India
കാദംബിനി ഗാംഗുലി; പൊതുബോധങ്ങളുടെ കെട്ടുപൊട്ടിച്ച ഇന്ത്യയിലെ ആദ്യ വനിത ഡോക്ടര്‍
India

കാദംബിനി ഗാംഗുലി; പൊതുബോധങ്ങളുടെ കെട്ടുപൊട്ടിച്ച ഇന്ത്യയിലെ ആദ്യ വനിത ഡോക്ടര്‍

ഷെഫി ഷാജഹാന്‍
|
18 July 2021 7:30 AM GMT

ഇന്ത്യയിലെ സ്ത്രീപക്ഷ പോരാട്ടങ്ങളുടെ താളുകളില്‍ സുവര്‍ണ്ണ ലിപികളാല്‍ എഴുതിച്ചേര്‍ത്ത അധ്യായങ്ങളില്‍ ഒന്നിന്‍റെ പേരായിരുന്നു കാദംബിനി ഗാംഗുലിയെന്നത്...

ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥിതിയില്‍ സ്ത്രീകളുടെ പിന്നാക്കാവസ്ഥ അതിന്‍റെ പാരമ്യത്തില്‍ എത്തിനില്‍ക്കുന്ന കാലം. വിദ്യാഭ്യാസ രംഗത്ത് വിരലിലെണ്ണാവുന്ന സ്ത്രീ പ്രാതിനിധ്യം മാത്രമുണ്ടായിരുന്ന ബ്രിട്ടീഷ് ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന എല്ലാ പൊതുബോധങ്ങളുടെയും കെട്ടുപൊട്ടിച്ച് മെഡിക്കല്‍ ബിരുദം കരസ്ഥമാക്കിയ ആദ്യ വനിത. കാദംബിനി ഗാംഗുലി, ഇന്ത്യയിലെ സ്ത്രീപക്ഷ പോരാട്ടങ്ങളുടെ താളുകളില്‍ സുവര്‍ണ്ണ ലിപികളാല്‍ എഴുതിച്ചേര്‍ത്ത അധ്യായങ്ങളില്‍ ഒന്നിന്‍റെ പേരായിരുന്നു അത്.

1878ലാണ് കാദംബിരി ഗാംഗുലി യൂണിവേഴ്‌സിറ്റി ഓഫ് കൊല്‍ക്കത്തയുടെ എന്‍ട്രന്‍സ് എക്‌സാം എഴുതി വിജയിക്കുന്നത്. തുടര്‍ന്ന് ഫസ്റ്റ് ആര്‍ട്സ് കോഴ്‌സും 1883-ല്‍ മെഡിക്കല്‍ ബിരുദം പൂര്‍ത്തിയാക്കി. ബ്രിട്ടീഷ് ഇന്ത്യയില്‍ ആദ്യമായി എന്‍ട്രന്‍സ് എക്‌സാം എഴുതിയ വനിത, വിജയിച്ച ആദ്യ വനിത, ബിരുദമെടുത്ത ആദ്യ വനിത, മെഡിക്കല്‍ ബിരുദമെടുത്ത ആദ്യ വനിത. അങ്ങനെ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ രംഗത്തില്‍ ആദ്യ പേരുകാരിയായി കാദംബിരി ഗാംഗുലി മാറി. ഇന്ത്യയുടെ ആദ്യ വനിതാ ഡോക്ടറെന്ന നേട്ടം കരസ്ഥമാക്കിയ കാദംബിരി ഗാംഗുലിയുടെ ജന്മദിനമാണിന്ന്. കാദംബിനിയുടെ 160-ാം പിറന്നാളിനോടനുബന്ധിച്ച് ഗൂഗിള്‍ തങ്ങളുടെ ഡൂഡിലിലൂടെ വിദ്യാഭ്യാസ രംഗത്തെ പ്രതിഭക്ക് ആദരമര്‍പ്പിച്ചു.




ബ്രഹ്മസമാജം പ്രവർത്തകനായ ബ്രജകിഷോർ ബസുവിന്‍റെ മകളായി ബിഹാറിലെ ഭഗൽപൂരിലായിരുന്നു കാദംബിനി ഗാംഗുലിയുടെ ജനനം. ഭഗൽപൂർ സ്കൂളിലെ പ്രധാനാധ്യാ പകനായിരുന്ന ബ്രജകിഷോർ ബസുവും അഭയ് ചരൺ മല്ലിക്കും ചേർന്നാണ് 1863-ൽ ഭഗൽ‌പൂർ മഹിളാ സമിതി എന്ന സ്ത്രീവിമോചനപ്രസ്ഥാനത്തിന് തുടക്കം കുറിക്കുന്നത്. ബംഗ മഹിളാ വിദ്യാലയത്തിൽ പഠനമാരംഭിച്ച കാദംബിനി 1878-ൽ കൽക്കട്ടാ യൂണിവേഴ്സിറ്റിയുടെ പ്രവേശനപരീക്ഷയിൽ വിജയം നേടിയ ആദ്യവനിതയായി മാറി. ബെതൂൺ കോളേജിൽ നിന്ന് ഒരുമിച്ച് ബിരുദമെടുത്ത കാദംബിനി, ചന്ദ്രമുഖി ബസു എന്നിവരാണ് ഇംഗ്ലണ്ടിനു പുറത്തെ ബ്രിട്ടീഷ് സാമ്രാജ്യത്തിലെ തന്നെ ബിരുദധാരികളായ ആദ്യത്തെ വനിതകളെന്ന നേട്ടം കരസ്ഥമാക്കിയവര്‍.

