ഡൽഹിയിൽ പെൺകുട്ടിക്ക് കുത്തേറ്റു; പ്രണയാഭ്യർത്ഥന നിരസിച്ചതാവാം ആക്രമണത്തിനിടയാക്കിയതെന്ന് പൊലീസ്
|പെൺകുട്ടിയെ പ്രതി നിരന്തരം ശല്ല്യം ചെയ്തിരുന്നു. പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് പെൺകുട്ടിയുടെ മാതാവ്
ന്യൂഡൽഹി: ഡൽഹി തിലക് നഗറിൽ പെൺകുട്ടിക്ക് നേരെ അയൽവാസിയായ 22കാരന്റെ ആക്രമണം. കുട്ടിയുടെ നെഞ്ചിലും വയറ്റിലും ഇയാൾ കുത്തി പരിക്കേൽപ്പിച്ചു. ഇന്ന് ഉച്ചയോടെ സ്കൂളിന് പുറത്ത് വച്ചായിരുന്നു ആക്രമണം. ഇയാൾ പെൺകുട്ടിയെ നിരന്തരമായി ശല്യം ചെയ്തിരുന്നതായും ഇതിനെ തുടർന്ന് പൊലീസിൽ പല തവണ പരാതി നൽകിയിരുന്നതായും കുട്ടിയുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ പൊലീസ് നടപടിയെടുത്തില്ലെന്നും ഇവർ ആരോപിച്ചു.
തന്റെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തുകയോ കുട്ടിയുടെ അടുത്ത് വന്ന് വിവരങ്ങൾ തിരക്കുകയോ ചെയ്തിട്ടില്ലെന്നാണ് പെൺകുട്ടിയുടെ അമ്മ വ്യക്തമാക്കിയത്. ഇയാൾ പല തവണ പെൺകുട്ടിയെ ശല്യം ചെയ്തിട്ടുണ്ട്. ഇയാൾ പെൺകുട്ടിയോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നതായും സൂചനയുണ്ട്. പ്രണയാഭ്യർത്ഥന നിരസിച്ചതാവാം പെൺകുട്ടിക്കെതിരായ ആക്രമണത്തിന്റെ കാരണമെന്നാണ് പൊലീസ് വിലയിരുത്തൽ. സംഭവത്തിൽ ഇപ്പോൾ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ ഇതുവരെ പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല. പ്രതി ഒളിവിലാണെന്നാണ് പൊലീസ് നൽകുന്ന വിവരം. എത്രയും പെട്ടെന്ന് പ്രതിയെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസിന്റെ മെല്ലെപ്പോക്ക് നയത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നിട്ടുണ്ട്.