'ബോംബ് ഷെൽട്ടറുകളിലേക്ക് മാറൂ'; യുക്രൈനിലെ ഇന്ത്യൻ പൗരന്മാർക്ക് സർക്കാർ നിർദേശം
|യുക്രൈനിൽ പതിനെട്ടായിരം ഇന്ത്യക്കാരാണ് ഉള്ളത്
ന്യൂഡൽഹി: റഷ്യ യുക്രൈനിൽ അധിനിവേശം നടത്തിയതിന് പിന്നാലെ, രാജ്യത്തുള്ള പൗരന്മാർക്ക് മൂന്നാമത്തെ ജാഗ്രതാ നിർദേശം നൽകി ഇന്ത്യ. സംഘര്‍ഷമുള്ള സ്ഥലങ്ങളില്‍ ബോംബ് ഷെൽട്ടറുകളിലേക്ക് മാറാനാണ് പൗരന്മാർക്ക് നൽകിയിട്ടുള്ള നിർദേശം. കിയവിലെ ഷെൽട്ടറുകളെ കുറിച്ചുള്ള വിവരങ്ങളും വിദേശകാര്യ മന്ത്രാലയം പങ്കുവച്ചിട്ടുണ്ട്.
'ചില സ്ഥലങ്ങളിൽ എയർ സൈറണുകളും ബോംബ് മുന്നറിയിപ്പുകളും വരുന്നതിനെ കുറിച്ച് ഞങ്ങൾ ബോധവാന്മാരാണ്. ഇത്തരം സാഹചര്യങ്ങളെ നിങ്ങൾ അഭിമുഖീകരിക്കുന്നുവെങ്കിൽ ഗൂഗ്ൾ മാപ്പിൽ കാണുന്ന, അടുത്തുള്ള അണ്ടർ ഗ്രൗണ്ട് മെട്രോകളിലെ ബോംബ് ഷെൽട്ടറുകളിലേക്ക് മാറണം.' - ഇന്ത്യൻ എംബസി അറിയിച്ചു.
യുക്രൈനിൽ പതിനെട്ടായിരം ഇന്ത്യക്കാരാണ് ഉള്ളതെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക്. ഇതിൽ സിംഹഭാഗവും വിദ്യാർത്ഥികളാണ്. ഇന്ത്യക്കാരെ ഒഴിപ്പിക്കാനായി എയർ ഇന്ത്യ വിമാനം യാത്ര കിയവിലേക്ക് തിരിച്ചിരുന്നുവെങ്കിലും വ്യാമമേഖല അടച്ചതിനാൽ തിരിച്ചുവരാൻ നിർബന്ധിതമാകുകയായിരുന്നു. തിരിച്ചെത്തിക്കാനുള്ള ബദൽ മാർഗങ്ങൾ ആരായുന്നുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ അറിയിച്ചു.
'ഫോൺ വഴി മലയാളി വിദ്യാർത്ഥികളുമായി സംസാരിച്ചു. ഭക്ഷണവും വെള്ളവും വൈദ്യുതിയും ലഭ്യമാണ് എന്നാണ് ദക്ഷിണ യുക്രൈനിൽ നിന്നുള്ള വിദ്യാർത്ഥികൾ പറഞ്ഞത്. വിദ്യാർത്ഥികളും രക്ഷിതാക്കളും പരിഭ്രാന്തരാകേണ്ടതില്ല. ഇറാഖ് പോലുള്ള സ്ഥലങ്ങളിൽ നിന്ന് സർക്കാർ ഇന്ത്യക്കാരെ തിരിച്ചെത്തിച്ചിട്ടുണ്ട്. ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പു വരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കൂടുതൽ ടെലിഫോൺ നമ്പറുകൾ നൽകി കൺട്രോൾ റൂം വികസിപ്പിച്ചിട്ടുണ്ട്.'- മുരളീധരൻ കൂട്ടിച്ചേർത്തു.
അതിനിടെ, വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അടിയന്തരയോഗം വിളിച്ചു. ആഭ്യന്തര മന്ത്രി, ആഭ്യന്തര സെക്രട്ടറി, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. യൂറോപ്യൻ യൂണിയനുമായി സംസാരിച്ചതായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ അറിയിച്ചു. യുക്രെയ്നിലെ ഗുരുതരമായ സാഹചര്യങ്ങളെക്കുറിച്ചും അതിന്റെ തീവ്രത കുറയ്ക്കാൻ ഇന്ത്യക്ക് എങ്ങനെ ഇടപെടാമെന്നതിനെയും കുറിച്ചാണ് സംസാരിച്ചതെന്ന് എസ്.ജയശങ്കർ പറഞ്ഞു.