മെഡിക്കൽ കോളേജിൽ പഠനത്തിനായി ചേർന്ന വര്‍ഷം തന്നെ കാദംബിനി ബ്രഹ്മസമാജം പ്രവർത്തകനും സാമൂഹ്യപരിഷ്ക്കർത്താവുമായ ദ്വാരകാനാഥ് ഗാംഗുലിയെ വിവാഹം കഴിച്ചു. ശൈശവ വിവാഹങ്ങള്‍ നിര്‍ബന്ധമായിരുന്ന കാലത്ത് ഇരുപതാമത്തെ വയസ്സിലാണ് കാദംബിനി വിവാഹിതയാകുന്നത്. പാശ്ചാത്യവൈദ്യശാസ്ത്രത്തിലെ ആദ്യ ഇന്ത്യൻ വനിതാ ഡോക്ടറായ കാദംബിനി 1888-ൽ 'ലേഡി ഡഫറിൻ വിമൻസ് ഹോസ്പിറ്റലിൽ' 300 രൂപ പ്രതിമാസശമ്പളത്തിൽ ജോലിയിൽ പ്രവേശിച്ചു.

പിന്നീട് 1892-ൽ യു.കെയിലെത്തുകയും എഡിന്‍ബര്‍ഗ് കോളേജ് ഓഫ് മെഡിസിന്‍ ഫോര്‍ വിമന്‍, ഗ്ലാസ്‌ഗോ, ഡബ്ലിന്‍ എിവിടങ്ങളില്‍ നിന്ന് LRCP (എഡിൻബർഗ്), LRCS (ഗ്ലാസ്ഗോ), GFPS (ഡബ്ലിൻ) ബിരുദങ്ങൾ നേടുകയും ചെയ്തു. കുറച്ച് കാലം ലേഡി ഡഫ്രിന്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്ത കാദംബിനി പിന്നീട് സ്വകാര്യ പ്രാക്റ്റീസും ആരംഭിച്ചു.

വൈദ്യശാസ്ത്ര രംഗത്തെ പോലെ തന്നെ സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിലും കാദംബിനി ക്രിയാത്മകമായി പ്രവർത്തിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ തുടക്ക കാലം മുതൽ തന്നെ കാദംബിനിയുടെ ഭര്‍ത്താവായ ദ്വാരകാനാഥ് ഗാംഗുലി അതിന്‍റെ വാർഷിക സെഷനുകളിൽ സ്ത്രീപ്രാതിനിധ്യത്തിനു വേണ്ടി വാദിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് 1889-ലെ വാർഷികയോഗത്തിൽ പങ്കെടുത്ത ആറ് വനിതാപ്രതിനിധികള്‍ പങ്കാളികളായി. അതില്‍ ഒരാള്‍ കാദംബിനി ഗാംഗുലി ആയിരുന്നു.

1891ൽ തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ പ്രസിദ്ധീകരിച്ച ബംഗബസി എന്ന പ്രസിദ്ധീകരണത്തിന്‍റെ എഡിറ്റര്‍ക്കെതിരെ അവർ നിയമനടപടിയുമായി മുന്നോട്ടുപോയിരുന്നു. തുടര്‍ന്ന് പ്രസിദ്ധീകരണത്തിന്‍റെ എഡിറ്ററായിരുന്ന മോഹേഷ് ചന്ദ്ര പാലിന് 100 രൂപ പിഴയും ആറുമാസം തടവും ശിക്ഷ ലഭിക്കുകയും ചെയ്തു.

രാഷ്ട്രീയ-സാമൂഹിക രംഗത്ത് ശക്തമായ ഇടപെടലുകള്‍ തുടര്‍ന്ന കാദംബിനി 1906-ൽ ബംഗാൾ വിഭജനത്തെത്തുടർന്ന് കൊൽക്കത്തയിൽ ഒരു വിമൻസ് കോൺഫറൻസ് സംഘടിപ്പിച്ചിരുന്നു. 1908-ൽ സൗത്ത് ആഫ്രിക്കയിൽ സത്യഗ്രഹസമരം നടത്തിയ ഇന്ത്യൻ തൊഴിലാളികൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കൊൽക്കത്തയിൽ ഒരു സമ്മേളനം വിളിച്ചു ചേർക്കുകയും അധ്യക്ഷത വഹിക്കുകയും ചെയ്തു. അവർക്ക് വേണ്ടി സാമ്പത്തികസഹായത്തിനായി പണം സ്വരൂപിക്കുവാനും കാദംബിനി പ്രയത്നിച്ചു. അസമിലെ തേയിലത്തോട്ടം തൊഴിലാളികൾ നേരിട്ട ചൂഷണത്തിനെതിരെ ദ്വാരകാനാഥ് ഗാംഗുലിയുടെ പ്രവർത്തനങ്ങൾക്കും കാദംബിനി പിന്തുണ നൽകിയിരുന്നു. 1922-ൽ കൽക്കരി ഖനിത്തൊഴിലാളികളായ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കുവാൻ സർക്കാർ നിയോഗിച്ച അന്വേഷണ കമ്മീഷന്‍റെ ഭാഗമായി കാമിനി റോയിയോടുമൊത്ത് ബിഹാർ, ഒറീസ എന്നിവിടങ്ങളില്‍ കാദംബിനി സന്ദര്‍ശനം നടത്തി.

ജീവിതപങ്കാളിയായ ദ്വാരകാനാഥ് ഗാംഗുലിയുടെ വിയോത്തെതുടര്‍ന്ന് പൊതു രംഗത്ത് നിന്ന് വിട്ടുനിന്ന കാദംബിനി 1923 ഒക്ടോബറില്‍ ലോകത്തോട് വിടപറയുകയായിരുന്നു.

Similar Posts