കിഡ്നി സ്റ്റോൺ മാറാൻ മൂത്രം കുടിച്ചാൽ മതിയെന്ന് മറുപടി നൽകി ഗൂഗിൾ എസ്.ജി.ഇ; വെെറലായി പോസ്റ്റ്
|എ.ഐ അടിസ്ഥാനമാക്കി ഗൂഗിൾ നിർമ്മിച്ച സെർച്ച് സാങ്കേതിക വിദ്യയായ എസ്.ജി.ഇ
ഡൽഹി: കിഡ്നി സ്റ്റോൺ മാറാൻ വഴി തേടിയ നിങ്ങളോട് മൂത്രം കുടിക്കാൻ പറഞ്ഞാലോ? എങ്ങനെയിരിക്കും? ഇതെന്ത് മണ്ടത്തരം എന്നല്ലേ ചിന്തിക്കുന്നത്. എന്നാൽ ഇങ്ങനെയൊരു അബദ്ധം പറഞ്ഞ് വെട്ടിലായിരിക്കുകയാണ് നിർമിത ബുദ്ധി അടിസ്ഥാനമാക്കി ഗൂഗിൾ നിർമ്മിച്ച സെർച്ച് സാങ്കേതിക വിദ്യയായ എസ്.ജി.ഇ (Search Generative Experience). ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഗൂഗിൾ വികസിപ്പിച്ചതാണ് എസ്.ജി.ഇ. കിഡ്നിയിലെ കല്ല് എങ്ങനെ മാറ്റാം എന്നതായിരുന്നു ചോദ്യം. ഇതിന് മറുപടിയായാണ് ഓരോ 24 മണിക്കൂറിലും നിങ്ങളുടെ രണ്ട് ലിറ്റർ മൂത്രം കുടിക്കാൻ എസ്.ജി.ഇ ഉപദേശിച്ചത്. ഒരു എക്സ് യൂസറാണ് വിചിത്രമായ അനുഭവം പങ്കുവെച്ച് രംഗത്തുവന്നത്. അദ്ദേഹം പങ്കുവെച്ച സ്ക്രീൻഷോട്ട് എക്സിൽ ഇതിനോടകം വൈറലാണ്.
ഓരോ 24 മണിക്കൂറിലും നിങ്ങളുടെ രണ്ട് ലിറ്റർ മൂത്രം കുടിക്കാനുള്ള ഉപദേശിക്കുകയും ഇതിന് പിന്നാലെ വെള്ളം, ഇഞ്ചി നീര്, നാരങ്ങാ വെള്ളം, നാരങ്ങ സോഡ അല്ലെങ്കിൽ പഴച്ചാർ കുടിക്കാനും പറയുന്നുണ്ട്. എന്തായാലും സംഭവം വൈറലായതോടെ അപകടകരമായ നിർദേശം നൽകിയ ഗൂഗിളിനെ വിമർശിച്ച് നിരവധി പേർ സോഷ്യൽമീഡിയകളിലൂടെ രംഗത്തെത്തി. ഗൂഗിളിന്റെ എ.ഐ സംവിധാനത്തിനെതിരെ നിരവധി വിമർശനങ്ങളാണ് ഇതിനു പിന്നാലെ നേരിടേണ്ടി വരുന്നത്. ‘സ്ഥിരമായി മൂത്രം രണ്ട് ലിറ്റർ വെച്ച് കുടിക്കുന്നതു കൊണ്ട് എനിക്ക് കിഡ്നിയിൽ കല്ല് ഇല്ലെ‘ന്ന് പരിഹസിച്ചും പോസ്റ്റിനു താഴെ കമന്റുകളെത്തി.