India
ബ്രാഹ്‌മണരാണ്, നല്ല സംസ്‌കാരമുള്ളവരാണ്; ബിൽക്കീസ് ബാനുവിനെ ബലാത്സംഗം ചെയ്ത പ്രതികളെ പുകഴ്ത്തി ബി.ജെ.പി എം.എൽ.എ
India

'ബ്രാഹ്‌മണരാണ്, നല്ല സംസ്‌കാരമുള്ളവരാണ്'; ബിൽക്കീസ് ബാനുവിനെ ബലാത്സംഗം ചെയ്ത പ്രതികളെ പുകഴ്ത്തി ബി.ജെ.പി എം.എൽ.എ

Web Desk
|
18 Aug 2022 1:42 PM GMT

റൗൾജി എം.എൽ.എ അടങ്ങുന്ന പാനലാണ് ബിൽക്കീസ് ബാനുവിനെ ഗർഭിണിയായിരിക്കെ കൂട്ടബലാത്സംഗം ചെയ്യുകയും കുഞ്ഞിനെ കൊല്ലുകയും ചെയ്തവർക്ക് ശിക്ഷ ഇളവ് നൽകാൻ ശിപാർശ നൽകിയത്

അഹമ്മദാബാദ്: ഗുജറാത്ത് കലാപത്തിൽ ബിൽക്കീസ് ബാനുവിനെ ബലാത്സംഗം ചെയ്ത പ്രതികളെ പുകഴ്ത്തി ഗോധ്രയിലെ ബി.ജെ.പി എം.എൽ.എ സി.കെ. റൗൾജി. മോജോ സ്‌റ്റോറിയെന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് എം.എൽ.എ പീഡന- കലാപ കുറ്റങ്ങൾ ചുമത്തപ്പെട്ട് ജയിൽശിക്ഷ അനുഭവിച്ചവരെ പുകഴ്ത്തിയത്. പ്രതികൾ ബ്രാഹ്‌മണരാണെന്നും നല്ല സംസ്‌കാരമുള്ളവരാണെന്നുമായിരുന്നു എം.എൽ.എയുടെ വാക്കുകൾ. അവർ കുറ്റം ചെയ്‌തോ ഇല്ലേയെന്ന് തനിക്ക് അറിയില്ലെന്നും എന്നാൽ പ്രതികളായി ശിക്ഷ അനുഭവിച്ചപ്പോൾ അവരുടെ പെരുമാറ്റം നന്നായിരുന്നുവെന്നും റൗൾജി പറഞ്ഞു.

റൗൾജി എം.എൽ.എ അടങ്ങുന്ന പാനലാണ് ബിൽക്കീസ് ബാനുവിനെ ഗർഭിണിയായിരിക്കെ കൂട്ടബലാത്സംഗം ചെയ്യുകയും കുഞ്ഞിനെ കൊല്ലുകയും ചെയ്തവർക്ക് ശിക്ഷ ഇളവ് നൽകാൻ ശിപാർശ നൽകിയത്. 11 പ്രതികളെയാണ് ആഗസ്റ്റ് 15-ന് ഗുജറാത്ത് സർക്കാർ വിട്ടയച്ചത്. 2002 ഗുജറാത്ത് കലാപത്തിനിടെയാണ് ബിൽക്കീസ് ബാനുവിനെ പ്രതികൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ബിൽക്കീസ് ബാനുവിന്റെ ഒരു ചെറിയ കുഞ്ഞിനെ നിലത്തടിച്ച് കൊന്ന പ്രതികൾ കുടുംബത്തിലെ ഏഴുപേരെയാണ് അന്ന് ക്രൂരമായി കൊലപ്പെടുത്തിയത്.

