India
ഗോവയില്‍ ബി.ജെ.പിക്ക് തലവേദനയായി ഭരണവിരുദ്ധ വികാരം; കോണ്‍ഗ്രസിന് വെല്ലുവിളിയുമായി എ.എ.പിയും തൃണമൂലും
India

ഗോവയില്‍ ബി.ജെ.പിക്ക് തലവേദനയായി ഭരണവിരുദ്ധ വികാരം; കോണ്‍ഗ്രസിന് വെല്ലുവിളിയുമായി എ.എ.പിയും തൃണമൂലും

Web Desk
|
13 Jan 2022 1:40 AM GMT

തുടര്‍ച്ചയായി 10 വര്‍ഷം ഭരിച്ചിട്ടും തൊഴിലില്ലായ്മ, വിലക്കയറ്റം, അഴിമതി എന്നിങ്ങനെയുള്ള നിരവധി പ്രശ്നങ്ങള്‍ ബി.ജെ.പി നേരിടുന്നുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ ഏറ്റവും കുറവ് സീറ്റുകളുള്ള സംസ്ഥാനമാണ് ഗോവ. ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ടാണ് ബി.ജെ.പി കളത്തിലിറങ്ങുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിന് വെല്ലുവിളിയായി ആം ആദ്മി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും മത്സര രംഗത്തുണ്ട്.

ഗോവയിലെ ബി.ജെ.പി ഭരണത്തിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ട്. തുടര്‍ച്ചയായി 10 വര്‍ഷം ഭരിച്ചിട്ടും തൊഴിലില്ലായ്മ, വിലക്കയറ്റം, അഴിമതി എന്നിങ്ങനെയുള്ള നിരവധി പ്രശ്നങ്ങള്‍ ബി.ജെ.പി നേരിടുന്നുണ്ട്. എന്നാല്‍ അതിനെ മറികടക്കാനുള്ള ശക്തി പ്രതിപക്ഷത്തിനില്ല എന്നതാണ് വസ്തുത. ഭരണവിരുദ്ധ വികാരം അനുകൂലമാകുമെന്ന പ്രതീക്ഷ കോണ്‍ഗ്രസിന് ഉണ്ടായിരുന്നെങ്കിലും ആം ആദ്മി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവര്‍ കൂടി ഭരണ വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാനുള്ള സാധ്യത രാഷ്ട്രീയ കേന്ദ്രങ്ങള്‍ മുന്നില്‍ കാണുന്നുണ്ട്. 40 ശതമാനത്തോളം ന്യൂനപക്ഷ വോട്ടുകളുള്ള 12 മണ്ഡലങ്ങളും 25 ശതമാനം ന്യൂനപക്ഷ വോട്ടുകളുമുള്ള 7 മണ്ഡലങ്ങളും സംസ്ഥാനത്തുണ്ട്. കോണ്‍ഗ്രസും തൃണമൂലും എ.എ.പിയും ഇത് ലക്ഷ്യംവെച്ചാല്‍ ന്യൂനപക്ഷ വോട്ടുകള്‍ ചിതറുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ.

കോണ്‍ഗ്രസിന്‍റെ വനിതാ വിഭാഗം നേതാവായ പ്രതിമ കുട്ടിനോ ആം ആദ്മി പാര്‍ട്ടിയിലേക്കും മുതിര്‍ന്ന നേതാവായ രവിനായിക് ബി.ജെ.പിയിലേക്കും പോയത് കോണ്‍ഗ്രസിന് ക്ഷീണമായിട്ടുണ്ട്. പ്രധാന നേതാക്കള്‍ പലരും പാര്‍ട്ടി വിട്ടതാണ് കോണ്‍ഗ്രസിന്‍റെ തലവേദന. പുതുമുഖ നേതാക്കളെ രംഗത്തിറക്കാനാണ് കോണ്‍ഗ്രസിന്‍റെ ആലോചന. പതിയെ ചുവട് ഉറപ്പിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് സ്ത്രീകള്‍ക്ക് 500 രൂപ വീതം പ്രതിമാസം അക്കൌണ്ടില്‍ നിക്ഷേപിക്കുമെന്ന വാഗ്ദാനമാണ് നല്‍കുന്നത്. കോണ്‍ഗ്രസുമായി സഖ്യത്തിന് തൃണമൂല്‍ ശ്രമിക്കുന്നുണ്ടെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് രംഗത്ത് നേരത്തെ ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ് ആം ആദ്മി പാര്‍ട്ടി.

Similar Posts