കാമുകിയുടെ പിറന്നാൾ: ഐഫോൺ സമ്മാനിക്കാൻ അമ്മയുടെ സ്വർണം മോഷ്ടിച്ച് ഒമ്പതാം ക്ലാസുകാരൻ
|കമ്മലുകൾ, മോതിരം, ചെയിൻ എന്നിവയാണ് മകൻ മോഷ്ടിച്ചത്
ഡൽഹി: കാമുകിയുടെ പിറന്നാളിന് ആപ്പിൾ ഐഫോൺ വാങ്ങാനും പാർട്ടി നടത്താനുമായി അമ്മയുടെ സ്വർണം മോഷ്ടിച്ച ഒമ്പതാം ക്ലാസുകാരനെ പൊലീസ് പിടികൂടി. സ്വർണം നഷ്ടപ്പെട്ടതിനെ തുടർന്ന് കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഡൽഹിയിലെ നജഫ്ഗഡിലാണ് സംഭവം.
ഒരു ജോടി സ്വർണ്ണ കമ്മലുകൾ, ഒരു മോതിരം, ഒരു ചെയിൻ എന്നിവയാണ് നഷ്ടപ്പെട്ടത്. ഇവ നഗരത്തിലെ സ്വർണപ്പണിക്കാരിൽ നിന്ന് പൊലീസ് പിന്നീട് കണ്ടെത്തി. ഓഗസ്റ്റ് 2ന് ആഭരണങ്ങൾ നഷ്ടപ്പെട്ടത് തിരിച്ചറിഞ്ഞ വീട്ടമ്മ തൊട്ടടുത്ത ദിവസംതന്നെ പൊലീസീൽ പാരാതി നൽകി. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിൽ ആരും വീടിനുള്ളിൽ വരുകയോ പുറത്തിറങ്ങുകയോ ചെയ്തിട്ടില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു.
കുറ്റകൃത്യത്തിന് ശേഷം പ്രായപൂർത്തിയാകാത്ത മകനെ കാണാതായതായി അമ്മ പൊലീസിനോട് പറഞ്ഞു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് പ്രതി മകനാണെന്ന് പൊലീസ് കണ്ടെത്തിയത്. ഇയാൾ 50,000 രൂപയുടെ പുതിയ ഐഫോൺ വാങ്ങിയതായി കണ്ടെത്തിയെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അങ്കിത് സിങ് പറഞ്ഞു.
ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ഇയാൾ തന്റെ ക്ലാസിലെ പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു. ജന്മദിനത്തിൽ തൻ്റെ കാമുകിയെ വലിയ സർപ്രൈസ് നൽകി ഞെട്ടിക്കണമെന്നതിന്റെ അടിസ്ഥാനത്തിലാണ് മോഷണം നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. പിറന്നാൾ ആഘോഷത്തിനായി അമ്മയോട് പണം ആവശ്യപ്പെട്ടെങ്കിലും അത് നിരസിക്കുകയും മകനോട് പഠിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇതിന് പിന്നാലെ ഇയാൾ മോഷണം നടത്താൻ തീരുമാനിക്കുകയായിരുന്നു.
അസുഖം മൂലം അച്ഛൻ മരണപ്പെട്ടതോടെ അമ്മയാണ് കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. ഇയാൾ പഠനിത്തിലും മോശമാണെന്നും പൊലീസ് അധികൃതർ അറിയിച്ചു.