'കന്നുകാലികളെ പോലെ വിലക്ക് വാങ്ങാൻ നിന്നുകൊടുത്തു'; കൂറുമാറിയ എംഎൽഎമാർക്കെതിരെ വിജയ് സർദേശായി
|ഈ സമയത്ത് രാഹുൽ ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ യാത്ര'യാണ് (യുണൈറ്റഡ് ഇന്ത്യ മാർച്ച്) കൂടുതൽ നാണക്കേട്.
പനാജി: കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന എംഎൽഎമാർക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് സഖ്യകക്ഷിയായ ഗോവ ഫോർവേഡ് പാർട്ടി. കൂറുമാറിയ എംഎൽഎമാർ ശുദ്ധദുഷ്ടന്മാരും ജനങ്ങളുടെയും ദൈവത്തിന്റെയും ശത്രുക്കളുമാണെന്ന് ഗോവ ഫോർവേഡ് പാർട്ടി അധ്യക്ഷനും ഏക എംഎൽഎയുമായ വിജയ് സർദേശായി പറഞ്ഞു.
"മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്തിന്റെയും മുതിർന്ന നേതാവ് മൈക്കിൾ ലോബോയുടെയും നേതൃത്വത്തിൽ 11 കോൺഗ്രസ് എംഎൽഎമാരിൽ എട്ട് പേർ ബിജെപിയിൽ ചേർന്നു. ജൂലൈയിൽ ഇത് തടയാൻ കോൺഗ്രസിന് കഴിഞ്ഞു, എന്നാൽ ഈ സമയമോ? ഈ സമയത്ത് രാഹുൽ ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ യാത്ര'യാണ് (യുണൈറ്റഡ് ഇന്ത്യ മാർച്ച്) കൂടുതൽ നാണക്കേട്."
വക്രബുദ്ധിയുടെയും വ്യാജമനസോടെയും അത്യാർത്തി മൂലം ബിജെപിയിലേക്ക് പോയപ്പോൾ പിന്നിൽ നിന്ന് കുത്തേറ്റ പോലെയാണ് ഗോവക്ക് അനുഭവപ്പെട്ടത്. വഞ്ചനയുടെയും കൃത്രിമത്വത്തിലൂടെയും ഭരണം നിലനിർത്താൻ ശ്രമിക്കുകയാണ് ബിജെപി. വിലക്ക് വാങ്ങാൻ സ്വയം കന്നുകാലികളെ പോലെ നിന്നുകൊടുക്കുകയാണ് എംഎൽഎമാർ ചെയ്തത്. രാഷ്ട്രീയ കൂറുമാറ്റങ്ങൾ ജനവിധിയുടെ വഞ്ചന മാത്രമല്ല,ദൈവത്തിന്റെ നിന്ദയും പരിഹാസവും കൂടിയാണ്. ഈ രാജ്യദ്രോഹികളെ തള്ളിക്കളയണം. അവരെ ശത്രുക്കളായി മുദ്രകുത്തണമെന്നും സർദേശായി ജനങ്ങളോട് അഭ്യർത്ഥിച്ചു.
മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്ത് അടക്കം എട്ട് കോൺഗ്രസ് എംഎൽഎമാരാണ് ഇന്ന് ബിജെപിയിൽ ചേർന്നത്. കാമത്തിനു പുറമേ പ്രതിപക്ഷ നേതാവ് മൈക്കൽ ലോബോ, ദെലീല ലോബോ, രാജേഷ് ഫാൽദേശായി, കേദാർ നായിക്, സങ്കൽപ് അമോങ്കർ, അലക്‌സോ സെക്വീര, റുഡോൾഫ് ഫെർണാണ്ടസ് എന്നിവരാണ് പാർട്ടി വിട്ടത്.