സഹോദരനുമായി വഴക്കിനിടെ മൊബൈൽ ഫോൺ വിഴുങ്ങി 15കാരി; ഒടുവിൽ സംഭവിച്ചത്...
|സഹോദരനുമായി ഫോണിനെ ചൊല്ലി നടന്ന തർക്കത്തിനിടെ കലിപൂണ്ട പെൺകുട്ടി അത് വിഴുങ്ങുകയായിരുന്നു.
ഗ്വാളിയോർ: സഹോദരനുമായി വഴക്കിട്ടതിനു പിന്നാലെ മൊബൈൽ ഫോൺ വിഴുങ്ങി 15കാരി. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലെ അമയാൻ ഗ്രാമത്തിലാണ് സംഭവം. കീപാഡ് ഫോണാണ് പെൺകുട്ടി വിഴുങ്ങിയത്.
സഹോദരനുമായി ഫോണിനെ ചൊല്ലി നടന്ന തർക്കത്തിനിടെ കലിപൂണ്ട പെൺകുട്ടി അത് വിഴുങ്ങുകയായിരുന്നു. പെണ്‍കുട്ടിയെ വീട്ടുകാര്‍ ഉടന്‍ ഭിന്ദ് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും സങ്കീര്‍ണ കേസായതിനാല്‍ ഗ്വാളിയോറിലെ സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.
തുടർന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിൽ പെൺകുട്ടിയുടെ വയറ്റിൽ ഫോൺ കണ്ടെത്തി. പിന്നാലെ പെൺകുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ഒരു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഡോക്ടര്‍മാര്‍ പെണ്‍കുട്ടിയുടെ വയറ്റില്‍ നിന്ന് ഫോണ്‍ പുറത്തെടുത്തത്.
ഇതാദ്യമായാണ് ഇത്തരമൊരു ശസ്ത്രക്രിയ ഈ ആശുപത്രിയിൽ ചെയ്യുന്നതെന്ന് ഡോക്ടർമാർ അറിയിച്ചു. 'പെൺകുട്ടിയെ ഉടൻ തന്നെ ഇവിടെയെത്തിച്ചത് നന്നായി. ഡോക്ടർമാർ ശസ്ത്രക്രിയ നടത്തി മൊബൈൽ ഫോൺ പുറത്തെടുത്തു. ശസ്തക്രിയയ്ക്ക് ശേഷം പെൺകുട്ടി സുഖമായിരിക്കുന്നു'- ആശുപത്രി സൂപ്രണ്ട് ഡോ. ആർ.കെ.എസ് ധകാഡ് പറഞ്ഞു.
'അടിയന്തര നടപടി സ്വീകരിച്ച് പെൺകുട്ടിയെ രക്ഷിച്ചത് ആശുപത്രിയുടെ നേട്ടമാണ്. ആ ഡോക്ടർമാരെ ഞാൻ അഭിനന്ദിക്കുന്നു. രോഗിയെ കൃത്യസമയത്ത് ഗ്വാളിയോറിലേക്ക് റഫർ ചെയ്യാൻ നടപടി സ്വീകരിച്ച ഡോക്ടർമാരുടെ നേട്ടം കൂടിയാണ് ഇത്'- അദ്ദേഹം പറഞ്ഞു.