വഴികാട്ടിയത് മരണത്തിലേക്ക്... ഒടുവിൽ ആ വഴി 'നീക്കി' ഗൂഗിൾ മാപ്പ് !
|ഗൂഗിൾ മാപ്പ് നോക്കി വണ്ടിയോടിച്ച് മൂന്ന് പേർ കഴിഞ്ഞ ദിവസം നദിയിൽ വീണ് മരിച്ചിരുന്നു
ലഖ്‌നൗ: മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയതിന് പിന്നാലെ തകർന്ന പാലത്തിലേക്കുള്ള വഴി മാപ്പിൽ നിന്ന് നീക്കി ഗൂഗിൾ. യുപിയിലെ ബദൗൻ ജില്ലയിലെ വഴിയാണ് നിർദേശത്തിൽ നിന്ന് ഗൂഗിൾ മാപ്പ് നീക്കിയത്. മാപ്പ് നോക്കി വണ്ടിയോടിച്ച് മൂന്ന് പേർ കഴിഞ്ഞ ദിവസം രാംഗംഗ നദിയിൽ വീണ് മരിച്ചിരുന്നു.
ഗൂഗിൾ മാപ്പ് നോക്കി വിവാഹസംഘം സഞ്ചരിച്ചിരുന്ന വണ്ടി ഞായറാഴ്ചയാണ് നദിയിലേക്ക് വീണ് അപകടമുണ്ടാകുന്നത്. നിതിൻ, അമിത്, അജിത് എന്നീ സഹോദരങ്ങളായിരുന്നു വണ്ടിയിൽ. നോയിഡയിൽ നിന്ന് ബറേലിയിലേക്കായിരുന്നു ഇവരുടെ യാത്ര.
അപകടത്തിന് പിന്നാലെ ഗൂഗിൾ അധികൃതരോട് പൊലീസ് വിവരം തേടുകയും ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. സംഭവം അന്വേഷിക്കുകയാണെന്നും പൊലീസ് അന്വേഷണത്തോട് എല്ലാ സഹകരണവും ഉണ്ടാകുമെന്നുമായിരുന്നു ഗൂഗിൾ അധികൃതരുടെ മറുപടി. തുടർന്നാണിപ്പോൾ വഴി മാപ്പിൽ നിന്ന് ഗൂഗിൾ നീക്കിയിരിക്കുന്നത്.
അപകടത്തിൽ പിഡബ്ല്യുഡി ഉദ്യോഗസ്ഥരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പാലം തകർന്നുവെന്ന് കാട്ടി ഒരു സൂചനാബോർഡ് പോലും പൊതുമരാമത്ത് വകുപ്പ് വച്ചിരുന്നില്ലെന്നും ഇത് അപകടങ്ങൾ വരുത്തിവയ്ക്കുകയാണെന്നും ആരോപണങ്ങളുണ്ടായിരുന്നു. അപകടത്തിൽ സംസ്ഥാന സർക്കാർ റിപ്പോർട്ട് തേടിയിട്ടുണ്ട്.
2003 സെപ്റ്റംബറിലുണ്ടായ പ്രളയത്തിലാണ് മൂഡ ഗ്രാമത്തിലെ ദതാജംഗ്-ഫരീദ്പൂർ റോഡിന് സമീപമുള്ള പാലത്തിന്റെ ഒരു ഭാഗം തകരുന്നത്. അന്ന് തൊട്ട് ഈ ഭാഗത്തേക്ക് വാഹനങ്ങൾ കടത്തി വിട്ടിരുന്നില്ല.