India
പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാർഥി: ഗോപാൽകൃഷ്ണ ഗാന്ധി പരിഗണനയില്‍, പ്രഖ്യാപനം നാളെ
India

പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാർഥി: ഗോപാൽകൃഷ്ണ ഗാന്ധി പരിഗണനയില്‍, പ്രഖ്യാപനം നാളെ

Web Desk
|
20 Jun 2022 4:30 AM GMT

ശരദ് പവാർ ഗോപാൽകൃഷ്ണ ഗാന്ധിയുമായി സംസാരിച്ചു.

ഡല്‍ഹി: പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാർഥിയെ നാളെ പ്രഖ്യാപിക്കും. പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിന് ശേഷമായിരിക്കും പ്രഖ്യാപനം. ഗോപാൽകൃഷ്ണ ഗാന്ധി സ്ഥാനാര്‍ഥിയാവാനാണ് സാധ്യത. ശരദ് പവാർ ഗോപാൽകൃഷ്ണ ഗാന്ധിയുമായി സംസാരിച്ചു.

പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ കഴിഞ്ഞ ആഴ്ച ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി യോഗം വിളിച്ചിരുന്നു. 22 കക്ഷികളെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും 17 കക്ഷികളാണ് പങ്കെടുത്തത്. ബി.ജെ.ഡി, വൈ.എസ്.ആർ.സി.പി, ആം ആദ്മി, എ.ഐ.എം.ഐ.എം, ടി.ആർ.എസ് എന്നീ പാര്‍ട്ടികള്‍ വിട്ടുനിന്നു.

ആദ്യം ശരദ് പവാറിന്‍റെ പേരാണ് പരിഗണിച്ചിരുന്നത്. എന്നാല്‍ മത്സരിക്കാനില്ലെന്ന് ശരദ് പവാര്‍ അറിയിക്കുകയായിരുന്നു. ഗുലാം നബി ആസാദ്, ഫാറൂഖ് അബ്ദുല്ല ഉള്‍പ്പെടെ പല പേരുകളും പരിഗണനയില്‍ വന്നു. ഗാന്ധിജിയുടെ ചെറുമകന്‍ ഗോപാല്‍കൃഷ്ണ ഗാന്ധിയുടെ പേരാണ് ഏറ്റവും ഒടുവില്‍ കേള്‍ക്കുന്നത്. കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും തൃണമൂല്‍ കോണ്‍ഗ്രസും ഉള്‍പ്പെടെ ഗോപാല്‍കൃഷ്ണ ഗാന്ധിയെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ സമ്മതം അറിയിച്ചിട്ടുണ്ട്. പൊതുസമ്മതനായ സ്ഥാനാർഥിയെ നിർത്തുന്നതിന്‍റെ ഭാഗമായാണ് ഗോപാല്‍കൃഷ്ണ ഗാന്ധിയെ പരിഗണിക്കുന്നത്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വിശാല പ്രതിപക്ഷത്തിന് ശ്രമം തുടരാനും യോഗത്തില്‍ തീരുമാനമായി.

പ്രതിപക്ഷ നേതൃസ്ഥാനം സ്വയം ഏറ്റെടുക്കാൻ ലക്ഷ്യമിട്ടാണ് മമത ബാനര്‍ജി യോഗം വിളിച്ചതെന്ന് കോൺഗ്രസും ഇടതു പാർട്ടികളും ആദ്യം സംശയിച്ചിരുന്നു. യോഗം ബഹിഷ്കരിക്കാൻ ഒരു ഘട്ടത്തിൽ ഇടതു പാര്‍ട്ടികള്‍ ആലോചിച്ചെങ്കിലും പ്രതിപക്ഷ ഐക്യം കണക്കിലെടുത്ത് പങ്കെടുക്കാൻ തീരുമാനിക്കുകയായിരുന്നു. കോൺഗ്രസ് പങ്കെടുക്കുന്നതിൽ പ്രതിഷേധിച്ചാണ് ടിആർഎസ് യോഗത്തിൽ നിന്ന് വിട്ടുനിന്നത്. സ്ഥാനാർഥിയെ തീരുമാനിച്ചതിന് ശേഷം നിലപാട് പ്രഖ്യാപിച്ചാൽ മതിയെന്നാണ് ആം ആദ്മിയുടെ നിലപാട്. നാളത്തെ യോഗത്തില്‍ മമത ബാനര്‍ജി പങ്കെടുക്കില്ല. ബംഗാളിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് തുടരേണ്ട സാഹചര്യം ചൂണ്ടിക്കാട്ടിയാണ് മമത വിട്ടുനില്‍ക്കുന്നത്. തൃണമൂല്‍ പ്രതിനിധിയായി അഭിഷേക് ബാനര്‍ജി യോഗത്തില്‍ പങ്കെടുക്കും.

Similar Posts