India
ഗോവ പിടിക്കാൻ തന്ത്രങ്ങളുമായി തൃണമൂൽ; മഹാരാഷ്ട്രവാദി ഗോമന്ദക് പാർട്ടിയുമായി സഖ്യം
India

ഗോവ പിടിക്കാൻ തന്ത്രങ്ങളുമായി തൃണമൂൽ; മഹാരാഷ്ട്രവാദി ഗോമന്ദക് പാർട്ടിയുമായി സഖ്യം

Web Desk
|
6 Dec 2021 1:05 PM GMT

ലോക്‌സഭാ എംപിയും നടിയുമായ മെഹുവ മോയിത്രയ്ക്കാണ് മമത ബാനർജി ഗോവയുടെ ചുമതല നൽകിയിരിക്കുന്നത്.

ഗോവ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മമത ബാനര്‍ജി നടത്തുന്ന പ്രചാരണങ്ങള്‍ക്ക് പിന്നാലെ ബിജെപിയുടെ മുൻ സഖ്യകക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്ദക് പാർട്ടിയുമായി തൃണമൂൽ സഖ്യത്തിലേർപ്പെട്ടു. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ തകർപ്പൻ വിജയത്തിന് ശേഷം തൃണമൂൽ കോൺഗ്രസ് ദേശീയതലത്തിൽ ചുവടുറപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌. ഇതിന്റെ മുന്നോടിയാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടികളുമായി സഖ്യത്തിലേർപ്പെടുന്നത്. തൃണമൂൽ കൂടുതൽ ശ്രദ്ധ നൽകുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഗോവ.

2017ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോഴും എംജിപി അടക്കമുള്ള ചെറുപാർട്ടികളുമായി സഖ്യം രൂപീകരിച്ചാണ് ബിജെപി ഗോവയിൽ അധികാരം പിടിച്ചത്. 2007ൽ കോൺഗ്രസ് സഖ്യത്തിലായിരുന്നു എംജിപി. എന്നാൽ 2017ൽ മൂന്ന് എംഎൽഎമാരുമായി ബിജെപിയ്‌ക്കൊപ്പം കൂടിയ എംജിപിയ്ക്ക് രണ്ട് മന്ത്രിസ്ഥാനങ്ങളും കിട്ടി. രണ്ട് എംഎൽഎമാർ രാജിവെച്ച് ബിജെപിയിൽ ചേർന്നതോടെ പാർട്ടിയുടെ അംഗബലം ഒന്നായി ചുരുങ്ങുകയായിരുന്നു.

അതേസമയം കോൺഗ്രസിനെ പ്രതിരോധത്തിലാക്കി ഗോവയിലെ നിരവധി നേതാക്കളാണ് തൃണമൂലിലേക്ക് ചേക്കേറുന്നത്. ഗോവ മുൻ മുഖ്യമന്ത്രി ലൂയിസിഞ്ഞോ ഫലീറോ കോൺഗ്രസുമായുള്ള ദശാബ്ദങ്ങൾ നീണ്ട ബന്ധം അവസാനിപ്പിച്ച് ടി.എം.സിയിൽ ചേർന്നിരുന്നു. നേരത്തെ നടിയും മുൻ മിസ് ഇന്ത്യയുമായ നഫീസ അലിയും തൃണമൂൽ കോൺഗ്രസിൽ ചേർന്നിരുന്നു. സാമൂഹ്യപ്രവർത്തക കൂടിയായ നഫീസ അലി എയ്ഡ്‌സ് ബോധവത്കരണ മേഖലയിൽ പ്രവർത്തിക്കുന്ന ആക്ഷൻ ഇന്ത്യ എന്ന സംഘടനയുടെ പ്രവർത്തനങ്ങളിൽ സജീവമാണ്. ബിഗ് ബി എന്ന ചിത്രത്തിലൂടെയാണ് നഫീസയെ മലയാളികൾക്ക് പരിചയം. ചിത്രത്തിൽ മേരി ജോൺ കുരിശിങ്കൽ എന്ന കഥാപാത്രത്തെയാണ് നഫീസ അലി അവതരിപ്പിച്ചത്.



40 സീറ്റുകളുള്ള ഗോവ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഫെബ്രുവരിയിലാണ്. ശക്തമായ ത്രികോണ മത്സരത്തിനായിരിക്കും ഗോവ സാക്ഷ്യം വഹിക്കുക. ലോക്‌സഭാ എംപിയും നടിയുമായ മെഹുവ മോയിത്രയ്ക്കാണ് മമത ബാനർജി ഗോവയുടെ ചുമതല നൽകിയിരിക്കുന്നത്.

Related Tags :
Similar Posts