ഗൂഗിൾ ഓഫീസിൽ വ്യാജ ബോംബ് ഭീഷണി; ഒരാൾ പിടിയിൽ
|പൂനെയിലെ ഓഫീസിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് മുംബൈ ഓഫീസിലേക്കാണ് സന്ദേശം ലഭിച്ചത്
മുംബൈ: പൂനെയിലെ ഗൂഗിള്‍ ഓഫീസിൽ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ ഭീഷണി സന്ദേശം. ഗൂഗിളിന്റെ മുംബൈ ഓഫീസിലേക്ക് തിങ്കളാഴ്ച ഭീഷണി ഫോൺകോൾ ലഭിച്ചത്. തുടർന്ന് പൂനെ ഓഫീസിൽ ജാഗ്രത നിർദേശം നൽകി. 'മഹാരാഷ്ട്രയിലെ പൂനെ നഗരത്തിലുള്ള ഗൂഗിൾ കമ്പനിയുടെ ഓഫീസിൽ ബോംബ് ഉണ്ടെന്ന് ഒരു കോൾ ലഭിച്ചതിനെത്തുടർന്ന് അൽപ്പനേരം ജാഗ്രത പുലർത്തിയിരുന്നു.സന്ദേശം വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞെന്ന് പൊലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഫോൺകോൾ വന്നത് ഹൈദരാബാദിൽ നിന്നെന്ന് കണ്ടെത്തി. മണിക്കൂറുകൾക്കുള്ളിൽ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫോൺ വിളിച്ചയാൾ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറയുന്നു.
പൂനെയിലെ മുൻധ്വയിലെ ബഹുനില വാണിജ്യ കെട്ടിടത്തിന്റെ 11-ാം നിലയിലുള്ള ഗൂഗിൾ ഓഫീസിലാണ് ബോംബ് വെച്ചതായി സന്ദേശം ലഭിച്ചത്. സംഭവത്തിൽ മുംബൈയിലെ ബികെസി പൊലീസ കേസ് രജിസ്റ്റർ ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.