അധ്യാപകനെ സ്കൂളില്‍ നിന്നും തട്ടിക്കൊണ്ടുപോയി; തോക്കിന്മുനയില് നിര്‍ത്തി വിവാഹം കഴിപ്പിച്ചു
|പെണ്‍കുട്ടിയുടെ പിതാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്
പറ്റ്ന: സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകനെ സ്കൂളില്‍ നിന്നും തട്ടിക്കൊണ്ടുപോയതിനു ശേഷം തോക്ക് ചൂണ്ടി നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചു. ബിഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയുടെ പിതാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ബുധനാഴ്ചയാണ് സംഭവം. പത്തേപൂരിലെ രേപുരയിലെ ഉത്ക്രമിത് മധ്യവിദ്യാലയത്തിലെ അധ്യാപകനായ ഗൗതം കുമാറിനെയാണ് തട്ടിക്കൊണ്ടുപോയത്. ബിഹാര്‍ പബ്ലിക് സര്‍വീസ് കമ്മീഷന് പരീക്ഷ പാസായ ഗൗതം ഈയിടെയാണ് സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചത്. മൂന്നോ നാലോ പേരടങ്ങുന്ന സംഘം വാഹനത്തിലെത്തി കുമാറിനെ സ്കൂളില്‍ നിന്നും ബലമായി തട്ടിക്കൊണ്ടുപോവുകയായിരുന്നു. റേപുര ഗ്രാമത്തിലെ രാകേഷ് റായിയുടെ മകളെയാണ് ഗൗതമിന് വിവാഹം കഴിക്കേണ്ടി വന്നതെന്ന് മഹേയ മാൽപൂർ ഗ്രാമവാസിയായ കുമാർ പൊലീസിനോട് പറഞ്ഞു. തനിക്ക് ഈ വിവാഹത്തോട് താല്പര്യമില്ലെന്ന് കുമാര്‍ വ്യക്തമാക്കി.
സംഭവം അറിഞ്ഞതോടെ കുമാറിന്റെ കുടുംബം ബുധനാഴ്ച രാത്രി മഹുവ-താജ്പൂർ റോഡ് ഉപരോധിച്ചു. തുടര്‍ന്ന് പടേപൂര്‍ പൊലീസ് നടത്തിയ പരിശോധനയില്‍ വ്യാഴാഴ്ചയാണ് അധ്യാപകനെ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ ബന്ധുക്കളുമായും സംസാരിക്കുന്നുണ്ടെന്നും അധ്യാപകന് കോടതിയില്‍ മൊഴി രേഖപ്പെടുത്തുമെന്നും പടേപൂർ പൊലീസ് സ്റ്റേഷന്റെ അഡീഷണൽ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് ഹസൻ സർദാർ പറഞ്ഞു.
വരനെ തട്ടിക്കൊണ്ടുപോയി തോക്കിന്മുനയില് നിര്‍ത്തി വിവാഹം കഴിപ്പിക്കുക എന്നത് ബിഹാര്‍, ഝാർഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ സാധാരണമാണ്. 'പകദ്വാ വിവാഹ്' എന്നാണ് ഇത് അറിയപ്പെടുന്നത്. സാമൂഹ്യമായും സാമ്പത്തികമായും മെച്ചപ്പെട്ട അവസ്ഥയിലുള്ളവരെ ആയിരിക്കും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോകുന്നത്. വിവാഹത്തിന് സമ്മതിച്ചില്ലെങ്കില്‍ ക്രൂരമായി മര്‍ദിക്കുകയും ചെയ്യും.
കഴിഞ്ഞ വര്‍ഷം ജൂണില്‍ സമാനസംഭവം നടന്നിരുന്നു. അസുഖം ബാധിച്ച മൃഗത്തെ പരിശോധിക്കാനെന്ന വ്യാജേനെ വിളിച്ചുവരുത്തി മൃഗഡോക്ടറെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിക്കുകയായിരുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു എഞ്ചിനിയറെ തട്ടിക്കൊണ്ടുപോയത് വാര്‍ത്തയായിരുന്നു. ബൊക്കാറോ സ്റ്റീൽ പ്ലാന്റിലെ ജൂനിയർ മാനേജരായ വിനോദ് കുമാറിനെയാണ് തട്ടിക്കൊണ്ടുപോയത്. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് പട്നയിലെ പണ്ടാരക് ഏരിയയിൽ വച്ച് വിനോദിനെ മര്‍ദിക്കുകയായിരുന്നു. വരന്റെ വേഷം ധരിച്ച് ഇത്തരം ദുരാചാരങ്ങള്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള വിനോദിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.