പൗരത്വ ഭേദഗതി; പോര്‍ട്ടലും ആപ്പും സജ്ജമാക്കി കേന്ദ്രം
|നിയമം പ്രാബല്യത്തിലായതിന് പിന്നാലെ അസം, ഡല്‍ഹി, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്
ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ അപേക്ഷകള്‍ സ്വീകരിക്കാനുള്ള പോര്‍ട്ടല്‍ സജ്ജമായി. നിയമം ഇന്നലെ പ്രാബല്യത്തില്‍ വന്നതിന് പിന്നാലെയാണ് ആഭ്യന്തരമന്ത്രാലയം പോര്‍ട്ടല്‍ പുറത്തിറക്കിയത്. indiancitizenshiponline.nic.in എന്ന സൈറ്റിലൂടെയാണ് പൗരത്വത്തിന് അപേക്ഷ നല്‍കേണ്ടത്. അപേക്ഷകര്‍ക്ക് സ്വന്തം ഇ മെയില്‍ ഐഡിയും മൊബൈല്‍ നമ്പറും നിര്‍ബന്ധമാണ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അപേക്ഷയുടെ പകര്‍പ്പ് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കണം. ഇന്ത്യക്ക് പുറത്തുള്ളവര്‍ ഇന്ത്യന്‍ കോണ്‍സുലര്‍ ജനറലിനാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
അപേക്ഷ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം സ്ഥിരീകരണത്തിനായി അപേക്ഷയോടൊപ്പം ചേര്‍ത്തിട്ടുള്ള എല്ലാ രേഖകളുടെയും ഒറിജിനല്‍ സഹിതം അപേക്ഷകന്‍ നേരിട്ട് ഹാജരാകണം. തീയതിയും സമയവും ഇ-മെയില്‍/എസ്എംഎസ് മുഖേന അപേക്ഷകനെ അറിയിക്കും. അപേക്ഷകള്‍ സുഗമമാക്കുന്നതിന് 'CAA-2019' എന്ന മൊബൈല്‍ ആപ്ലിക്കേഷനും കേന്ദ്രം പുറത്തിറക്കി.
നിയമം പ്രാബല്യത്തിലായതിന് പിന്നാലെ അസം, ഡല്‍ഹി, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. അസമില്‍ യുണൈറ്റഡ് അസം ഫോറം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുകയാണ്. അസമില്‍ പ്രതിഷേധിച്ച എഎപി സംസ്ഥാന അധ്യക്ഷന്‍ ബബന്‍ ചൗധരിക്ക് പരിക്കേറ്റു. ഡല്‍ഹി സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ വൈകിട്ട് പ്രതിഷേധിക്കും. 2019ലെ പ്രതിഷേധങ്ങളുടെ കേന്ദ്രമായിരുന്ന ഷഹീന്‍ബാഗ് അടക്കം ഡല്‍ഹിയിലെ വിവിധ ഇടങ്ങളിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കി.