India
2014 തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം രാഹുലിന്റെ കുട്ടിക്കളി, സോണിയ പേരിന് മാത്രം അധ്യക്ഷ; രാജിക്കത്തിലും കോൺഗ്രസിനെ കടന്നാക്രമിച്ച് ഗുലാംനബി ആസാദ്
India

'2014 തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം രാഹുലിന്റെ കുട്ടിക്കളി, സോണിയ പേരിന് മാത്രം അധ്യക്ഷ'; രാജിക്കത്തിലും കോൺഗ്രസിനെ കടന്നാക്രമിച്ച് ഗുലാംനബി ആസാദ്

Web Desk
|
26 Aug 2022 8:24 AM GMT

'വളരെ ഖേദത്തോടെയും അങ്ങേയറ്റം ദുഃഖത്തോടെയുമാണ് കോൺഗ്രസുമായുള്ള അരനൂറ്റാണ്ട് പഴക്കമുള്ള ബന്ധം അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചത്'

ഡൽഹി: രാഹുൽഗാന്ധിക്കും കോൺഗ്രസിനുമെതിരെ രൂക്ഷവിമർശനമുന്നിയിച്ചാണ് മുതിർന്ന നേതാവ് ഗുലാംനബി ആസാദി പാർട്ടിയിൽ നിന്ന് രാജിവെച്ചത്. അഞ്ചുപേജടങ്ങുന്ന രാജിക്കത്താണ് ഗുലാംനബി ആസാദ് സോണിയാഗാന്ധിക്ക് സമർച്ചിരിക്കുന്നത്. രാജിക്കത്തിലുടനീളം വലിയ വിമർശനമാണ് ഉന്നയിച്ചിരിക്കുന്നത്.

'രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷം, പ്രത്യേകിച്ചും 2013 ൽ വൈസ് പ്രസിഡന്റായി നിയമിതനായതിന് ശേഷം, പാർട്ടിയിൽ നിലനിന്നിരുന്ന കൂടിയാലോചന സംവിധാനം തകർക്കപ്പെട്ടുവെന്നാണ് ആസാദ് പ്രധാനമായും ഉന്നയിക്കുന്ന വിമർശനം. 'മുതിർന്നവരും പരിചയസമ്പന്നരുമായ എല്ലാ നേതാക്കളെയും മാറ്റിനിർത്തി, അനുഭവപരിചയമില്ലാത്ത പുതിയ കൂട്ടം പാർട്ടിയുടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ തുടങ്ങിയെന്നും രാജിക്കത്തിൽ പറയുന്നു.

'സോണിയ പേരിന് മാത്രമുള്ള അധ്യക്ഷയാണ്. തീരുമാനമെടുക്കുന്നത് രാഹുൽ ഗാന്ധിയോ അദ്ദേഹത്തിന്റെ സുരക്ഷാ ഭടൻമാരോ ആണ്. പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കുന്നില്ല. താൻ നൽകിയ നിർദേശങ്ങൾ 9 വർഷമായി ചവറ്റുകൂ നയിലാണ് പാർട്ടിക്ക് വേണ്ടി ജീവിച്ച മുതിർന്ന നേതാക്കൾ പ്രവർത്തക സമിതിയിൽ അവഹേളിക്കപ്പെട്ടു.റിമോർട്ട് കൺട്രോൾ ഭരണം യുപിഎ സർക്കാരിനെയും കോൺഗ്രസിനെയും വഷളാക്കി തുടങ്ങിയ കാര്യങ്ങളും രാജിക്കത്തിൽ ചൂണ്ടിക്കാട്ടുന്നു.

രാഹുലിന്റെ പക്വതയില്ലായ്മയുടെ വ്യക്തമായ ഒരു ഉദാഹരണമാണ് യുപിഎ സർക്കാരിന്റെ കാലത്ത് മാധ്യമങ്ങൾക്ക് മുന്നിലെത്തി സർക്കാർ ഓർഡിനൻസ് കീറി കളഞ്ഞത്. കോൺഗ്രസ് കോർ ഗ്രൂപ്പിൽ ചർച്ച ചെയ്തതും പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതും രാഷ്ട്രപതി ഒപ്പുവെച്ചതുമായ ഓർഡിനൻസാണ് അദ്ദേഹം കീറി കളഞ്ഞതെന്നും ഗുലാം നബി ആസാദ് ഓർമിപ്പിക്കുന്നത്.

2014 മുതൽ താങ്കളുടെ മേൽനോട്ടത്തിലും തുടർന്ന് രാഹുലിന്റെ മേൽനോട്ടത്തിലും തുടർച്ചയായി രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പ് കോൺഗ്രസ് അപമാനകരമായ നിലയിൽ തോറ്റു. 2004നും 2022 നുമിടയിൽ നടന്ന 49 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ 39-ലും പാർട്ടി തോറ്റു. പാർട്ടിക്ക് നാല് സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ വിജയിക്കാനും ആറിടങ്ങളിൽ സഖ്യസർക്കാരുകളുടെ ഭാഗമാകാനും മാത്രമേ കഴിഞ്ഞുള്ളൂ. നിർഭാഗ്യവശാൽ, ഇന്ന് രണ്ട് സംസ്ഥാനങ്ങളിൽ മാത്രമാണ് കോൺഗ്രസ് ഭരിക്കുന്നത്. മറ്റ് രണ്ട് സംസ്ഥാനങ്ങളിൽ നാമമാത്രമായ സഖ്യങ്ങളാണുള്ളത്'.തിരിച്ചുവരാൻ സാധിക്കാത്ത ഘട്ടത്തിലേക്ക് പാർട്ടിയെത്തിയിരിക്കുന്നതെന്നും അദ്ദേഹം അദ്ദേഹം ചൂണ്ടിക്കാട്ടി.

പാർട്ടിക്ക് വേണ്ടിയുള്ള തന്റെ വർഷങ്ങളുടെ സേവനത്തെക്കുറിച്ചും രാജിക്കത്തിൽ ആസാദ് സൂചിപ്പിക്കുന്നുണ്ട്. ''വളരെ ഖേദത്തോടെയും അങ്ങേയറ്റം ദുഖത്തോടെയുമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസുമായുള്ള അരനൂറ്റാണ്ട് പഴക്കമുള്ള ബന്ധം അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചതെന്നാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. സംഘടനാ തിരഞ്ഞെടുപ്പ് പ്രക്രിയ മുഴുവൻ ഒരു പ്രഹസനവും വ്യാജവുമാണെന്നും ആസാദ് ആരോപിച്ചു.

Similar Posts