പാർട്ടിക്കു പേരും പതാകയുമായി; കരുത്തറിയിക്കാൻ ഗുലാം നബി
|ഹിന്ദുസ്ഥാനി നാമമായിരിക്കും പാർട്ടിയുടേതെന്ന് നേരത്തെ ഗുലാം നബി പ്രഖ്യാപിച്ചിരുന്നു
ശ്രീനഗർ: പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ഡെമോക്രാറ്റിക് ആസാദ് പാർട്ടി എന്നാണ് പാർട്ടിക്ക് പേരിട്ടിരിക്കുന്നത്. ഹിന്ദിയും ഉറുദുവും ചേർന്ന ഹിന്ദുസ്ഥാനി നാമമായിരിക്കും പാർട്ടിയുടേതെന്ന് നേരത്തെ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. പാർട്ടി പതാകയും പുറത്തുവിട്ടിട്ടുണ്ട്. നീലയും വെളുപ്പും മഞ്ഞയും നിറത്തിലാണ് പതാക.
വാർത്താസമ്മേളനത്തിലാണ് പാർട്ടിയുടെ പേരും പതാകയും ആസാദ് പുറത്തുവിട്ടത്. പാർട്ടിക്ക് സ്വതന്ത്ര ചിന്തയും പ്രത്യയശാസ്ത്രവുമായിരിക്കും ഉണ്ടാകുകയെന്നും അതു ജനാധിപത്യമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കശ്മീരിന്റെ പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയത് തെരഞ്ഞെടുപ്പ് വിഷയമാക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
പാർട്ടിക്ക് ഒരു ഇടമുണ്ടാക്കുന്നതിനു മാത്രമാണ് ഇപ്പോൾ മുൻഗണന. ഏതു സമയത്തും തെരഞ്ഞെടുപ്പ് വരാം. അതിനായി രാഷ്ട്രീയ പ്രവർത്തനം തുടരുമെന്നും അദ്ദേഹം അറിയിച്ചു. പാർട്ടി പേരായി 1,500ലേറെ നിർദേശങ്ങൾ പൊതുജനങ്ങളിൽനിന്ന് ലഭിച്ചുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. സംസ്‌കൃതം, ഉറുദു ഭാഷകളിലെല്ലാമുള്ള പേരുണ്ടായിരുന്നു അക്കൂട്ടത്തിൽ. ഹിന്ദിയും ഉറുദുവും ചേർന്നതാണ് ഹിന്ദുസ്ഥാനി. പാർട്ടി നാമം ജനാധിപത്യപരവും സമാധാനപരവും സ്വതന്ത്രവുമായിരിക്കണമെന്ന നിർബന്ധം തങ്ങൾക്കുണ്ടായിരുന്നുവെന്നും ഗുലാം നബി കൂട്ടിച്ചേർത്തു.
കോൺഗ്രസ് വിട്ട് ഒരാഴ്ചയ്ക്കുശേഷമാണ് ഗുലാംനബി പുതിയ പാർട്ടിയുമായി രംഗപ്രവേശം ചെയ്യുന്നത്. ജമ്മുവിലെ സൈനികകോളനിയിലായിരുന്നു റാലി നടന്നത്. പി.ഡി.പി, നാഷണൽ കോൺഫറൻസ് തുടങ്ങിയ കശ്മീർ പാർട്ടികളുമായി യോജിച്ച് പ്രവർത്തിക്കാനാണ് സാധ്യത. ബി.ജെ.പിയുമായുള്ള സഖ്യത്തിന് ഒരു സാധ്യതയുമില്ലെന്ന് അദ്ദേഹം ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് അവർക്കും തനിക്കും കാര്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചാണ് ഗുലാംനബി ആസാദ് കോൺഗ്രസ് വിട്ടത്. രാഹുൽ ഗാന്ധിക്ക് പാർട്ടിയെ ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുന്നില്ല, മുതിർന്ന നേതാക്കളെ വേണ്ടത്ര പരിഗണിക്കുന്നില്ല, പക്വതയില്ല തുടങ്ങിയ വിമർശനങ്ങളാണ് ഗുലാംനബി ഉന്നയിച്ചത്.
Summary: Ghulam Nabi Azad launches new political outfit, names it Democratic Azad Party