

Similar Posts