ഗുലാം നബി ആസാദ് ജമ്മു കശ്മീർ മുഖ്യമന്ത്രിയായേക്കുമെന്ന് മുൻ കോൺഗ്രസ് എംഎൽഎ
|വെള്ളിയാഴ്ചയാണ് ഗുലാം നബി ആസാദ് കോൺഗ്രസിൽനിന്ന് രാജിവെച്ചത്. രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനമുയർത്തിയാണ് ഗുലാം നബി പാർട്ടി വിട്ടത്.
ശ്രീനഗർ: കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് ഗുലാം നബി ആസാദ് ജമ്മു കശ്മീർ മുഖ്യമന്ത്രിയായേക്കുമെന്ന് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് അമീൻ ഭട്ട്. മുൻ എംഎൽഎ കൂടിയായ ഭട്ട് ഗുലാം നബിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇത്തരത്തിൽ പ്രതികരിച്ചത്. മുന്നോട്ടുള്ള നീക്കങ്ങൾ ചർച്ച ചെയ്‌തെന്നും തങ്ങൾ ബിജെപിയുടെ ബി ടീം അല്ലെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ചയാണ് ഗുലാം നബി ആസാദ് കോൺഗ്രസിൽനിന്ന് രാജിവെച്ചത്. രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനമുയർത്തിയാണ് ഗുലാം നബി പാർട്ടി വിട്ടത്. അനുഭവ പരിചയമുള്ള നേതാക്കളെ മാറ്റി നിർത്തിയതും അനുഭവ പരിചയമില്ലാത്ത സഹയാത്രികരുടെ സ്വാധീനവുമാണ് പാർട്ടി വിടാൻ കാരണായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
ഗുലാം നബി ജമ്മു കശ്മീർ ആസ്ഥാനമാക്കി പുതിയ പാർട്ടി രൂപീകരിക്കാനുള്ള നീക്കത്തിലാണ്. കശ്മീരിലെ അസംതൃപ്തരായ കോൺഗ്രസ് നേതാക്കളെ തന്റെ പാർട്ടിയിൽ അണിനിരത്താനാണ് ഗുലാം നബി ആസാദിന്റെ ശ്രമം. അതിനിടെ അദ്ദേഹത്തെ എൻഡിഎയിൽ എത്തിക്കാനുള്ള ശ്രമം ബിജെപി നടത്തുന്നുണ്ട്. എൻഡിഎക്കൊപ്പം നിന്ന് കശ്മീരിൽ മുഖ്യമന്ത്രിയാകാനാണ് ഗുലാം നബി ആസാദ് ശ്രമിക്കുന്നതെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ഇത് ശരിവെക്കുന്നതാണ് അമീൻ ഭട്ടിന്റെ പ്രതികരണം.
അതിനിടെ കോൺഗ്രസിനുള്ളിൽ മുതിർന്ന നേതാക്കളിൽ പലരും ഗുലാം നബിക്കൊപ്പമാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന പ്രതികരണം. പാർട്ടിയിൽ സമവായ ശ്രമങ്ങളുണ്ടായില്ലെന്നും കോൺഗ്രസ് നേതൃത്വം ആത്മപരിശോധന നടത്തണമെന്നും മനീഷ് തിവാരി ആവശ്യപ്പെട്ടു. പാർട്ടിയുടെ ഭാവി ആശങ്കാജനകമാണെന്നും ഗൗരവതരമായി കാണണമെന്നും രണ്ടു വർഷം മുമ്പ് സോണിയാ ഗാന്ധിക്ക് കത്തെഴുതിയതാണ്. അതിന് ശേഷം നടന്ന എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസ് തോറ്റു. രാജ്യവും കോൺഗ്രസും ചിന്തിക്കുന്നത് രണ്ടു തരത്തിലാണ്. ഒരു വാർഡ് തെരഞ്ഞെടുപ്പിനെ നേരിടാൻ ശേഷിയില്ലാത്തവരാണ് നിലവിൽ പാർട്ടിയെക്കുറിച്ച് വലിയ കാര്യങ്ങൾ സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആനന്ദ് ശർമ, ശശി തരൂർ തുടങ്ങിയ നേതാക്കളും കഴിഞ്ഞ ദിവസങ്ങളിൽ അതൃപ്തി പരസ്യമാക്കിയിരുന്നു.