ചമ്പൽ കൊള്ളക്കാരിയെന്ന് പരിഹാസം; ഹിജാബ് ധരിച്ചവരെ പുറത്താക്കി രാജസ്ഥാനിലെ സർക്കാർ സ്‌കൂൾ
|ഭജൻ ലാൽ ശർമ്മയുടെ നേതൃത്വത്തിൽ ബിജെപി സർക്കാറാണ് രാജസ്ഥാൻ ഭരിക്കുന്നത്
രാജസ്ഥാനിലെ സർക്കാർ സ്‌കൂളിൽനിന്ന് ഹിജാബ് ധരിച്ചവരെ പുറത്താക്കി. പീപർ ടൗണിലെ സ്‌കൂളിലാണ് സംഭവം. പുറത്തക്കാപ്പെട്ട വിദ്യാർഥിനികളും രക്ഷിതാക്കളും പ്രതിഷേധിക്കുന്ന വീഡിയോ സഹിതം ഹേറ്റ് ഡിറ്റക്ടറാണ് എക്‌സിൽ വിവരം പങ്കുവെച്ചത്. തങ്ങളെ ചമ്പൽ കൊള്ളക്കാരിയെന്ന് വിളിച്ചെന്നും ഹിജാബ് ധരിച്ചാൽ മാർക്ക് കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാർഥികൾ പറഞ്ഞു. 'എല്ലാ ദിവസവും ഞങ്ങൾ ഭീഷണികൾ നേരിട്ടു, പീഡിപ്പിക്കപ്പെട്ടു' ഹിജാബ് ധരിച്ച വിദ്യാർഥി പറഞ്ഞു.
'ഹിജാബ് ധരിച്ചാൽ മാർക്ക് കുറയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് വളരെ അധാർമികമാണ്' പുറത്തുവന്ന വീഡിയോയിൽ രക്ഷിതാക്കളിലൊരാൾ പറഞ്ഞു. ചമ്പൽ കൊള്ളക്കാരിയെന്ന് തങ്ങളെ വിളിച്ചെന്ന് വിദ്യാർഥിനികളിലൊരാൾ പറയുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
'ഹിജാബ് സ്‌കൂളിൽ അംഗീകരിക്കപ്പെടില്ലെന്ന് അവർ ഞങ്ങൾക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ടിരുന്നു. ഹിജാബ് ധരിക്കുന്നത് തുടർന്നാൽ നിങ്ങളുടെ മാർക്ക് കുറയ്ക്കുമെന്നും പറഞ്ഞു' വിദ്യാർഥിനി വ്യക്തമാക്കി.
എന്നാൽ സർക്കാർ നിർദേശിച്ച വസ്ത്ര ധാരണയോടെ സ്‌കൂളിൽ വരാൻ മാത്രമാണ് തങ്ങൾ പെൺകുട്ടികളോട് ആവശ്യപ്പെട്ടതെന്ന് സ്‌കൂൾ പ്രിൻസിപ്പാൾ ജാഗ്‌രൂക് ജനതയോട് പറഞ്ഞു. സംസ്ഥാനത്തെ സ്‌കൂളുകളിൽ സർക്കാർ പ്രത്യേക വസ്ത്ര ധാരണാ രീതി നിർദേശിച്ചിട്ടുണ്ടെന്നും വിദ്യാർഥികൾ ആ രൂപത്തിൽ മാത്രമേ പോകാവൂവെന്നും കുറച്ച് ദിവസം മുമ്പ് വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ പറഞ്ഞിരുന്നു. ഭജൻ ലാൽ ശർമ്മയുടെ നേതൃത്വത്തിൽ ബിജെപി സർക്കാറാണ് രാജസ്ഥാൻ ഭരിക്കുന്നത്.
2022ൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കർണാടക ശിരോവസ്ത്രം നിരോധിച്ചത് ഏറെ വിവാദമായിരുന്നു. ബിജെപി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാറാണ് നടപടിയെടുത്തത്. അതിന് ശേഷം നടന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയിരുന്നു. തുടർന്ന് മുഖ്യമന്ത്രിയായ സിദ്ധരാമയ്യ ഹിജാബ് വിലക്ക് നീക്കുന്നത് ആലോചനയിലാണെന്ന് കഴിഞ്ഞ വർഷം ഡിസംബറിൽ പറഞ്ഞിരുന്നു.