ഗുലാം നബി ആസാദ് കോൺഗ്രസിൽ നിന്ന് രാജി വെച്ചു
|എല്ലാ പദവികളിൽ നിന്നും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവെച്ചു
ഡൽഹി: മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് കോൺഗ്രസിൽ നിന്ന് രാജി വെച്ചു. എല്ലാ പദവികളിൽ നിന്നും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവെച്ചു. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് കൈമാറിക്കഴിഞ്ഞു.പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നിർദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കുന്നില്ലെന്നതടക്കം രാജിക്കത്തില്‍ വലിയ വിമര്‍ശനങ്ങളാണ് ആസാദ് ഉന്നയിച്ചിരിക്കുന്നത്.
'താൻ നൽകിയ നിർദേശങ്ങൾ 9 വർഷമായി ചവറ്റുകൂനയിലാണ്.രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വലിയ തിരിച്ചടി നേരിട്ടു. രണ്ട് സംസ്ഥാനങ്ങളിൽ മാത്രമാണ് ഇപ്പോൾ അധികാരമുള്ളതെന്നും രാജിക്കത്തില്‍ പറയുന്നു.
ജമ്മു കശ്മീർ കോൺഗ്രസിന്റെ പ്രചാരണ സമിതി അധ്യക്ഷൻ സ്ഥാനത്തുനിന്നും രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും രാജിവെച്ച് ദിവസങ്ങൾക്ക് ശേഷമാണ് കോൺഗ്രസിൽ നിന്നുള്ള രാജി.
പാര്‍ട്ടി ദേശീയ നേതൃത്വവുമായി ഏറെനാളായി ഭിന്നതയില്‍ കഴിയുന്ന ഗുലാം നബി ആസാദ് ജമ്മു കശ്മീരിലെ പാര്‍ട്ടി പ്രചാരണ സമിതി അധ്യക്ഷസ്ഥാനമാണ് നിയമനത്തിനു തൊട്ടുപിന്നാലെ രാജി വെച്ചിരുന്നത്. ജമ്മു കശ്മീര്‍ രാഷ്ട്രീയകാര്യ സമിതിയില്‍നിന്നും ആസാദ് രാജിവെച്ചിരുന്നു.
കോണ്‍ഗ്രസിന്റെ അഖിലേന്ത്യ രാഷ്ട്രീയകാര്യ സമിതിയില്‍ അംഗമായ ആസാദിനെ ജമ്മു കശ്മീര്‍ രാഷ്ട്രീയകാര്യ സമിതിയില്‍ നിയമിച്ചത് തരംതാഴ്ത്തലായാണ് കണക്കാക്കുന്നതെന്ന് ആസാദിനോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. ആസാദിന്റെ അടുത്ത സുഹൃത്തായ ഗുലാം അഹമ്മദ് മിറിനെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതും ഭിന്നതയുടെ കാരണമായി ചൂണ്ടിക്കാട്ടിയിരുന്നു.
നേതൃമാറ്റം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ച 23 നേതാക്കളില്‍ ഒരാളാണ് ഗുലാംനബി ആസാദ്. ആസാദ് ബി.ജെ.പിയിലേക്ക് പോകുമെന്ന അഭ്യൂഹവും നേരത്തെ തന്നെ നിലവിലുണ്ടായിരുന്നു. എന്നാല്‍ ഭാവി പരിപാടിയെ കുറിച്ച് ഗുലാനബി ആസാദ് ഇതുവരെ മനസ് തുറന്നിട്ടില്ല.
രാജസ്ഥാനിൽ നടന്ന ചിന്തൻ ശിബിരം തൊലിപ്പുറത്തുള്ള ചികിത്സ മാത്രമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് കോൺഗ്രസിൽ നിന്നും ഗുലാം നബി ആസാദ് രാജി വെച്ചത്. ഒരു കാലത്ത് സംഘടനയുടെ ട്രബിള്‍ ഷൂട്ടറായിരുന്ന ഗുലാം നബിക്ക് രാജ്യസഭാ സീറ്റ് പോലും കോൺഗ്രസ് നൽകാതിരുന്ന നിരാശയും ഈ രാജിക്ക് പിന്നിലുണ്ട്. മാസ് ലീഡർ എന്ന പരിവേഷമില്ലെങ്കിലും കോൺഗ്രസിന്റെ പ്രതാപകാലത്തുണ്ടായിരുന്ന സങ്കീർണമായ ഗ്രൂപ്പ് പ്രശ്നങ്ങൾക്ക് ഒറ്റമൂലി എന്നും ഈ കാശ്മീർ നേതാവിന്റെ കൈയിലുണ്ടായിരുന്നു.വിവിധ സംസ്ഥാനങ്ങളിൽ നിന്നും രാജ്യസഭയിൽ എത്തിയ ഗുലാം നബി ലോകസഭ അംഗമായും കേന്ദ്രമന്ത്രി എന്ന നിലയിലും പ്രഗല്ഭ്യം തെളിയിച്ചു. കേന്ദ്രമന്ത്രി ആയിരിക്കുമ്പോഴാണ് രാജി വച്ചു കാശ്മീർ മുഖ്യമന്ത്രി ആകുന്നത്.