India
Siddaramaiah

സിദ്ധരാമയ്യ

India

മന്ത്രിമാരുടെ മക്കൾക്കും ബന്ധുക്കൾക്കും തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നൽകുന്നത് കുടുംബ രാഷ്ട്രീയമല്ല : സിദ്ധരാമയ്യ

Web Desk
|
25 March 2024 5:45 AM GMT

വോട്ടര്‍മാരുടെ ശിപാര്‍ശ അംഗീകരിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ബെംഗളൂരു: മന്ത്രിമാരുടെ മക്കള്‍ക്കും ബന്ധുക്കള്‍ക്കും തെരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കുന്ന കുടുംബ രാഷ്ട്രീയമാകില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വോട്ടര്‍മാരുടെ ശിപാര്‍ശ അംഗീകരിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്‍റെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മരുമകനും അഞ്ച് മന്ത്രിമാരുടെ മക്കളും ഇടംപിടിച്ചിട്ടുണ്ട്. ''മണ്ഡലത്തിലെ ജനങ്ങള്‍ ശിപാര്‍ശ ചെയ്തവര്‍ക്കാണ് ഞങ്ങള്‍ ടിക്കറ്റ് നല്‍കിയത്. ഇത് കുടുംബ രാഷ്ട്രീയമല്ല.ജനങ്ങളുടെ അഭിപ്രായം അംഗീകരിക്കുകയാണ്'' സിദ്ധരാമയ്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു.കർണാടക മന്ത്രിമാരുടെ 10 കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടിക്കറ്റ് ലഭിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഖാർഗെയുടെ മരുമകൻ രാധാകൃഷ്ണ ദൊഡ്ഡമണി ഗുൽബർഗ (കലബുറഗി) ലോക്‌സഭാ മണ്ഡലത്തിൽ നിന്നുമാണ് മത്സരിക്കുന്നത്. പിഡബ്ല്യുഡി മന്ത്രി സതീഷ് ജാർക്കിഹോളിയുടെ മകൾ പ്രിയങ്ക ജാർക്കിഹോളി ചിക്കോടിയിൽ നിന്നും ജനവിധി തേടും. ബംഗളൂരു സൗത്തിൽ നിന്നുള്ള ബി.ജെ.പിയുടെ സിറ്റിംഗ് എം.പി തേജസ്വി സൂര്യയ്‌ക്കെതിരെ ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡിയുടെ മകൾ സൗമ്യ റെഡ്ഡി മത്സരിക്കും.ടെക്‌സ്‌റ്റൈൽ മന്ത്രി ശിവാനന്ദ് പാട്ടീലിൻ്റെ മകൾ സംയുക്ത എസ് പാട്ടീൽ ബഗൽകോട്ടിൽ നിന്നും വനിതാ ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറുടെ മകൻ മൃണാൾ ഹെബ്ബാൾക്കർ ബെൽഗാവിൽ (ബെലഗാവി)നിന്നും വനം മന്ത്രി ഈശ്വർ ഖന്ദ്രെയുടെ മകൻ സാഗർ ഖണ്ഡ്രെ ബിദാറിൽ നിന്നും മത്സരിക്കും. മുൻ രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ കെ റഹ്മാൻ ഖാൻ്റെ മകൻ മൻസൂർ അലി ഖാന്‍ ബെംഗളൂരു സെൻട്രലിൽ നിന്നും മന്ത്രി എസ്.എസ് മല്ലികാർജുൻ്റെ ഭാര്യ പ്രഭ മല്ലികാർജുൻ ദാവംഗരെയിൽ നിന്നും ജനവിധി തേടും.

കർണാടകയിൽ അവശേഷിക്കുന്ന നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥി പട്ടിക ഒന്നോ രണ്ടോ ദിവസത്തിനകം പാർട്ടി പുറത്തുവിടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കര്‍ണാടകയില്‍ 20 ലോക്സഭാ സീറ്റുകളിലെങ്കിലും വിജയിക്കുമെന്നും സിദ്ധരാമയ്യ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കർണാടകയിലെ 28 സീറ്റുകളിലും വിജയിക്കുമെന്ന് പറയുന്ന ബി.ജെ.പിയെപ്പോലെ താൻ കള്ളം പറയില്ലെന്നും തൻ്റെ അഭിപ്രായത്തിൽ അത് സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്‍റെ സര്‍ക്കാരിന്‍റെ അഞ്ച് ഗ്യാരണ്ടികള്‍ തെരഞ്ഞെടുപ്പിൽ പാർട്ടിയെ വിജയിപ്പിക്കാൻ സഹായിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. "ഞങ്ങൾ ഈ വർഷം ₹ 36,000 കോടി ചെലവഴിച്ചു. അടുത്ത സാമ്പത്തിക വർഷത്തേക്ക് ₹ 52,900 കോടി വകയിരുത്തും. ഞങ്ങൾ ബി.ജെ.പിയെപ്പോലെ കള്ളം പറയില്ല. ഞങ്ങൾ വാഗ്ദാനം ചെയ്തത് നടപ്പിലാക്കും," സിദ്ധരാമയ്യ പറഞ്ഞു.

തെരഞ്ഞെടുപ്പിലെ നേട്ടങ്ങളെയാണ് തൻ്റെ പാർട്ടി ആശ്രയിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, വാഗ്ദാനങ്ങൾ ഒരിക്കലും നടപ്പാക്കാത്ത ബി.ജെ.പിയിൽ നിന്ന് വ്യത്യസ്തമായി ജനങ്ങൾ തൻ്റെ സർക്കാരിനെ വിശ്വസിക്കുന്നുവെന്ന് പറഞ്ഞു. ''2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 600 വാഗ്ദാനങ്ങൾ നൽകിയെങ്കിലും 10 ശതമാനം പോലും നിറവേറ്റിയില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി നിങ്ങൾക്ക് 15 ലക്ഷം രൂപ നൽകിയോ? അദ്ദേഹം ചോദിച്ചു.

Similar Posts