India
ഗുലാംനബി ആസാദിന് പത്മ: ജി23 നേതാക്കളും ഹൈകമാന്‍ഡ് അനുകൂലികളും നേര്‍ക്കുനേര്‍
India

ഗുലാംനബി ആസാദിന് പത്മ: ജി23 നേതാക്കളും ഹൈകമാന്‍ഡ് അനുകൂലികളും നേര്‍ക്കുനേര്‍

Web Desk
|
26 Jan 2022 10:56 AM GMT

ജി-23 നേതാക്കള്‍ ഗുലാംനബി ആസാദിനെ അഭിനന്ദിക്കുന്ന തിരക്കിലാണെങ്കില്‍ ഹൈകമാന്‍ഡ് അനുകൂലികള്‍ അസ്വസ്ഥരാണ്.

മുതിര്‍ന്ന കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദിന് പത്മഭൂഷൺ ലഭിച്ചതിന് പിന്നാലെ കോണ്‍ഗ്രസിലെ പോര് ഒരിക്കല്‍കൂടി മറനീക്കി പുറത്തുവന്നിരിക്കുകയാണ്. ജി-23 എന്നറിയപ്പെടുന്ന വിമത ഗ്രൂപ്പും ഗാന്ധി കുടുംബത്തിന്‍റെ അനുയായികളും തമ്മിലാണ് വാക്പോര്. ജി-23 നേതാക്കള്‍ ഗുലാംനബി ആസാദിനെ അഭിനന്ദിക്കുന്ന തിരക്കിലാണെങ്കില്‍ ഹൈകമാന്‍ഡ് അനുകൂലികള്‍ അസ്വസ്ഥരാണ്.

രാജ്യത്തെ മൂന്നാമത്തെ പരമോന്നത ബഹുമതി ലഭിച്ച ഗുലാംനബി ആസാദിന് ഏറ്റവും ഒടുവില്‍ ആശംസ നേര്‍ന്നത് മുൻ കേന്ദ്രമന്ത്രി ആനന്ദ് ശർമയാണ്- "പൊതുസേവനത്തിനും പാർലമെന്‍ററി ജനാധിപത്യത്തിനും ഇക്കാലമത്രയും സംഭാവന നൽകിയ ഗുലാം നബിജിക്ക് അർഹിക്കുന്ന അംഗീകാരമാണ് ലഭിച്ചത്. ഹൃദയംഗമമായ അഭിനന്ദനങ്ങൾ" - എന്നാണ് ആനന്ദ് ശർമയുടെ ട്വീറ്റ്.

കപിൽ സിബലാകട്ടെ ഗുലാംനബിയെ അഭിനന്ദിക്കുന്നതിനിടെ കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിക്കുകയും ചെയ്തു- "ഗുലാംനബി ആസാദിന് പത്മഭൂഷണ്‍. അഭിനന്ദനങ്ങൾ ഭായ്ജാൻ. പൊതുജീവിതത്തിലെ അദ്ദേഹത്തിന്‍റെ സംഭാവനകൾ രാജ്യം അംഗീകരിക്കുമ്പോൾ കോൺഗ്രസിന് അദ്ദേഹത്തിന്റെ സേവനം ആവശ്യമില്ലെന്നത് വിരോധാഭാസമാണ്".

പുരസ്കാര പ്രഖ്യാപനത്തോട് കോൺഗ്രസ് നേതൃത്വം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം ജയറാം രമേഷിന്‍റെ പരാമര്‍ശം ഏറെ വിവാദമായി. പത്മഭൂഷണ്‍ നിരസിച്ച പശ്ചിമ ബംഗാള്‍ മുന്‍മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയെ അഭിനന്ദിച്ച് ജയറാം രമേഷ് പറഞ്ഞതിങ്ങനെ- ബുദ്ധദേബ് ഭട്ടാചാര്യ 'ആസാദ്' (സ്വതന്ത്രൻ) ആകാനാണ് തീരുമാനിച്ചത്. 'ഗുലാം' (അടിമ) ആകാനല്ല അദ്ദേഹത്തിന്റെ ആഗ്രഹം. അതു ഉചിതമായ തീരുമാനമാണ്. പത്മ പുരസ്കാരം നിരസിക്കാതിരുന്ന സഹപ്രവര്‍ത്തകന്‍ ഗുലാംനബി ആസാദിനെ ലക്ഷ്യം വെച്ചായിരുന്നു ഈ ട്വീറ്റ്.

മുൻ ബ്യൂറോക്രാറ്റ് പി.എൻ ഹസ്‌കര്‍ പത്മ അവാർഡ് നിരസിച്ചതിനെക്കുറിച്ച് പരാമര്‍ശിച്ച പുസ്തകത്തിലെ പേജും ജയറാം രമേഷ് പങ്കിട്ടു- "1973ൽ നമ്മുടെ രാജ്യത്തെ ഏറ്റവും ശക്തനായ സിവിൽ ഉദ്യോഗസ്ഥന് പ്രധാനമന്ത്രിയുടെ ഓഫീസ് വിടുമ്പോൾ പത്മവിഭൂഷൺ നല്‍കി. പുരസ്കാരത്തോടുള്ള പി.എൻ ഹക്സറിന്റെ പ്രതികരണം ഇതാ. ഇത് ക്ലാസിക് ആണ്, അനുകരിക്കാവുന്നതാണ്" എന്നു പറഞ്ഞാണ് പുസ്തകത്തിലെ പേജ് ട്വീറ്റ് ചെയ്തത്.

ഗുലാംനബി ആസാദ്, കപില്‍ സിബൽ, ആനന്ദ ശര്‍മ എന്നിവരെല്ലാം കോൺഗ്രസ് ജി-23യില്‍ ഉള്‍പ്പെടുന്നു. കോണ്‍ഗ്രസില്‍ സമൂലമാറ്റവും നേതൃമാറ്റവും ആവശ്യപ്പെട്ട് 23 നേതാക്കള്‍ സോണിയാഗാന്ധിക്ക് കത്തയച്ചത് 2020ലാണ്. നാല് വർഷമായി തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നിരന്തരം പരാജയപ്പെടുന്ന സാഹചര്യത്തിലായിരുന്നു ഈ ലെറ്റര്‍ ബോംബ്.

മുൻ രാഷ്ട്രപതിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖർജിക്ക് ഉന്നത ബഹുമതി നൽകി കോൺഗ്രസിനെ നേരത്തെ മോദി സർക്കാർ അമ്പരപ്പിച്ചിരുന്നു. പിന്നാലെയാണ് ഗുലാംനബിക്ക് പുരസ്കാരം നല്‍കിയത്. ഗുലാംനബിയുടെ രാജ്യസഭാംഗത്വം അവസാനിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറെ വൈകാരികമായി പ്രതികരിച്ചിരുന്നു. നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ഗുലാംനബിക്ക് പുരസ്കാരം നല്‍കിയതില്‍ ഏറെ രാഷ്ട്രീയ മാനങ്ങളുണ്ട്. കോണ്‍ഗ്രസില്‍ നിന്നും ഗുലാംനബി ആസാദ് പുറത്തുപോകുമെന്ന് അഭ്യൂഹമുയര്‍ന്നിട്ടുണ്ട് പലപ്പോഴും. എന്നാല്‍ താന്‍ "24 കാരറ്റ് കോൺഗ്രസുകാരൻ" ആണെന്നാണ് ഗുലംനബി ആസാദ് മറുപടി നല്‍കിയത്.

Similar Posts