India
Wedding
India

ക്ഷണക്കത്തടിച്ചതും അതിഥികളെ ക്ഷണിച്ചതും പൊലീസ്, സ്വര്‍ണവും വാഷിംഗ് മെഷീനുമടക്കമുള്ള സമ്മാനങ്ങള്‍; പിതാവ് മരിച്ച യുവതിയുടെ വിവാഹം ആഘോഷമാക്കി യുപി പൊലീസ്

Web Desk
|
15 Jun 2024 2:47 AM GMT

എത്മാദ്പൂർ ഗ്രാമത്തിലെ മനോജ് കുമാറുമായിട്ടാണ് മഹിമയുടെ വിവാഹം നിശ്ചയിച്ചിരുന്നത്

ഷാജഹാൻപൂർ: പിതാവ് മരിച്ച യുവതിയുടെ വിവാഹം ഏറ്റെടുത്ത് നടത്തിയ യു.പി പൊലീസിന്‍റെ പ്രവൃത്തി സമൂഹത്തിനാകെ മാതൃകയായിരിക്കുകയാണ്. ക്ഷണക്കത്തടിച്ചതും അതിഥികളെ ക്ഷണിച്ചതും കന്യാദാനം നടത്തിയതുമെല്ലാം പൊലീസായിരുന്നു. യുപിയിലെ ഷാജഹാൻപൂർ ജില്ലാപൊലീസാണ് വിവാഹം നടത്തിയത്.

20കാരിയായ മഹിമയുടെ പിതാവ് റാം ആശ്രേ(42) കഴിഞ്ഞ ഏപ്രില്‍ 16നാണ് ആത്മഹത്യ ചെയ്തത്. ബാങ്ക് വായ്പപ തിരിച്ചടക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നായിരുന്നു ഓട്ടോ ഡ്രൈവറും കമൽ നൈൻപൂർ ഗ്രാമവാസിയുമായ റാം ജീവനൊടുക്കിയത്. മഹിമയെക്കൂടാതെ മൂന്നു പെണ്‍കുട്ടികളും 12 വയസുള്ള ആണ്‍കുട്ടിയുമാണ് റാം-ഗുഡ്ഡി ദേവി ദമ്പതികള്‍ക്ക്. ദലിത് വിഭാഗത്തില്‍ പെട്ടതാണ് കുടുംബം. എത്മാദ്പൂർ ഗ്രാമത്തിലെ മനോജ് കുമാറുമായിട്ടാണ് മഹിമയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.

മഹിമയുടെ വിവാഹം നടത്താന്‍ ഗുഡ്ഡി ദേവി ബുദ്ധിമുട്ടുന്ന സമയത്താണ് പൊലീസ് സഹായത്തിനെത്തുന്നത്. കാന്ത് പോലീസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ ദയാശങ്കർ സിംഗ് മഹിമയുടെ വീട്ടിൽ ചെന്നപ്പോഴാണ് സംഭവം അറിഞ്ഞതെന്ന് ഷാജഹാന്‍പൂര്‍ എസ്.പി അശോക് കുമാര്‍ മീണ പറഞ്ഞു. തുടര്‍ന്ന് വിവാഹച്ചെലവുകളടക്കമുള്ള കാര്യങ്ങള്‍ പൊലീസ് ഏറ്റെടുത്ത് നടത്തുകയായിരുന്നു.

ക്ഷണക്കത്തടിച്ചതും അതിഥികളെ ക്ഷണിച്ചതും വിവാഹപ്പന്തലില്‍ അവരെ സ്വീകരിച്ചതുമെല്ലാം പൊലീസായിരുന്നു. വ്യാഴാഴ്ചയായിരുന്നു വിവാഹം. വിവാഹ ഘോഷയാത്രക്ക് മുന്നില്‍ നിന്നതും ഷാജഹാന്‍പൂര്‍ പൊലീസായിരുന്നു. എസ്.പിയും എസ്എച്ച്ഒയും ചേര്‍ന്നാണ് കന്യാദാനം നടത്തിയത്. 500ലധികം പേര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. മഹിമയ്ക്ക് സ്വർണം, വെള്ളി ആഭരണങ്ങളും മൊബൈൽ ഫോൺ, വാഷിംഗ് മെഷീൻ, ഫർണിച്ചർ തുടങ്ങിയ സമ്മാനങ്ങളും നൽകിയതായി എസ്.പി പറഞ്ഞു.ജൂണ്‍ 12ന് തിലകം ചാര്‍ത്താന്‍ പൊലീസ് വരന്‍റെ ഗ്രാമത്തില്‍ പോയിരുന്നുവെന്നും എസ്.പി കൂട്ടിച്ചേര്‍ത്തു. ഭര്‍ത്താവിന്‍റെ മരണശേഷം മഹിമയുടെ വിവാഹം എങ്ങനെ നടത്തുമെന്ന ചിന്തയിലായിരുന്നുവെന്നും അപ്പോഴാണ് പൊലീസ് മുന്നോട്ടുവന്ന് സഹായിച്ചതെന്നും ഗുഡ്ഡി ദേവി പറഞ്ഞു.

Related Tags :
Similar Posts