2002ലെ ഗുജറാത്ത് കൂട്ടക്കൊലയുടെ അതിജീവിച്ച ബിൽക്കിസ് ബാനു നടത്തിയ അതുല്യമായ പോരാട്ടമാണ് നീതി 2017 മേയിൽ പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുത്തത്. ബോംബെ ഹൈക്കോടതി കേസിലെ 11 കുറ്റവാളികളെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. തെളിവ് നശിപ്പിക്കാൻ ശ്രമിച്ച അഞ്ച് പൊലീസുകാരെയും രണ്ട് ഡോക്ടർമാരെയും ഹൈക്കോടതി ശിക്ഷിച്ചു. ഇതാണ് ഗുജറാത്ത് സർക്കാർ രാജ്യ സ്വാതന്ത്ര്യത്തിന്റെ 75 ആണ്ട് ആഘോഷിക്കെ അട്ടിമറിച്ചത്. കുറ്റവാളികളിലൊരാളായ രാധശ്യാം ഷാ ജയിൽമോചനത്തിനായി സുപ്രിംകോടതിയെ സമീപിച്ചതാണ് സംസ്ഥാന സർക്കാർ ശിക്ഷ ഇളവ് ചെയ്യുന്നതിലെത്തിയത്. ജയിൽമോചിതരായ ശേഷം കുറ്റവാളികളെ ഹിന്ദുത്വർ ഹാരമണിയിക്കുകയും മധുരപലഹാരങ്ങൾ നൽകുകയും ചെയ്യുന്ന വീഡിയോകൾ പ്രചരിച്ചിരുന്നു.

പ്രതികൾക്ക് ശിക്ഷയിളവ് നൽകി വിട്ടയച്ചതിനെതിരെ ബിൽക്കീസ് ബാനുവും അഭിഭാഷക ശോഭാ ഗുപ്തയും രംഗത്ത് വന്നിരുന്നു. താനിപ്പോഴും മരവിപ്പിലാണെന്നും ഭയമില്ലാതെ ജീവിക്കാനുള്ള തന്റെ അവകാശം തിരികെ തരണമെന്നുമായിരുന്നു ബിൽക്കീസ് ബാനു പ്രതികരിച്ചത്. പ്രതികളെ വെറുതെവിട്ടതിനെ കുറിച്ച് കേട്ടതോടെ തനിക്ക് പറയാൻ വാക്കുകൾ ഇല്ലാതായിപ്പോയെന്നും പ്രതികളുടെ മോചനം തന്റെ സമാധാനം തകർത്തെന്നും എങ്ങനെയാണ് ഒരു സ്ത്രീക്കുള്ള നീതി ഇത്തരത്തിൽ അവസാനിക്കുകയെന്നും ബിൽക്കീസ് ബാനു പ്രസ്താവനയിൽ പറഞ്ഞു.

കൊലപാതകത്തിനും ബലാത്സംഗത്തിനും ശിക്ഷിക്കപ്പെട്ട മുഴുവൻ പ്രതികളും ഇനി ശിക്ഷയിളവിന് അപേക്ഷിക്കുമെന്ന് അഭിഭാഷക ശോഭാ ഗുപ്ത പറഞ്ഞു. കുറ്റകൃത്യത്തിന്റെ മൊത്തത്തിലുള്ള ഗൗരവം പരിശോധിക്കാതെയാണ് പ്രതികളെ വിട്ടയക്കാൻ തീരുമാനിച്ചതെന്നും അവർ പറഞ്ഞു. എല്ലാ പീഡനക്കേസ് പ്രതികളും 14 വർഷത്തെ തടവിനു ശേഷം ഇനി മോചനത്തിന് അപേക്ഷിക്കുമെന്നാണ് തോന്നുന്നത്. ഈ കേസിൽ പ്രതികളെ വിട്ടയച്ച സാഹചര്യത്തിൽ മറ്റു പീഡനക്കേസ് പ്രതികൾക്കും മോചനം ആവശ്യപ്പെടുന്നതിന് എന്താണ് തടസ്സമെന്ന് ശോഭാ ഗുപ്ത ചോദിച്ചു. പ്രതികളെ വിട്ടയച്ച തീരുമാനം നിയമപരമായി ശരിയല്ലെന്നും കുറ്റവാളികളെ വിട്ടയക്കുന്ന 1992ലെ നയം ഇപ്പോൾ നിലവിലില്ലെന്നും അവർ പറഞ്ഞു.

Godhra's BJP MLA C.K. Raulji praised the accused who raped Bilkis Banu in the Gujarat riots.

Similar Posts