'പെണ്‍കുട്ടികള്‍ 17 വയസ്സിനുള്ളില്‍ കുഞ്ഞിന് ജന്മം നല്‍കുന്ന കാലമുണ്ടായിരുന്നു, മനുസ്മൃതി വായിക്കൂ': ഗുജറാത്ത് ഹൈക്കോടതി
|ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കണമെന്ന ബലാത്സംഗത്തെ അതിജീവിച്ച, പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയുടെ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ വാക്കാലുള്ള പരാമര്‍ശം
ഗാന്ധിനഗര്‍: പെണ്‍കുട്ടികള്‍ 14-15 വയസ്സില്‍ വിവാഹം കഴിക്കുന്നതും 17 വയസ്സിനുള്ളില്‍ കുഞ്ഞിന് ജന്മം നല്‍കുന്നതും പണ്ട് സാധാരണമായിരുന്നുവെന്ന് വാക്കാല്‍ പരാമര്‍ശം നടത്തി ഗുജറാത്ത് ഹൈക്കോടതി. ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കണമെന്ന ബലാത്സംഗത്തെ അതിജീവിച്ച, പ്രായപൂര്‍ത്തിയാകാത്ത (16 വയസും 11 മാസവും പ്രായമുള്ള) പെൺകുട്ടിയുടെ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശമെന്ന് ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.
ബലാത്സംഗത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പെൺകുട്ടിയുടെ പ്രായം കണക്കിലെടുത്ത് ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം. പെണ്‍കുട്ടിയുടെ പിതാവാണ് ഹരജി നല്‍കിയത്. ഹരജി പരിഗണിച്ച ജസ്റ്റിസ് സമീർ ജെ. ദവെയുടെ ബെഞ്ച് പറഞ്ഞതിങ്ങനെ-
"നമ്മള്‍ 21-ാം നൂറ്റാണ്ടില്‍ ജീവിക്കുന്നതുകൊണ്ടാണ്. നിങ്ങളുടെ അമ്മയോടോ മുത്തശ്ശിയോടോ ചോദിക്കൂ. 14-15 വയസ്സായിരുന്നു (വിവാഹം കഴിക്കാനുള്ള) പരമാവധി പ്രായം. 17 വയസ്സിന് മുമ്പായി കുട്ടി ജനിക്കും. ആൺകുട്ടികൾക്ക് മുമ്പ് പെൺകുട്ടികൾ പക്വത പ്രാപിക്കുന്നു. ഇതറിയാന്‍ ഒരിക്കലെങ്കിലും മനുസ്മൃതി വായിക്കുക".
ഭ്രൂണത്തിന് 7 മാസത്തിലധികം വളര്‍ച്ചയുള്ളതിനാല്‍ ഈ സാഹചര്യത്തിൽ അബോര്‍ഷന്‍ സാധ്യമാണോയെന്ന് തന്റെ ചേംബറിൽ ഡോക്ടർമാരുമായി കൂടിയാലോചിച്ചെന്ന് കോടതി വ്യക്തമാക്കി. കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുത്ത്, സിവിൽ ആശുപത്രിയിലെ ഡോക്ടർമാരുടെ പാനൽ പെൺകുട്ടിയെ അടിയന്തരമായി പരിശോധിക്കണമെന്ന് കോടതി ഉത്തരവിട്ടു. രാജ്‌കോട്ട് സിവിൽ ഹോസ്പിറ്റലിലെ മെഡിക്കൽ സൂപ്രണ്ടിന് വൈദ്യപരിശോധന സംബന്ധിച്ച് നിർദേശം നൽകി. ജൂൺ 15ന് കോടതി വീണ്ടും ഹരജി പരിഗണിക്കും. അന്ന് മെഡിക്കൽ സൂപ്രണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
പെണ്‍കുട്ടിയുടെ പ്രസവ തിയ്യതി ആഗസ്ത് 16 ആയതിനാല്‍, എത്രയും പെട്ടെന്ന് വാദം കേൾക്കണമെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പെണ്‍കുട്ടിയുടെ ആരോഗ്യനില പരിഗണിച്ചേ അബോര്‍ഷന്‍ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കഴിയൂവെന്ന് കോടതി വ്യക്തമാക്കി.
"അമ്മയ്‌ക്കോ ഭ്രൂണത്തിനോ എന്തെങ്കിലും ഗുരുതരമായ അസുഖമുണ്ടെങ്കിൽ, കോടതി തീർച്ചയായും പരിഗണിക്കാം. എല്ലാം നോര്‍മലാണെങ്കില്‍ കോടതിക്ക് ഒരു ഉത്തരവ് പുറപ്പെടുവിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്"- ജഡ്ജി പറഞ്ഞു. അബോര്‍ഷനിടെ കുഞ്ഞ് ജീവനോടെ ജനിക്കാനുള്ള സാധ്യതയെക്കുറിച്ചും ബെഞ്ച് ആശങ്ക പ്രകടിപ്പിച്ചു. ദത്തുനല്‍കല്‍ എന്ന സാധ്യത അന്വേഷിക്കാൻ അഭിഭാഷകനോട് കോടതി നിർദേശിച്ചു.
മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്ടിന്റെ ഭേദഗതി ചെയ്ത സെക്ഷൻ 3 പ്രകാരം, ഗർഭച്ഛിദ്രത്തിനുള്ള ഉയർന്ന പരിധി 24 ആഴ്ചയാണ്. ബലാത്സംഗത്തെ അതിജീവിച്ച സ്ത്രീകള്‍ക്കാണ് ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ഇത്തരത്തില്‍ ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കുന്നത്. കുഞ്ഞിന്‍റെ ജനനം അമ്മയുടെയും കുഞ്ഞിന്‍റെയും ശാരീരിക, മാനസിക ആരോഗ്യത്തെ ബാധിക്കുമെന്ന് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയാലാണ് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കുക. എന്നാല്‍ പ്രത്യേക സാഹചര്യങ്ങളില്‍ 24 ആഴ്‌ചയ്‌ക്കപ്പുറവും ഗർഭച്ഛിദ്രത്തിന് അനുമതി നല്‍കാന്‍ കോടതിക്ക് കഴിയും. ഭ്രൂണത്തിന് വൈകല്യമുണ്ടെന്നും ഗര്‍ഭച്ഛിദ്രം സുരക്ഷിതമാണെന്നും വിദഗ്ധ ഡോക്ടർമാരുടെ മെഡിക്കൽ ബോർഡ് റിപ്പോര്‍ട്ട് നല്‍കണം.