തെരഞ്ഞെടുപ്പ് കമ്മിഷണര്‍ നിയമനം മാര്‍ച്ച് 15നകം ഉണ്ടായേക്കും
|മാര്‍ച്ച് 13, 14 തീയതികളില്‍ സെര്‍ച്ച് കമ്മിറ്റി യോഗം ചേരും.
ഡല്‍ഹി: അരുണ്‍ ഗോയല്‍ രാജിവെച്ച ഒഴിവിലേക്കുള്ള തെരഞ്ഞെടുപ്പ് കമ്മിഷണര്‍ നിയമനം ഉടന്‍. മാര്‍ച്ച് 15നകം തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ നിയമിച്ചേക്കും. നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാളിന്റെ നേതൃത്വത്തില്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചു. അഞ്ച് പേരുകള്‍ വീതമുള്ള രണ്ട് പ്രത്യേക പാനലുകള്‍ സെര്‍ച്ച് കമ്മിറ്റി തയ്യാറാക്കും.
ആഭ്യന്തര സെക്രട്ടറിയും, പേഴ്സണല്‍ ആന്‍ഡ് ട്രെയിനിംഗ് സെക്രട്ടറിയും സെര്‍ച്ച് കമ്മിറ്റിയിലുണ്ട്. മാര്‍ച്ച് 13, 14 തീയതികളില്‍ സെര്‍ച്ച് കമ്മിറ്റി യോഗം ചേരും. സെര്‍ച്ച് കമ്മിറ്റി നല്‍കുന്ന പേരുകളില്‍ നിന്ന് പ്രധാനമന്ത്രി അംഗമായ സമിതി 2 പേരുകള്‍ തിരഞ്ഞെടുക്കും. ഇതില്‍ നിന്നും രാഷ്ട്രപതി പേര് അംഗീകരിക്കുന്നതോടെ പുതിയ തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ നിയമനം പൂര്‍ത്തിയാകും.
ലോക്‌സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കഴിഞ്ഞ ദിവസമാണ് അരുണ്‍ ഗോയല്‍ രാജിവെച്ചത്. 2027 വരെ അദ്ദേഹത്തിന് സേവന കാലാവധിയുണ്ടായിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് പറയുന്നു. എന്നാല്‍ പശ്ചിമ ബംഗാളില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ നടത്തിയ സന്ദര്‍ശനത്തിനു പിന്നാലെയായിരുന്നു അരുണ്‍ ഗോയലിന്റെ അപ്രതീക്ഷിത നീക്കം. രാജിയില്‍ പലതരത്തിലുള്ള ആശങ്കകളും സംശയങ്ങളും പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു.