'ഇന്ത്യൻ സുഗന്ധദ്രവ്യങ്ങളിൽ മൂത്രവും ചാണകവും'; അപകീർത്തി വീഡിയോകൾ യൂട്യൂബിൽ നിന്ന് നീക്കം ചെയ്യാൻ ഗൂഗിളിനോട് കോടതി
|ഇത്തരം വീഡിയോകൾ സൃഷ്ടിച്ച് അപ്ലോഡ് ചെയ്യുന്നത് പരാതിക്കാരന്റെ ഉൽപ്പന്നങ്ങളെ അപകീർത്തിപ്പെടുത്താനുമുള്ള ബോധപൂർവമായ ശ്രമമാണെന്ന് ഹൈക്കോടതി പറഞ്ഞു.
ന്യൂഡൽഹി: ഇന്ത്യൻ സുഗന്ധദ്രവ്യങ്ങളിൽ മൂത്രവും ചാണകവും അടങ്ങിയിട്ടുണ്ടെന്ന് ആരോപിച്ച് 'ക്യാച്ച്' ഉൾപ്പെടെയുള്ള പ്രമുഖ ബ്രാൻഡുകളെ ലക്ഷ്യം വച്ചുള്ള അപകീർത്തികരമായ വീഡിയോകൾ യൂട്യൂബിൽ നിന്ന് നീക്കം ചെയ്യാൻ ഗൂഗിളിനോട് കോടതി. ഡൽഹി ഹൈക്കോടതിയാണ് വീഡിയോകൾ നീക്കം ചെയ്യാനും തടയാനും ഇന്റർനെറ്റ് ഭീമനായ ഗൂഗിളിനോട് നിർദേശിച്ചത്. വീഡിയോകൾക്കെതിരെ ധരംപാൽ സത്യപാൽ സൺസ് പ്രൈവറ്റ് ലിമിറ്റഡാണ് കോടതിയെ സമീപിച്ചത്.
പ്രതികൾ ഇത്തരം വീഡിയോകൾ സൃഷ്ടിച്ച് അപ്ലോഡ് ചെയ്യുന്നത് പരാതിക്കാരന്റെ ഉൽപ്പന്നങ്ങളെ അപകീർത്തിപ്പെടുത്താനുമുള്ള ബോധപൂർവമായ ശ്രമമാണെന്ന് ബോധ്യപ്പെട്ടതായി ഹൈക്കോടതി പറഞ്ഞു. യൂട്യൂബ് വീഡിയോകൾക്ക് കീഴിലെ കമന്റുകൾ പരിശോധിച്ചാൽ, പൊതുജനങ്ങളെ സ്വാധീനിക്കുകയും അത്തരം തെറ്റായ പ്രസ്താവനകൾ വിശ്വസിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നതായും കോടതി വിലയിരുത്തി.
ഇത് വാദിയായ ധരംപാൽ സത്യപാൽ സൺസ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ തെറ്റായ മുൻവിധി ഉണ്ടാക്കുന്നതാണ്. അപകീർത്തികരമായ വീഡിയോകൾ പൊതുജനങ്ങളിൽ ഒരു വലിയ വിഭാഗം ആളുകൾ ഷെയർ ചെയ്യാനും കാണാനും സാധ്യതയേറെയാണെന്നും ജസ്റ്റിസ് സഞ്ജീവ് നരുല പറഞ്ഞു. ടിവൈആർ, വ്യൂസ് എൻ ന്യൂസ് എന്നീ ചാനലുകളിലാണ് ഇത്തരം വീഡിയോകൾ വന്നത്.
അതേസമയം, വിഷയത്തിൽ നടപടി സ്വീകരിച്ചതെന്നും മൂന്ന് വീഡിയോകളും നീക്കം ചെയ്തതായും ഗൂഗിളിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. 'ക്യാച്ച്' ബ്രാൻഡിന് കീഴിൽ വിറ്റഴിക്കപ്പെടുന്നതുൾപ്പെടെയുള്ള ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങൾക്കെതിരെ അപകീർത്തികരവും അസത്യവുമായ പരാമർശങ്ങൾ അടങ്ങിയ വീഡിയോകൾ ഈ രണ്ട് ചാനലുകൾ ദുരുദ്ദേശ്യത്തോടെ അപ്ലോഡ് ചെയ്തതായി ഹൈക്കോടതി പറഞ്ഞു.
തങ്ങളുടെ രജിസ്റ്റർ ചെയ്ത വ്യാപാരമുദ്രയായ 'ക്യാച്ച്' പ്രകാരം നിർമിക്കുകയും വിൽക്കുകയും ചെയ്യുന്ന ഉൽപ്പന്നങ്ങളെ അപകീർത്തിപ്പെടുത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. എല്ലാ ഇന്ത്യൻ സുഗന്ധദ്രവ്യങ്ങളിലും ഗോമൂത്രവും ചാണകവും ഉണ്ടെന്ന് അവകാശപ്പെടുന്ന വീഡിയോകളെക്കുറിച്ച് അറിഞ്ഞതിനെത്തുടർന്നാണ് അവർ കോടതിയെ സമീപിച്ചത്.
തങ്ങളുടേത് ഉൾപ്പെടെ സുഗന്ധവ്യഞ്ജന വ്യാപാരം നടത്തുന്ന പ്രമുഖ ബ്രാൻഡുകളെയാണ് പ്രതികൾ ലക്ഷ്യം വച്ചതെന്ന് ഹരജിയിൽ പറയുന്നു. തങ്ങളുടെ ഉൽപ്പന്നങ്ങളെ കുറിച്ച് അപകീർത്തികരവും അധിക്ഷേപകരവുമായ പ്രസ്താവനകൾ വീഡിയോയിൽ ഉള്ളതായി പരാതിക്കാരൻ പറഞ്ഞു. തങ്ങൾക്ക് ധാരാളം ഉപഭോക്താക്കളുണ്ടെന്നും തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് നല്ല സുഗന്ധമുണ്ടെന്നും ഉയർന്ന ഗുണനിലവാരവും ശുചിത്വവും പുലർത്തുന്നതായും പതിവ് ഗുണനിലവാര പരിശോധനകൾ നടത്തുന്നുണ്ടെന്നും കമ്പനി പറഞ്ഞു.
പരാതി ഉന്നയിച്ചതിന് ശേഷവും വീഡിയോകൾ യൂട്യൂബിൽ നിന്ന് നീക്കം ചെയ്യാതിരുന്നത് പ്രതികളുടെ ദുരുദ്ദേശ്യത്തെ കൂടുതൽ പ്രകടമാക്കുന്നതായും പരാതിയിൽ പറയുന്നു. തുടർന്ന്, ഹരജിക്കാരന് അനുകൂലമായും പ്രതികളായ രണ്ട് ചാനലുകൾക്കെതിരെയും ഹൈക്കോടതി കേസ് വിധിക്കുകയും യാതൊരു അടിസ്ഥാനവുമില്ലാതെ പരാതിക്കാരന്റെ ഉൽപ്പന്നങ്ങൾക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ വീഡിയോയിൽ ഉണ്ടെന്ന് വ്യക്തമാക്കുകയുമായിരുന്നു.